Home Blog Page 116

തിരുവനന്തപുരം വിഴിഞ്ഞത്ത് കടല്‍ വെള്ളരി വേട്ട

തിരുവനന്തപുരം വിഴിഞ്ഞത്ത് കോടികളുടെ കടല്‍ വെള്ളരി വേട്ട. കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി.
ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഒപ്പം ഈ ജീവികളെ കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും കുറ്റകൃത്യമാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജീഷ് , അജി എന്നീ പ്രതികളെയും പിടികൂടിയിട്ടുണ്ട്.
വെള്ളരിക്കയോട് രൂപ സാദൃശ്യമുള്ളൊരു സമുദ്രജീവിയാണ് കടല്‍ വെള്ളരി. കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഈ ജീവികള്‍ കടലിലെ ശുചീകരണ തൊഴിലാളികള്‍ കൂടിയാണ്. ജൈവാവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കടല്‍ത്തട്ടിലെ മണ്ണിനെ ശുദ്ധീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

250 കോടി പിന്നിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; ഇനി ലക്ഷ്യം എമ്പുരാനും ലോകയും

കൊച്ചി: നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ആഗോള കളക്ഷന്‍ 250 കോടി രൂപ പിന്നിട്ടതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിലും ചിത്രം അതിവേഗം മുന്നേറി.
പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഒറ്റ ദിവസത്തെ മുന്നേറ്റത്തില്‍ തന്നെ ‘തുടരും’, ‘വാഴ 2’, ‘ദൃശ്യം 3’, ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മുന്നേറിയത്. ‘തുടരും’ 234235 കോടിയും ‘വാഴ 2’ ഏകദേശം 234236 കോടിയും നേടിയപ്പോള്‍ ‘ദൃശ്യം 3’ 238.61 കോടിയും ‘മഞ്ഞുമ്മല്‍ ബോയ്സ്’ 242.30 കോടിയുമാണ് ആഗോളതലത്തില്‍ നേടിയത്.

250 കോടി പിന്നിട്ടതോടെ മലയാള സിനിമയുടെ ആഗോള കളക്ഷന്‍ പട്ടികയില്‍ മുന്‍നിരയിലേക്ക് ചിത്രം എത്തി. ഇനി മുന്നിലുള്ളത് ‘എമ്പുരാന്‍’, ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം. ‘എമ്പുരാന്‍’ 265268 കോടി രൂപയും ‘ലോക’ 300 കോടിക്ക് മുകളിലുമാണ് നേടിയിട്ടുള്ളത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ‘എമ്പുരാനെ’ മറികടക്കാനുള്ള സാധ്യതയും ശക്തമാണ്. അതിന് പിന്നാലെ 300 കോടി ക്ലബ്ബാണ് ചിത്രത്തിന്റെ അടുത്ത ലക്ഷ്യം.

നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി, ആദ്യ 250 കോടി ചിത്രമെന്ന പ്രത്യേകതയും ‘ബെത്ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ‘പ്രേമം’ കാലത്തെ സ്വാഭാവികമായ സ്‌ക്രീന്‍ പ്രസന്‍സും കുടുംബപ്രേക്ഷകരുമായുള്ള അടുപ്പവും വീണ്ടും വലിയ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിലയിരുത്തല്‍. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിതെന്ന് നിവിന്‍ പോളിയും പ്രതികരിച്ചിരുന്നു.

മമിത ബൈജുവിനും ചിത്രത്തിന്റെ വിജയം നിര്‍ണായകമാണ്. 2026ല്‍ 200 കോടി പിന്നിട്ട മൂന്ന് ചിത്രങ്ങളുടെ ഭാഗമായ ഏക ഇന്ത്യന്‍ നടിയാണ് മമിതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജനനായകന്‍’, ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നിവയാണ് ഈ ചിത്രങ്ങള്‍.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന് കുടുംബപ്രേക്ഷകരില്‍നിന്നാണ് പ്രധാനമായും മികച്ച പ്രതികരണം ലഭിച്ചത്. റിലീസിന്റെ മൂന്നാം വാരത്തിലും കളക്ഷനില്‍ കാര്യമായ ഇടിവില്ലാതെ ചിത്രം മുന്നേറുകയാണ്. പതിനഞ്ചാം ദിവസം ഇന്ത്യയിലെ കളക്ഷനില്‍ 44 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ പതിനാറാം ദിവസവും വളര്‍ച്ച തുടരുകയായിരുന്നു. ശക്തമായ വാക്ക് ഓഫ് മൗത്താണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്.

സംവിധായകന്‍ ഗിരീഷ് എ.ഡി. ഉള്‍പ്പെടെ ചിത്രത്തിന്റെ മുഴുവന്‍ ടീമിനുമുള്ള വലിയ വിജയമായാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ നേട്ടം വിലയിരുത്തപ്പെടുന്നത്. മൂന്നാം വാരത്തിലും തിയേറ്ററുകളില്‍ ശക്തമായി തുടരുന്ന കുടുംബചിത്രമെന്ന നിലയില്‍ ചിത്രം ഇതിനകം ശ്രദ്ധേയമായി. ഇനി ‘എമ്പുരാനെ’ മറികടക്കുമോ, 300 കോടി പിന്നിട്ട് ‘ലോക’യ്ക്ക് വെല്ലുവിളിയാകുമോ എന്ന ആകാംക്ഷയിലാണ് ബോക്സ് ഓഫീസ് നിരീക്ഷകരും പ്രേക്ഷകരും.

തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിത്തം… നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവല്ല: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിത്തം. നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയുള്‍പ്പെടെയുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലായിരുന്നു അപകടം. കങ്ങഴ സ്വദേശി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് തീപിടിത്തമുണ്ടായത്.
ബോണറ്റിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഇന്ന് മാത്രം വിവിധ ജില്ലകളില്‍ നടന്ന വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ഏഴ് പേരുടെ ജീവന്‍

ഇന്ന് മാത്രം വിവിധ ജില്ലകളില്‍ നടന്ന നാല് വാഹനാപകടങ്ങളിലായി ഏഴ് പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. മലപ്പുറത്ത് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരുവള്ളൂര്‍ സ്വദേശികളായ ആരിഫ്, ജംഷീര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഇടിമുഴിക്കലില്‍ വെളുപ്പിന് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്‍ കയറ്റിവന്ന ലോറിയും കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കുന്നംകുളത്ത് ബൈക്കില്‍ കാറിടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ബൈക്ക് യാത്രികരായ മൂന്ന് പേരാണ് മരിച്ചത്. എടക്കഴിയൂര്‍ ഖാദരിയ്യ പള്ളിക്കുസമീപം താഴത്തുവീട്ടില്‍ മുനീര്‍ (33), ഭാര്യ ഷിഫ്‌ന (26), മകള്‍ എമില്‍ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂരില്‍ പുലര്‍ച്ചെ മൂന്നിനുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക പ്രജീഷ് (31) ആണ് മരിച്ചത്. ഗുരുവായൂരിലെ ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം. പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാര്‍ത്തിക(35) ആണ് മരിച്ചത്. എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് അപകടം.

വൃക്കകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഭക്ഷണക്രമം, വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കുന്ന പച്ചക്കറികൾ, പൊട്ടാസ്യം കുറഞ്ഞ പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. വൃക്കകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.

Also Read: ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ്, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

വൃക്കകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഭക്ഷണക്രമം, വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കുന്ന പച്ചക്കറികൾ, പൊട്ടാസ്യം കുറഞ്ഞ പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. വൃക്കകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.

ക്യാബേജിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണ്

ക്യാബേജിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണ്. അതിനാൽ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടവർക്കോ വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കേണ്ടവർക്കോ ഇത് സഹായകമാണ്. ക്യാബേജിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്ന പ്രത്യേക സസ്യ സംയുക്തങ്ങളും (ഫൈറ്റോകെമിക്കലുകൾ) ആന്റിഓക്‌സിഡന്റുകളും ക്യാബേജിൽ അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി ഉയർന്ന രക്തസമ്മർദ്ദത്തിൽ നിന്ന് സംരക്ഷണം നൽകുന്നു

ഭക്ഷണത്തിന് രുചി നൽകാൻ വെളുത്തുള്ളി സഹായിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന അല്ലിസിൻ (allicin) പോലുള്ള സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള സവാള വൃക്കകളെ സംരക്ഷിക്കും

ഹൃദ്രോഗസാധ്യത കുറയ്ക്കാനും പലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ് ക്വെർസെറ്റിൻ. പൊട്ടാസ്യം കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള സവാള, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്ന ധാതുവായ ക്രോമിയത്തിന്റെ മികച്ച ഉറവിടം കൂടിയാണ്.

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ക്രെൻബെറികൾ പതിവായി കഴിക്കുന്നത് മൂത്രസഞ്ചിയിലെ അണുബാധയിൽ നിന്ന് സംരക്ഷണം നൽകിയേക്കാം

ക്രെൻബെറികൾ പതിവായി കഴിക്കുന്നത് ബാക്ടീരിയകൾ മൂത്രസഞ്ചിയുടെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്നത് തടയുന്നതിലൂടെ മൂത്രസഞ്ചിയിലെ അണുബാധയിൽ നിന്ന് സംരക്ഷണം നൽകിയേക്കാം. അൾസറിന് കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് ആമാശയത്തെ സംരക്ഷിക്കാനും, കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ച് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ക്രാൻബെറികൾ സഹായിച്ചേക്കാം.

കോളിഫ്ലവറിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്

കോളിഫ്ലവറിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റിന്റെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണിത്. കോശസ്തരങ്ങൾക്കും ഡിഎൻഎയ്ക്കും കേടുപാടുകൾ വരുത്തിയേക്കാവുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാൻ കരളിനെ സഹായിക്കുന്ന ഇൻഡോൾസ് , ഗ്ലൂക്കോസിനോലേറ്റ്സ് തുടങ്ങിയ സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ്, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ന്യൂഡൽഹി: ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതുവരെ 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ ഡൽഹി പൊലീസ് കെട്ടിട ഉടമക്കെതിരെ കേസെടുത്തു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സ്ഥലത്തെത്തി. 17 ആംബുലൻസുകൾ എത്തി. 7 പേരെ രക്ഷപെടുത്തി.

Also Read: മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷ

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും. കൂടുതൽ അംഗ എൻഡിആർഎഫ് സംഘം പുറപ്പെട്ടു. ലഫ്. ഗവർണർ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്നും ​ഗവർണർ തരൺജിത് സിംഗ് സന്ധു പറഞ്ഞു. 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയെന്ന് ഡൽഹി സർവകലാശാല സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റ് ആര്യൻ മാൻ പറഞ്ഞു. ഇതുവരെ ആരും മരിച്ചതായി വിവരമില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിമർശനവുമായി സിജെപി നേതാവ് അഭിജിത് ദിപ്കെ രംഗത്തെത്തി. രക്ഷാപ്രവർത്തനത്തിലുള്ളത് പ്രദേശവാസികൾ മാത്രമാണെന്നും അധികൃതർ സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപമുള്ള ‘ഹോട്ടൽ ഡെയ്സ്’ എന്ന അഞ്ചു നില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് വൻ അപകടം ഉണ്ടായത്. ഉച്ചക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ അടക്കം മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇനി എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌തയും അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷ

കെയ്റോ: മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷയ്ക്ക് വിധിച്ച് ഈജിപ്തിലെ കോടതി. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കി അവതരിപ്പിച്ചിരുന്ന മിഷൻ ഇംപോസിബിൾ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനശ്രദ്ധ നേടിയ സാറ ഖലീഫയേയും മറ്റ് 11 പേരെയുമാണ് കെയ്റോ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്.

Also Read: വലിപ്പം വച്ച് ആഫ്രിക്ക; ടോഗോ മാറ്റിയെഴുതിയ ലോക ഭൂപട ചരിത്രം

ആകെ പ്രതികളായവരിൽ ഒമ്പത് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോൾ ഏഴ് പേരെ കോടതി കുറ്റവിമുക്തരാക്കി. ഇതുകൂടാതെ ഒരു കോസ്മെറ്റിക് സർജറി ക്ലിനിക്കും പാർട്ടി ഇവന്റുകൾ സംഘടിപ്പിക്കുന്ന പ്രൊഡക്ഷൻ കമ്പനിയും സ്വന്തമായി നടത്തുന്ന വ്യക്തി കൂടിയാണ് സാറ ഖലീഫ.സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുന്നതിനായി വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രതികൾ സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സംഘത്തിലെ ഓരോ അംഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യൽ, മയക്കുമരുന്ന് നിർമ്മാണം, വിതരണം എന്നിങ്ങനെ വേറിട്ട ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.

അന്വേഷണത്തിനിടെ 750 കിലോയിലധികം മയക്കുമരുന്നും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും അധികൃതർ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് നിർമ്മാണ ലാബുകളായി ഉപയോഗിച്ചിരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സാറ ഖലീഫ നിഷേധിച്ചു. ആൻ്റി-നാർക്കോട്ടിക് അതോറിറ്റിയുടെ ഓഫീസിൽ വെച്ച് മയക്കുമരുന്നിനൊപ്പം ഫോട്ടോ എടുത്തപ്പോൾ മാത്രമാണ് താൻ ജീവിതത്തിൽ ആദ്യമായി മയക്കുമരുന്ന് കണ്ടതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർ ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും 20 സാക്ഷികളുടെ മൊഴികളും സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്ന സാങ്കേതിക, ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ കേസ് മുന്നോട്ട് കൊണ്ടുപോയത്.2025 ഏപ്രിലിൽ കെയ്റോയിൽ വച്ചാണ് കേസിനാസ്പദമായ അന്വേഷണവുമായി ബന്ധപ്പെട്ട് സാറ അറസ്റ്റിലാകുന്നത്. ഈജിപ്ഷ്യൻ നിയമപ്രകാരം വധശിക്ഷ വിധിക്കുന്ന കേസുകളിൽ അന്തിമവിധിക്ക് മുമ്പ് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായത്തിനായി കേസ് അയക്കാറുണ്ട്.

ഇത്തരത്തിൽ മുഫ്തിക്ക് കേസ് കൈമാറിയ ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്. ശിക്ഷിക്കപ്പെട്ട സാറയ്ക്കും മറ്റ് പ്രതികൾക്കും ഈജിപ്തിലെ ഏറ്റവും ഉയർന്ന ക്രിമിനൽ കോടതിയായ കോർട്ട് ഓഫ് കസേഷനിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ഇതിനുപുറമേ, ഒരു യുവാവിനെ തട്ടിയെടുത്ത് മർദ്ദിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സാറ ഖലീഫയ്ക്കും മറ്റ് ചിലർക്കും കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകം, ഭീകരവാദം, പീഡനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഈജിപ്തിൽ ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നുണ്ട്.

വലിപ്പം വച്ച് ആഫ്രിക്ക; ടോഗോ മാറ്റിയെഴുതിയ ലോക ഭൂപട ചരിത്രം

നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന മെർക്കേറ്റർ ഭൂപടത്തിന് പകരം ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം കാണിക്കുന്ന ‘ഇക്വൽ എർത്ത്’ ഭൂപടം ഉപയോഗിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ടോഗോയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ‘കറക്ട് ദ മാപ്പ്’ പ്രമേയത്തിന് 164 രാജ്യങ്ങൾ പിന്തുണ നൽകിയപ്പോൾ അമേരിക്ക എതിർത്തു. ഈ മാറ്റം രാജ്യങ്ങളുടെ അതിർത്തികളെ ബാധിക്കില്ല.

Also Read: സംസ്ഥാന സ്കൂൾ കായികമേളയുടെ ആതിഥേയത്വം കോഴിക്കോട് ഉറപ്പിച്ചു, ഒക്ടോബർ 25 മുതൽ 31 വരെ; പ്രധാന വേദി എൻഐടി

നൂറ്റാണ്ടുകളായി ലോകം കണ്ട് പരിചയിച്ച ഭൂപടത്തിന്‍റെ രൂപം മാറ്റി ഐക്യരാഷ്ട്ര സഭ. ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ‘ഇക്വൽ എർത്ത്’ ലോകഭൂപടത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രമേയത്തിന് യുഎൻ പൊതുസഭ അംഗീകാരം നൽകി. നിലവിൽ സ്കൂളുകളിലും മാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഉപയോഗിക്കുന്ന 16 -ാം നൂറ്റാണ്ടിലെ ‘മെർക്കേറ്റർ’ ഭൂപടത്തിൽ നിന്നുള്ള മാറ്റത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

പഴയ ഭൂപടത്തിന്‍റെ പ്രശ്നമെന്ത്?

1569 -ൽ ഫ്ലെമിഷ് ഭൂപട നിർമാതാവായ ജെറാർഡസ് മെർക്കേറ്റർ കടൽയാത്ര സുഗമമാക്കുന്നതിനായി വികസിപ്പിച്ചതാണ് മെർക്കേറ്റർ മാതൃക. ദിശകൾ കൃത്യമായി അടയാളപ്പെടുത്തുന്നതിനാൽ നാവികർക്ക് ഏറെ പ്രയോജനപ്പെട്ടെങ്കിലും ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം ഇതിൽ വലിയ തോതിൽ വികൃതമാകുന്നു.

ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ പരന്ന കടലാസിലേക്ക് മാറ്റുമ്പോൾ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം അനിവാര്യമാണ്. മെർക്കേറ്റർ മാതൃകയിൽ ധ്രുവങ്ങളോട് ചേർന്നുള്ള വടക്കേ അമേരിക്ക, യൂറോപ്പ്, റഷ്യ, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങൾ യഥാർഥത്തേക്കാൾ വളരെ വലുതായി കാണപ്പെടുന്നു. അതേസമയം ഭൂമധ്യരേഖയോട് അടുത്തുള്ള ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ മേഖലകൾ താരതമ്യേന ചെറുതായി തോന്നും.

ഇതിന്‍റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ആഫ്രിക്കയും ഗ്രീൻലാൻഡും. പഴയ ഭൂപടത്തിൽ ഇവ രണ്ടും ഏകദേശം ഒരേ വലുപ്പമുള്ളതായി തോന്നും. എന്നാൽ യഥാർഥത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാൻഡിന്‍റെ പതിനാലിരട്ടിയോളം വലുപ്പമുണ്ട്. ഭൂഖണ്ഡങ്ങളുടെ ഈ യഥാർഥ അനുപാതം കൂടുതൽ കൃത്യമായി കാണിക്കുന്നതാണ് 2018 -ൽ വികസിപ്പിച്ച ‘ഇക്വൽ എർത്ത്’ മാതൃക.

‘കറക്ട് ദ മാപ്പ്’


ആഫ്രിക്കൻ യൂണിയന്‍റെ പിന്തുണയോടെ പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോയാണ് ‘കറക്ട് ദ മാപ്പ്’ പ്രമേയത്തിന് നേതൃത്വം നൽകിയത്. ആഫ്രിക്കയെ ചെറുതായി കാണിക്കുന്ന ഭൂപടം ഭൂഖണ്ഡത്തെക്കുറിച്ചുള്ള ലോകത്തിന്‍റെ പൊതുബോധത്തെയും വിദ്യാഭ്യാസത്തെയും രാഷ്ട്രീയ – സാമ്പത്തിക കാഴ്ചപ്പാടുകളെയും പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളുടെ വാദം.

“നീതിപൂർവമായ ഒരു ലോകം ആരംഭിക്കുന്നത് നീതിപൂർവമായ ഒരു ഭൂപടത്തിൽ നിന്നാണ്,” എന്നാണ് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി പറഞ്ഞത്. വർഷാവസാനത്തോടെ രാജ്യത്തെ സ്കൂൾ ഭൂമിശാസ്ത്ര പാഠപുസ്തകങ്ങളിൽ പുതിയ ഭൂപടം ഉൾപ്പെടുത്തുമെന്ന് ടോഗോ പ്രഖ്യാപിച്ചു. മറ്റ് സർക്കാരുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സാങ്കേതിക കമ്പനികളോടും പുതിയ മാതൃക സ്വീകരിക്കാൻ അഭ്യർഥിക്കുമെന്നും ടോഗോ അറിയിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

164 രാജ്യങ്ങളുടെ പിന്തുണ; എതിർത്തത് അമേരിക്ക മാത്രം

യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. സെർബിയ, എസ്റ്റോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, യുക്രെയ്ൻ എന്നീ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഈ രാജ്യങ്ങൾ വിട്ടുനിന്നതിന്‍റെ പ്രത്യേക കാരണങ്ങൾ യുഎൻ വോട്ടെടുപ്പിനിടെ വിശദീകരിച്ചിട്ടില്ല.

പുതിയ ഭൂപടത്തിനായുള്ള നീക്കം ശാസ്ത്രീയ വിഷയത്തെക്കാൾ ഒരു “ആശയപരമായ അജൻഡ” മുന്നോട്ട് കൊണ്ട് പോകുന്നതാണെന്നാണ് അമേരിക്കയുടെ നിലപാട്. അന്താരാഷ്ട്ര സമാധാനം, സാമ്പത്തിക പുരോഗതി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന അനാവശ്യ പ്രമേയമാണിതെന്നും യുഎസ് പ്രതിനിധി വിമർശിച്ചു. എന്നിരുന്നാലും എതിർത്ത ഏക രാജ്യമെന്ന നിലയിൽ അമേരിക്കയുടെ വോട്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

അതിർത്തികൾ മാറരുതെന്ന് ഇന്ത്യ

ഇന്ത്യ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ലോകത്തിന്‍റെ വിവിധ മേഖലകളുടെ ഭൂവിസ്തൃതി കൂടുതൽ നീതിപൂർവമായും കൃത്യമായും അവതരിപ്പിക്കണമെന്ന ലക്ഷ്യത്തെ ഇന്ത്യ പിന്തുണച്ചു. എന്നാൽ, പുതിയ ഭൂപടത്തിന്‍റെ പേരിൽ രാജ്യങ്ങളുടെ അതിർത്തികളിലോ പരമാധികാരത്തിലോ മാറ്റമുണ്ടാകരുതെന്നും ഇന്ത്യ വ്യക്തമാക്കി.

ജമ്മു – കശ്മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്ന നിലപാട് ഇന്ത്യ യുഎന്നിൽ ആവർത്തിച്ചു. അതിനാൽ പുതിയ ഭൂപട മാതൃകയ്ക്കുള്ള പിന്തുണയെ തർക്കപ്രദേശങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കരുതെന്ന് ഇന്ത്യ വിശദീകരിച്ചു.

നിബന്ധന വച്ച് യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയനും അംഗരാജ്യങ്ങളും പ്രമേയത്തിന്‍റെ ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ ലക്ഷ്യത്തെ പിന്തുണച്ചു. പ്രത്യേകിച്ച് ആഫ്രിക്കയുടെ ഭൂവിസ്തൃതി കൂടുതൽ കൃത്യമായി അവതരിപ്പിക്കുന്നത് ഭൂമിശാസ്ത്ര പഠനത്തിനും പൊതുബോധത്തിനും സഹായിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിലയിരുത്തി.

അതേസമയം പുതിയ ഭൂപടം ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വലുപ്പം കാണിക്കുന്നതിനായി മാത്രമായിരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരം, തർക്കപ്രദേശങ്ങളുടെ പദവി, രാജ്യാന്തര അതിർത്തികൾ എന്നിവയെ ഈ പ്രമേയം ബാധിക്കില്ല. ഏതെങ്കിലും രാജ്യത്തിന്‍റെ അവകാശവാദം അംഗീകരിക്കുന്നതായി ഇതിനെ വ്യാഖ്യാനിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി വിശദമാക്കി.

പഴയ ഭൂപടം ഉപേക്ഷിക്കാൻ ഫ്രാൻസ്

പുതിയ നീക്കത്തിന് ഫ്രാൻസ് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. മെർക്കേറ്റർ മാതൃകയ്ക്ക് പകരം യഥാർഥ ഭൂവിസ്തൃതി കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഭൂപടങ്ങൾ ഔദ്യോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ – നോയൽ ബാരോ അറിയിച്ചു.

ഭൂപടം മാറ്റുന്നതിലൂടെ ലോകം മാറില്ലെങ്കിലും ലോകത്തെ വികലമായി ചിത്രീകരിക്കുന്ന രീതി തിരുത്തുന്നത് സത്യത്തിലേക്കുള്ള ഒരു ചുവടുവയ്പാണെന്നാണ് ഫ്രാൻസിന്‍റെ നിലപാട്. ആഫ്രിക്കയിലെ മുൻ കോളനികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഫ്രാൻസിന്‍റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നു.

ഭൂപടം മാറുമ്പോൾ അതിർത്തികൾ മാറുമോ?

ഇല്ല. പുതിയ ഭൂപടം അംഗീകരിച്ചതിലൂടെ ഒരു രാജ്യത്തിന്‍റെയും അതിർത്തിയോ വിസ്തീർണമോ പരമാധികാരമോ മാറുന്നില്ല. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും വലുപ്പം കടലാസിലോ സ്ക്രീനിലോ എങ്ങനെ ചിത്രീകരിക്കണമെന്നതിൽ മാത്രമാണ് ഈ മാറ്റം.

യുഎൻ പ്രമേയം നിയമപരമായി നിർബന്ധിതവുമല്ല. പഴയ മെർക്കേറ്റർ ഭൂപടത്തിന്‍റെ ഉപയോഗം നിരോധിച്ചിട്ടുമില്ല. ദിശകൾ കൃത്യമായി കാണിക്കുന്നതിനാൽ നാവിക – വ്യോമ ഗതാഗത മേഖലകളിൽ മെർക്കേറ്റർ മാതൃക തുടർന്നും ഉപയോഗിക്കാം. എന്നാൽ, ഭൂഖണ്ഡങ്ങളുടെ വലുപ്പം താരതമ്യം ചെയ്യുന്നതിനും ഭൂമിശാസ്ത്രം പഠിപ്പിക്കുന്നതിനും ‘ഇക്വൽ എർത്ത്’ മാതൃക കൂടുതൽ അനുയോജ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇനി എന്ത് സംഭവിക്കും?

സ്കൂൾ പാഠപുസ്തകങ്ങൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ, അറ്റ്‌ലസുകൾ, മാധ്യമങ്ങൾ, വാർത്താമുറികൾ, ഗൂഗിൾ പോലുള്ള ഡിജിറ്റൽ മാപ്പിങ് സേവനങ്ങൾ എന്നിവയിൽ പുതിയ ഭൂപടം ക്രമേണ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഓരോ രാജ്യത്തിനും സ്ഥാപനത്തിനും ഏത് ഭൂപട മാതൃക ഉപയോഗിക്കണമെന്ന് സ്വതന്ത്രമായി തീരുമാനിക്കാം.

അങ്ങനെ, യുഎൻ തീരുമാനത്തോടെ ലോകത്തിന്‍റെ ഭൂമിശാസ്ത്രമല്ല മാറുന്നത്. ലോകത്തെ നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് തിരുത്തപ്പെടുന്നത്. നൂറ്റാണ്ടുകളായി ഭൂപടത്തിൽ ചെറുതാക്കപ്പെട്ട ആഫ്രിക്കയ്ക്ക് അതിന്‍റെ യഥാർഥ വലുപ്പവും ദൃശ്യപ്രാധാന്യവും തിരിച്ച് നൽകുന്നതാണ് ഈ ചരിത്രപരമായ തീരുമാനത്തിന്‍റെ പ്രധാന സന്ദേശം.

സംസ്ഥാന സ്കൂൾ കായികമേളയുടെ ആതിഥേയത്വം കോഴിക്കോട് ഉറപ്പിച്ചു, ഒക്ടോബർ 25 മുതൽ 31 വരെ; പ്രധാന വേദി എൻഐടി

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also Read: ശാസ്‌താംകോട്ട തടാകത്തിൽ ജീവനൊടുക്കിയ  നവദമ്പതികളായ യുവാവിൻ്റെയും യുവതിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും കായിക മന്ത്രി വിവിരിച്ചിരുന്നു. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാൾ കോഴിക്കോടാണെന്നും ജനീഷ് അഭിപ്രായപ്പെട്ടിരുന്നു. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‍റെ പ്രതികരണം.

വേദിമാറ്റത്തിൽ അവസാനിക്കാതെ വിവാദം

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമാണ് 2026 ലെ വേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാകയും ഏറ്റുവാങ്ങി. എന്നാൽ പിന്നീട് അധികാരമേറ്റ യു ഡി എഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. കായികമേളക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്നും വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു. വേദിമാറ്റം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്നും വാർത്തകളുണ്ടായിരുന്നു. എങ്കിലും കണ്ണൂരിന്‍റെ പരാതി അടുത്ത വർഷം പരിഹരിക്കാമെന്ന് എൻ ഷംസുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ശാസ്‌താംകോട്ട തടാകത്തിൽ ജീവനൊടുക്കിയ  നവദമ്പതികളായ യുവാവിൻ്റെയും യുവതിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ശാസ്താംകോട്ട:ശാസ്‌താംകോട്ട തടാകത്തിൽ മുങ്ങിമരിച്ച നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26),മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നന്നാണ് പ്രാഥമിക നിഗമനം.അമ്പലക്കടവിൽ നിന്നും ഞായർ രാവിലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽ നിന്നും രാജീവിൻ്റെ മൃതദേഹവും കണ്ടെത്തി.മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമെന്ന് പോലീസ് അറിയിച്ചു.ഞായർ പുലർച്ചെയാണ് ഇരുവരും കായലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം.പിന്നീട് വാടക വീട്ടിലായിരുന്നു താമസം.രണ്ടുപേരും സ്വന്തം വീടുകളിലേക്ക് പോകുകയോ,വീട്ടുകാർ ഇവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിംഗ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്.പൂയപ്പള്ളി പൊലീസ് കഴിഞ്ഞ മാസം ഇരുവരെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു.ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല.ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ ചന്ദ്രയുടെ നേതൃത്വത്തിൽ,സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ അജിത്,കുമാർ,മനോജ് കുമാർ,സ്കൂബ ടീം അംഗങ്ങൾ ഗോപൻ,ഷാനവാസ്‌, രാജേഷ്,ഫയർ ആൻഡ്.റെസ്ക്യൂ ഓഫീസർമാരായ പ്രമോദ്,ശ്രീകുമാർ,ഹോം ഗർഡ് പ്രദീപ്,ശിവപ്രസാദ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.