തുണ്ടിൽ നൗഷാദ്
ഒരു നാടിന്റെ വികസനം ആ നാടിന്റെ പൈതൃകത്തെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടാകരുത്.
ശാസ്താംകോട്ട ക്ഷേത്രം, അവിടുത്തെ വാനരന്മാർ, ശാസ്താംകോട്ട കായൽ, ശാസ്താംകോട്ട ആശുപത്രി, ശാസ്താംകോട്ട ചന്ത, ശാസ്താംകോട്ട കോളേജ്…
ഇവ വെറും കെട്ടിടങ്ങളോ സ്ഥാപനങ്ങളോ മാത്രമല്ല. ഒരു നാടിന്റെ ചരിത്രവും സംസ്കാരവും ഓർമ്മകളും തലമുറകളുടെ ജീവിതവുമായി ചേർന്നുനിൽക്കുന്ന അടയാളങ്ങളാണ്.
പക്ഷേ ഇന്ന് ശാസ്താംകോട്ടയുടെ വികസനത്തിന്റെ പേരിൽ, ഈ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന് പകരം അവയെ ഓരോന്നായി ഇല്ലാതാക്കുന്ന സമീപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ആശങ്ക പങ്കുവയ്ക്കുകയാണ്.
ശാസ്താംകോട്ട താലൂക്ക് ആസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബഹുമാന്യനായ തെന്നല ജി. ബാലകൃഷ്ണപിള്ള അന്നൊരു ദീർഘവീക്ഷണമുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു മേഖലയിലാക്കുന്നതിനും സ്കൂൾ ഇന്നത്തെ താലൂക്ക് ഓഫീസ് നിൽക്കുന ഭാഗത്തേക്കും മിനി സിവിൽ സ്റ്റേഷൻ പോലുള്ള ഭരണസമുച്ചയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുമായി, ഇന്നത്തെ സ്കൂൾ സ്ഥലം മാറ്റുന്നതിനെക്കുറിച്ചായിരുന്നു ആ നിർദ്ദേശം.
പക്ഷേ അന്ന് അതിന് ആവശ്യമായ പരിഗണന ലഭിച്ചില്ല.
അതുപോലെ തന്നെ, ട്രാൻസ്പോർട്ട് സ്റ്റാൻഡിന്റെ കാര്യത്തിലും ദീർഘവീക്ഷണമുള്ള ആസൂത്രണത്തിന് പകരം തിരക്കുപിടിച്ച തീരുമാനങ്ങളാണ് ഉണ്ടായത്. സ്വകാര്യ വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും സൗകര്യമൊരുക്കുന്ന തരത്തിൽ U കോപ്ളക്സ് പണിത് ആ പ്രദേശം വികസിപ്പിക്കണമെന്ന ആശയങ്ങൾ ഉയർന്നിരുന്നെങ്കിലും അവ ആരും ചെവി കൊടുത്തില്ല. ഫലം—നമുക്ക് നല്ലൊരു ട്രാൻസ്പോർട്ട് സ്റ്റാൻഡും നഷ്ടമായി.
ഇന്ന്,
കയ്യേറ്റങ്ങളും വിവിധ ആവശ്യങ്ങൾക്കായുള്ള ഭൂമി കൈമാറ്റങ്ങളും കഴിഞ്ഞ് അവശേഷിക്കുന്ന ശാസ്താംകോട്ടയിലെ സർക്കാർ ഭൂമിയിൽ, പ്രത്യേകിച്ച് ചന്ത പ്രവർത്തിക്കുന്ന ഏകദേശം 30 സെന്റ് സ്ഥലത്ത്, വിവിധ സർക്കാർ കെട്ടിടങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇവിടെയാണ് ചോദ്യം ഉയരുന്നത്.
ശാസ്താംകോട്ടയ്ക്ക് DYSP ഓഫീസ് വേണ്ടേ? തീർച്ചയായും വേണം.
പക്ഷേ DYSP ഓഫീസ് ശാസ്താംകോട്ട ചന്തയുടെ സ്ഥലം കൈയേറി തന്നെ വേണമോ?
പ്രതിദിനം പരിമിതമായ ആളുകൾ മാത്രം എത്തുന്ന ഒരു ഓഫീസിനായി, നൂറുകണക്കിന് ആളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പൈതൃക ചന്തയുടെ സ്ഥലം ഇല്ലാതാക്കുന്നത് ശരിയായ വികസന മാതൃകയാണോ?
ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച്, ചന്ത പ്രവർത്തിക്കുന്ന ഏകദേശം 30 സെന്റ് സ്ഥലത്ത് മുൻവശത്ത് 10 മീറ്റർ ഉൾപ്പെടെ വശങ്ങൾ വിട്ട് ഏകദേശം 20 സെന്റ് സ്ഥലം DYSP ഓഫീസിനായി അളന്നുമാറ്റിയിട്ടുണ്ട്.
ഇത് യാഥാർഥ്യമായാൽ ശാസ്താംകോട്ട ചന്ത ഓർമയായി അവശേഷിക്കും.
ഇന്ന് പഴയകാലത്തെപ്പോലെ ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നില്ലെങ്കിലും, ഇപ്പോഴും നൂറുകണക്കിന് ആളുകൾ ചന്തയിൽ വന്നുപോകുന്നു. അതിനെ ആശ്രയിച്ച് നേരിട്ടും അല്ലാതെയും നിരവധി ചെറുകിട കച്ചവടക്കാരും കുടുംബങ്ങളും ജീവിക്കുന്നുണ്ട്.
അതിനാൽ ചന്തയുടെ സ്ഥലം സംരക്ഷിക്കേണ്ടത് വെറും കച്ചവടക്കാരുടെ പ്രശ്നമല്ല; ശാസ്താംകോട്ടയുടെ പൈതൃകം സംരക്ഷിക്കേണ്ട വിഷയമാണ്.
പകരം സ്ഥലങ്ങൾ അന്വേഷിക്കണം
DYSP ഓഫീസ് ശാസ്താംകോട്ടയിൽ തന്നെ വേണമെന്ന കാര്യത്തിൽ ആർക്കും എതിർപ്പില്ല.
പക്ഷേ, ഇപ്പോൾ നിർമ്മാണം നടക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ജുഡീഷ്യൽ ക്വാർട്ടേഴ്സിനായി മാറ്റിവച്ചിരിക്കുന്ന സ്ഥലം, അതിന് സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടവും സ്ഥലവും എന്നിവയെക്കുറിച്ച് സർക്കാർ തലത്തിൽ ഗൗരവമായി പരിശോധിക്കണം.
അതുപോലെ, നിലവിലെ കോടതിയുടെ കിഴക്കുവശത്തും താലൂക്ക് ഓഫീസിന്റെ പടിഞ്ഞാറുവശത്തും പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുമായി ഉപയോഗിക്കപ്പെടാതെ കാടുകയറി കിടക്കുന്ന സർക്കാർ ഭൂമി
(കോടതിക്കും താലൂക്ക് ഓഫീസിനുമിടയിലുള്ള ഈ ഭൂമി ).ജുഡീഷ്വൽ ക്വാർട്ടേഴ്സിനായി ഉപയോഗിക്കണം
കെട്ടിടങ്ങൾ പണിയാൻ ഭൂമി തേടുമ്പോൾ, ആദ്യം നോക്കേണ്ടത് ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമിയിലേക്കാണ്; പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പൈതൃക ചന്തയിലേക്കല്ല.
വികസനം വേണം… പക്ഷേ വിവേകത്തോടെയുള്ള വികസനം വേണം
ശാസ്താംകോട്ട വികസിക്കണം.
കൂടുതൽ സ്ഥാപനങ്ങൾ വരണം.
കൂടുതൽ ആളുകൾ ശാസ്താംകോട്ടയിലേക്ക് എത്തണം.
പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം.
ആധുനിക സൗകര്യങ്ങൾ ഉണ്ടാകണം.
പക്ഷേ അതിനായി ശാസ്താംകോട്ടയുടെ തനിമയും ചരിത്രവും പൈതൃകവും ഇല്ലാതാക്കരുത്.
കാടുകയറി കിടക്കുന്ന സർക്കാർ ഭൂമികളും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമികളും കണ്ടെത്തി നിയമാനുസൃതമായി തിരിച്ചുപിടിച്ച്, അവിടെ ആവശ്യമായ സർക്കാർ സ്ഥാപനങ്ങൾ നിർമ്മിക്കുകയാണ് വേണ്ടത്.
ശാസ്താംകോട്ട ചന്ത ഒരു ഒഴിഞ്ഞ ഭൂമിയല്ല.
അത് ഒരു നാടിന്റെ ഓർമ്മയാണ്.
ഒരു നാടിന്റെ പൈതൃകമാണ്.
നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ്.
അതുകൊണ്ട് തന്നെ,
DYSP ഓഫീസ് വേണം — പക്ഷേ ചന്ത ഇല്ലാതാക്കി വേണ്ട.
വികസനം വേണം — പക്ഷേ പൈതൃകം നശിപ്പിച്ചുകൊണ്ട് വേണ്ട.
കെട്ടിടങ്ങൾ വേണം — പക്ഷേ ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമികൾ അവഗണിച്ചുകൊണ്ട് വേണ്ട.
ശാസ്താംകോട്ടയുടെ വികസനം ദീർഘവീക്ഷണത്തോടെയും ജനങ്ങളുടെ താൽപര്യം മുൻനിർത്തിയും ആയിരിക്കണം.
ഇത് ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട ശബ്ദമല്ല.
ശാസ്താംകോട്ടയുടെ തനിമയും പൈതൃകവും സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന ജനങ്ങളുടെ ശബ്ദമാണ്.
വിസ്മൃതിയിലേക്ക് പോകുന്ന ശാസ്താംകോട്ട ചന്തയെ നമുക്ക് ചേർന്ന് സംരക്ഷിക്കാം.
* ശാസ്താംകോട്ട പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമാണ് ലേഖകൻ



































