കുന്നത്തൂർ:വിബി -ജി റാം ജി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ജോലി നൽകുന്നതിന് മുൻഗണന നൽകണമെന്ന് ഓംബുഡ്സ്മാൻ ജി.കൃഷ്ണകുമാർ നിർദ്ദേശിച്ചു.ശാസ്താംകോട്ട ബ്ലോക്കിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ
സംസാരിക്കുകയായിരുന്നു ഓംബുഡ്സ്മാൻ.
താമസസ്ഥലത്തിന് 5 കിലോമീറ്ററിലധികം ദൂരെ ജോലി നൽകുകയാണെങ്കിൽ
10 ശതമാനം അധികം വേതനം ലഭിക്കുന്നതിന് നിയമപ്രകാരം തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും
അദ്ദേഹം പറഞ്ഞു.തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും വരുമാനവും നൽകി അവരുടെ അവകാശങ്ങളുറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ഓംബുഡ്സ്മാൻ പറഞ്ഞു.ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും വിവിധ വിഷയങ്ങൾ ഓംബുഡ്സ്മാൻ്റെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി.പഞ്ചായത്ത് പ്രസിഡൻ്റ്
പി.റ്റി അനുപമ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോ -ഓർഡിനേറ്റർ വിനു സി.കുഞ്ഞപ്പൻ,ശാസ്താംകോട്ട ബിപിഒ
എസ്.സന്തോഷ് കുമാർ,സെക്രട്ടറി ബോബി ഫ്രാൻസിസ്,അക്രഡിറ്റഡ് എൻജിനീയർ ഗോപിക,സനൽ കാർത്തികേയൻ എന്നിവർ സംസാരിച്ചു.
ശാസ്‌താംകോട്ട ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിൽ
കഴിഞ്ഞ ദിവസം വരെ സൃഷ്ടിച്ചത് 4,19,892
തൊഴിൽ ദിനങ്ങളാണ്.തൊഴിൽ ദിന സൃഷ്ടിയിൽ ജില്ലയിൽ ശാസ്താംകോട്ട ബ്ലോക്ക് മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്.ബ്ലോക്ക് പരിധിയിലെ
ഏഴ് പഞ്ചായത്തുകളിൽ
81,808 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച മൈനാഗപ്പള്ളി പഞ്ചായത്താണ് ഏറ്റവും കൂടുതൽ
തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് ശൂരനാട് നോർത്ത് – 65,861, പോരുവഴി – 64,129,ശാസ്താംകോട്ട – 57,324,പടിഞ്ഞാറ്റ കല്ലട – 56,677,ശൂരനാട് സൗത്ത്- 55,168,കുന്നത്തൂർ – 38,925
എന്നിങ്ങനെയാണ് മറ്റ് ഗ്രാമപഞ്ചായത്തുകളിലെ തൊഴിൽ ദിന സൃഷ്ടി.



































