കൊച്ചി. മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കുന്നതിന് സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാനും ആവശ്യപ്പെട്ടു. ജസ്റ്റിസ് എ ബദറുദ്ദീനാണ് നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായി വരുന്നവരായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് കോടതി ഇടക്കാല ഉത്തരവില്‍ അംഗീകരിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എംഎന്‍ സോമന്‍ അടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍.
ചേര്‍ത്തല സ്വദേശിയായ എംഎസ് അനിലാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസ് അനേഷണം നടക്കുന്നത്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
































