തിരുവനന്തപുരം.ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം തയ്യാറായി. 28 പ്രതികളില്‍ 27 പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയത്. ഇത് ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ട കുറ്റപത്രം കോടതിക്കുള്ളിൽ എത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിലെ ഇരുപത്തിയാറാം പ്രതിയായ സിപിഐഎം പ്രവർത്തകൻ പാളയം സന്തോഷിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സന്തോഷിനെ ഇതുവരെ പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പോലീസിന് പിന്നാലെ ഇഡി യും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് സന്തോഷ് ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് രണ്ടാം കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മെയ് 27നാണ് സിഎംആർഎൽ – എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് എത്തിയ ഇഡി സംഘം മടങ്ങുന്നതിനിടെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്.


































