കൊടുങ്ങല്ലൂർ . ജോർജ്ജിയയിൽ ജോലി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ വീട്ടിൽ 24 വയസുള്ള മുഹമ്മദ് ആസിഫ് ആണ് അറസ്റ്റിലായത്.
ജോർജ്ജിയയിൽ റേഡിയോഗ്രാഫർ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശി അശ്വിൻ കൃഷ്ണയിൽ നിന്ന് 22,46,430 രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരം എയർപ്പോർട്ടിൽ വന്നിറങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ആസിഫ് ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി കൂടുതൽ പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ട് എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. എസ്ഐമാരായ എസ്. അജയ്, സെബി, ഗ്രേഡ് എസ് സി പി ഒ മാരായ സുബീഷ്, സനോജ്, ജിനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.






























