26.4 C
Kollam
Saturday 26th September, 2026 | 01:54:16 AM
Home News Breaking News അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെ പൊലീസില്‍ പുതിയ തീരുമാനം, ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി...

അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെ പൊലീസില്‍ പുതിയ തീരുമാനം, ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി പരീക്ഷവഴി നിയമനം

തിരുവനന്തപുരം. ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി യോഗ്യത പരീക്ഷ വഴി പൊലീസുകാരെ തിരഞ്ഞെടുക്കും. അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ക്രിമിനൽ നിയമം, ഫൊറൻസിക്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. മറ്റന്നാള് നടക്കുന്ന എഴുത്തു പരീക്ഷയില് സംസ്ഥാനത്ത് 3000 അധികം പൊലീസുകാർ പങ്കെടുക്കും.

ക്രൈംബ്രാഞ്ചിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും ഇനി നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില് മാത്രമായിരിക്കും. നേരത്തെ പൊലീസ് സേനയിൽ നിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ചിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തുന്നത്.

ബിഎൻഎസ്എസ്, ബിഎസ്എ, ബിഎൻഎസ്, പ്രത്യേക നിയമങ്ങള്, പൊലീസ് സ്റ്റാൻഡിങ് ഓർഡറുകള് തുടങ്ങിയവയിലും ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരിക്കണം. സിപിഒ, സീനിയർ സിപിഒ, എഎസ്ഐ, എസ്ഐ, റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് മറ്റന്നാള്‍ യോഗ്യതാ പരീക്ഷ.