കോട്ടയം. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പോലീസ് ഉപമേധാവി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലന്‍സ് കോടതി ജയില്‍ ശിക്ഷ വിധിച്ചതോടെ, വീണ്ടും ചര്‍ച്ചയാകുന്നത് കേരള പോലീസിന്റെ ചരിത്രത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്രയും സംഭവബഹുലമായ വിവാദങ്ങളുടെ പരമ്പരയാണ്. 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതം ഒരേസമയം അന്വേഷണ മികവിനാലും മറുവശത്ത് തീരാവിവാദങ്ങളാലും അടയാളപ്പെടുത്തപ്പെട്ടതാണ്. നൈജീരിയന്‍ ഇ-മെയില്‍ തട്ടിപ്പ്, അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് റാക്കറ്റുകള്‍ എന്നിവയുടെ വേരറുത്ത മികച്ച കുറ്റാന്വേഷകന്‍ എന്ന നേട്ടം അദ്ദേഹത്തിന്റെ സര്‍വീസ് പുസ്തകത്തിലുണ്ടെങ്കിലും, കരിയറിന്റെ ഓരോ ഘട്ടത്തിലും ഉയര്‍ന്ന ആരോപണങ്ങള്‍ ആ നേട്ടങ്ങളുടെ ശോഭ കെടുത്തി.
നെടുമ്പാശ്ശേരിയിലെ കടത്തും കൈരളി ടിവി ആരോപണവും
2002-ലാണ് തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കിയ ആദ്യ വലിയ വഴിത്തിരിവുണ്ടാകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് തച്ചങ്കരിയുടെ ഗണ്‍മാന്‍ വിലകൂടിയ അത്യാധുനിക വിദേശ ഇലക്ട്രോണിക് ഉപകരണങ്ങളുമായി കസ്റ്റംസിന്റെയും പോലീസിന്റെയും പിടിയിലായി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തച്ചങ്കരി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി ടിവി’ആരംഭിക്കുന്ന വേളയില്‍ അതിന്റെ സാങ്കേതിക ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു.
വിമാനത്താവളത്തില്‍ ഗണ്‍മാന്‍ കൊണ്ടുവന്ന വിലപിടിപ്പുള്ള സാങ്കേതിക ഉപകരണങ്ങള്‍ കൈരളി ടിവിയുടെ ആവശ്യങ്ങള്‍ക്കായി അനധികൃതമായി എത്തിച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് അന്ന് ഉയര്‍ന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തച്ചങ്കരി നിരന്തരം വിദേശയാത്രകള്‍ നടത്തിയതും, അത്തരം യാത്രകള്‍ക്ക് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചതും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. ഈ സംഭവവികാസങ്ങളാണ് അദ്ദേഹത്തിനെതിരെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അന്വേഷണത്തിലേക്ക് വഴിതുറന്നതും ഇപ്പോള്‍ കോടതി ശിക്ഷയിലേക്ക് എത്തിച്ചതും.
റിയാന്‍ സ്റ്റുഡിയോയും ആന്റി പൈറസി റെയ്ഡിലെ താല്പര്യങ്ങളും
സ്വന്തമായി ഭക്തിഗാനങ്ങളും ഏതാനും സിനിമാഗാനങ്ങളും കമ്പോസ് ചെയ്തിട്ടുള്ള തച്ചങ്കരിക്ക് കൊച്ചിയില്‍ സ്വന്തമായി റിയാന്‍ (Riyan) എന്ന പേരില്‍ അത്യാധുനിക റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഓഡിയോ കാസറ്റ് വിപണന കമ്പനിയും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫീസറായിരുന്ന സമയത്ത് വിപണിയിലെ വ്യാജ സിഡികള്‍ക്കെതിരെ നടത്തിയ റെയ്ഡുകള്‍ വലിയ മാധ്യമവിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വിപണിയിലെ വ്യാജന്മാരെ പിടികൂടുക എന്നതിലുപരി, സ്വന്തം കാസറ്റ് കമ്പനിയുടെയും സ്റ്റുഡിയോയുടെയും ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കാനും എതിരാളികളെ ഒതുക്കാനുമാണ് അദ്ദേഹം പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്നത് എന്ന തരത്തില്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു.
ഈ വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടയിലാണ് 2006 ഡിസംബറില്‍ ആന്റി പൈറസി സെല്‍ മേധാവിയായിരുന്ന ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’യില്‍ നേരിട്ട് മിന്നല്‍ റെയ്ഡ് നടത്തിയത്. സ്റ്റുഡിയോയില്‍ നിന്ന് വന്‍തോതില്‍ വ്യാജ സിഡികള്‍ തന്നെ പിടിച്ചെടുത്തതോടെ പൊലീസ് സേന കടുത്ത നാണക്കേടിലായി. റെയ്ഡ് നടന്ന് മണിക്കൂറുകള്‍ക്കകം ആന്റി പൈറസി സെല്ലിന്റെ ചുമതലയില്‍ നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയെങ്കിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ട് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
അനധികൃത വിദേശയാത്രകളും എന്‍ഐഎ അന്വേഷണവും
2007 ജൂലൈയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് പ്രധാന പദവികള്‍ നല്‍കാതിരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ 2010-ല്‍ വീണ്ടും അദ്ദേഹം വിവാദത്തിലകപ്പെട്ടു. ഗാംഗ്ടോക്കിലേക്ക് എല്‍ടിസി അവധിയെടുത്ത ശേഷം സര്‍ക്കാരിന്റെ യാതൊരുവിധ അനുമതിയുമില്ലാതെ മിഡില്‍ ഈസ്റ്റിലെ നാല് രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയായിരുന്നു. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തിയ ഈ രഹസ്യ സന്ദര്‍ശനത്തിനിടെ തടിയന്റവിട നസീറിന്റെ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ സ്വയം ശ്രമിച്ചെന്നും രാജ്യവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുയര്‍ന്നു. ഖത്തറിലെ അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപ വാധ്വ ഗോപാലന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേന്ദ്രം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സര്‍വീസ് ചട്ടലംഘനത്തിന് വീണ്ടും നടപടികള്‍ നേരിടേണ്ടി വന്നു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഗാനമേളയും ആല്‍ബം വിവാദവും
സംഗീതത്തോട് വലിയ താല്പര്യം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ടോമിന്‍ ജെ. തച്ചങ്കരി. എന്നാല്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ചുമതലകളെയും ചട്ടങ്ങളെയും പോലും കാറ്റില്‍പ്പറത്തി അദ്ദേഹം സംഗീതരംഗത്ത് സജീവമായത് സേനയ്ക്കുള്ളില്‍ വലിയ അതൃപ്തികള്‍ക്ക് വഴിവെച്ചു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ തച്ചങ്കരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ജീവനക്കാരുടെ സര്‍വീസ് സംഘടനയുമായി ചേര്‍ന്ന് ഒരു സംഗീത ആല്‍ബം പുറത്തിറക്കാന്‍ ശ്രമിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയുമായിരുന്നു ഇത്തരം കലാപരിപാടികള്‍ക്കും ആല്‍ബം നിര്‍മ്മാണത്തിനും അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കിയത്. പോലീസിന്റെ അച്ചടക്കത്തെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി അന്ന് അദ്ദേഹത്തിനെതിരെ ശക്തമായ ഭരണതല വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിരമിച്ച ശേഷവും തുടര്‍ന്ന വിവാദങ്ങള്‍
പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള പല രഹസ്യ കേസ് ഫയലുകളും തച്ചങ്കരി നശിപ്പിച്ചിട്ടുണ്ടെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പിന്നീട് പരസ്യമായി വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.2023-ല്‍ ഡിജിപി റാങ്കില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും വിവാദങ്ങള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലാതിരുന്നിട്ടും ഡിജിപിയുടെ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങള്‍ പതിച്ച ബോര്‍ഡുവെച്ച സ്വകാര്യ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. 2026-ല്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കായി ഇതേ കാറിലെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഒടുവില്‍ നാല് പതിറ്റാണ്ട് നീണ്ട സര്‍വീസ് ജീവിതത്തിലെ കറുത്ത പാടുകള്‍ ബാക്കിവെച്ച് വിജിലന്‍സ് കോടതിയില്‍ കുറ്റക്കാരനായി തലകുനിക്കേണ്ടി വന്നിരിക്കുകയാണ് ഈ മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്.


































