സ്കൂട്ടറിൽ കറങ്ങി നടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിക്കുന്ന പുത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
ശാസ്‌താംകോട്ട:സ്‌കൂട്ടറിൽ കറങ്ങി നടന്ന് തനിച്ച് പോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റിൽ.പുത്തൂർ ആലയ്ക്കൽ ജംഗ്ഷൻ കുഴിയിൽ പുത്തൻ വീട്ടിൽ ലിജോ(33) ആണ് പിടിയിലായത്.പുത്തൂരിൽ നിന്നും കൊല്ലം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ശൂരനാട്,കിഴക്കേക്കല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിൽ വച്ച് പെൺകുട്ടികൾ ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ സ്കൂട്ടറിൽ എത്തി പിന്നിൽ കൂടി കുട്ടികളുടെ ശരീരത്തിൽ പിടിക്കുകയും വണ്ടി ഓടിച്ചു വേഗതയിൽ പോവുകയുമാണ് പതിവ്.ഹെൽമറ്റ് ധരിച്ച് മാസ്കും വച്ചാണ് ഇയ്യാൾ എത്തുന്നത്.കഴിഞ്ഞ 4 മാസമായി കൊല്ലം റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയ്യാൾ ഇതുപോലെ പെൺകുട്ടികളെ ശല്യം ചെയ്യുന്നത് തുടർന്നു വരികയായിരുന്നു.പോലീസ് നിരന്തരമായി സിസിടിവികൾ പരിശോധിച്ചും പിന്തുടർന്നും പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
വ്യാഴം രാവിലെ പുത്തൂരിൽ വെച്ച് ഡാൻസാഫ് സംഘം കയ്യിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.ശൂരനാട്ടെ കേസിൽ ഇയ്യാൾ മാസ്ക് ധരിച്ചിരുന്നില്ല.ഇവിടെ ഉപദ്രവത്തിനിരയായ പെൺകുട്ടി പ്രതിയെ പിടികൂടാനും അടിക്കാനും ശ്രമിച്ചതിലൂടെ ഇയ്യാളെ വ്യക്തമായി മനസിലാക്കിയിരുന്നു.മുറുക്കുന്ന ശീലക്കാരനായ പ്രതി മാസ്ട്രോ എഡ്ജ് സ്കൂട്ടറിൽ എത്തിയാണ് ഉപദ്രവിച്ച് മടങ്ങിയത്.ശൂരനാട് പോലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ താരതമ്യം ചെയ്ത് പുത്തൂരിൽ ഡാൻസാഫ് പിടികൂടിയത് ലിജോ ആണെന്ന് ഉറപ്പാക്കുകയായിരുന്നു.12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി വെളിപ്പെടുത്തി.ശൂരനാട് -2,കിഴക്കേകല്ലട -1 കേസുകളാണ് ഇയ്യാൾക്കെതിരെ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്.

































