തിരുവനന്തപുരം : അന്വേഷണമെന്ന പേരിൽ റിപ്പോർട്ടൽ ചാനലിന്റെ ഓഫീസിൽ കയറി പൊലീസ് നടത്തിയ അതിക്രമത്തെ അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണ്. ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് വിശുദ്ധമാവില്ല.
ഇത് അന്വേഷണമോ പരിശോധനയോ അല്ല. മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണ്. ആജ്ഞാനുവർത്തികളായി സർക്കാരിന് സ്തുതി പാടിക്കൊള്ളണമെന്ന മുന്നറിയിപ്പ്. അധികാരത്തിലെത്തിയാൽ ഈ ചാനൽ പൂട്ടിക്കുമെന്ന് യുഡിഎഫിന്റെ ഏറ്റവും പ്രമുഖനായ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. കേസും പരിശോധനാനടപടികളും ന്യൂസ് ഡെസ്ക് പിടിച്ചെടുത്തുകൊണ്ടല്ല നടത്തേണ്ടത്. അന്വേഷണമെന്ന പേരിൽ റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ അമിതാധികാരപ്രയോഗത്തെ അപലപിക്കുന്നു. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനും ശ്രമിക്കുന്ന യുഡിഎഫ് സർക്കാറിന്റെ തരംതാഴ്ന്ന നടപടികളിൽ പ്രതിഷേധിക്കുന്നതായും എം സ്വരാജ് പറഞ്ഞു.

































