സോണിയ ഗാന്ധിക്കെതിരായ പരാതി: വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തെന്ന പരാതി
തള്ളിയ വിചാരണക്കോടതി ഉത്തരവ് ഡല്‍ഹിയിലെ ദ്വാരക ജില്ലാ കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ്
നിയമവിരുദ്ധമാണെന്നും വിഷയം വീണ്ടും പരിശോധിക്കണമെന്നും ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.
കേസ് 29ന് പരിഗണിക്കും.
മാധ്യമങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് ട്രംപ്; പ്രമുഖ അമേരിക്കൻ ടിവി നെറ്റ്‌വർക്കുകൾ സംപ്രേഷണം നിർത്തി
മാധ്യമങ്ങളോടു യുദ്ധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘വ്യാജവാര്‍ത്ത’ പ്രചരിപ്പിച്ചെന്ന്
ആരോപിച്ച് സി.എന്‍.എന്‍., എം.എസ്. നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് ട്രംപ വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇതില്‍ പ്രതിഷേധിച്ച് ട്രംപിനെ ബഹിഷ്‌കരിക്കാന്‍ പ്രമുഖ യു.എസ്. ടിവി നെറ്റ്‌വർക്കുകള്‍ തീരുമാനിച്ചു.
സി.എന്‍.എന്‍., എ.ബി.സി. ന്യൂസ്, സി.ബി.എസ്. ന്യൂസ്, എന്‍.ബി.സി. ന്യൂസ്, ഫോക്സ് ന്യൂസ് എന്നീ അഞ്ച്
മുന്‍നിര നെറ്റ്‌വർക്കുകള്‍ ചേര്‍ന്നുള്ള ‘വൈറ്റ് ഹൗസ് പൂള്‍’ സംപ്രേഷണമാണ് നിര്‍ത്തിവച്ചത്.
നിലമ്പൂരിൽ മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; ഒരാളെ കാണാതായി
നിലമ്പൂരില്‍ ചോക്കാട് ടി കെ നഗറില്‍ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരാളെ കാണാതാകുകയും ചെയ്തു.
കാണാതായയാളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നു സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍. വളരെ
അപ്രതീക്ഷിതമായാണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാര്‍ രംഗത്തിറങ്ങിയതുകൊണ്ടാണ് അപകടത്തില്‍പ്പെട്ട
മുപ്പതിലേറെപേരെ രക്ഷിക്കാനായത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം ബുധനാഴ്ച മന്ത്രിസഭ
തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ സജിതയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: പ്രവർത്തനം മെച്ചപ്പെടുത്താനെന്ന് അശ്വിനി വൈഷ്ണവ്
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ
കീഴിലേക്കു മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.
പാലക്കാട് ഡിവിഷന്‍ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തില്‍നിന്നുള്ള എംപിമാരുമായി
സംസാരിച്ച ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലേക്ക് കപ്പൽ സേവനം: വല്ലാർപാടം ടെർമിനലിൽ പുതിയ ഷിപ്പിങ് സർവീസ്
പശ്ചിമേഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് കപ്പല്‍ സേവനവുമായി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍
ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍. എം.വി. മാര്‍സ വിര്‍ഗോ എന്ന ചരക്കുകപ്പല്‍ കൊച്ചിയില്‍ എത്തിയതോടെയാണ്
എം.ജി.ആര്‍. ഐ.എഫ്.ആര്‍. എന്ന പുതിയ ഷിപ്പിങ് സേവനത്തിന് തുടക്കമായത്.
അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ നാലാം എഡിഷൻ സെപ്റ്റംബർ 24 മുതൽ 26 വരെ
അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷൻ സെപ്റ്റംബർ 24 മുതൽ 26 വരെ തൃശൂർ അമല മെഡിക്കൽ കോളേജ്
കാമ്പസിൽ നടക്കും.
സെപ്റ്റംബർ 24: രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക
ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വെച്ച് മികച്ച സ്‌കൂൾ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാർഡ് നൽകും.
കോളേജ് മാഗസിൻ-അവസാന പതിപ്പ്, ഡിജിറ്റൽ മാഗസിൻ 4.O ചടങ്ങിൽ പ്രകാശനം ചെയ്യും. ചടങ്ങിൽ ഇന്ത്യ ഫുട്‌ബോൾ
ഇതിഹാസം ഐ.എം. വിജയൻ വിശിഷ്ടാതിഥിയാകും. തുടർന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും
സംവേദനാത്മക സെഷനുമുണ്ടാകും.
സെപ്റ്റംബർ 25: രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും
തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരൻ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ.
11.15 ന് ദർശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ
അപ്പോത്തിക്കരി എന്ന വിഷയത്തിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ ജോസഫും പ്രശസ്ത ഗാനരചയിതാവും
തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ
ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാൻ മറന്ന പാട്ടുകൾ എന്ന വിഷയത്തിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്.
വൈകീട്ട് 4.45 ന് നിഴൽ ബാൻഡിന്റെ തത്സമയ സംഗീത പ്രകടനം.
സെപ്തംബർ 26: രാവിലെ 10 ന് ജെൻസിയും എഴുത്തും എന്ന വിഷയത്തിൽ അവതാരകനും ഏഷ്യാനെറ്റ്
ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും
സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിൻ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷൻ. രാവിലെ 11.45 ന് വന്ധ്യതയും
സമൂഹവും എന്ന വിഷയത്തിൽ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠൻ സംസാരിക്കുന്നു.
ഉച്ചക്ക് 1.45 ന് ഉട്ടോപ്യൻ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷൻ. വൈകീട്ട് 3 ന് മാറുന്ന
തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചർച്ചയിൽ കമൽ, ബ്ലെസി, സുന്ദർ ദാസ്, ഹേമന്ത്കുമാർ എന്നിവർ പങ്കെടുക്കുന്നു.
പ്രവേശനം സൗജന്യം.
കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ്
കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ
നേതാവ് പിണറായി വിജയന്‍. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം
നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും എന്നാല്‍ തിരഞ്ഞെടുപ്പ്
പ്രഖ്യാപിച്ചതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധിച്ചില്ലെന്നും പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മദ്യക്കേസ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മദ്യക്കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു
പരിഗണിക്കും. വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള
രേഖകളായിരിക്കും എക്‌സൈസ് കോടതിയില്‍ നല്‍കുക.
മുട്ടിൽ മരംമുറി കേസ്: വിചാരണ തടയണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
മുട്ടില്‍ മരംമുറി വഞ്ചനക്കേസിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിന്‍,
ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ്
പ്രതികളുടെ പ്രധാന ആവശ്യം.
എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവം: നവംബർ 13 വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി
കേരള തീരത്ത് അറബികടലില്‍ എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരംതേടി കശുവണ്ടി
ഇറക്കുമതിക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ നവംബര്‍ 13 വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്.
കേസിലെ എതിര്‍ കക്ഷികളായ കപ്പല്‍ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കപ്പലിലുണ്ടായിരുന്ന കശുവണ്ടിയുടെ
ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആര്‍ സജി സുരേന്ദ്രനും, സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നല്‍കിയ
ഹര്‍ജികളിലാണ് സുപ്രീംകോടതി തല്‍സ്ഥിതി ഉത്തരവ് കോടതി പുറത്തിറക്കിയത്.
ഡിജിറ്റൽ അറസ്റ്റ്: 80 വയസുകാരനായ ഡോക്ടറിൽ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നീലേശ്വരം സ്വദേശിയായ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി രൂപ
തട്ടിയെടുത്ത കേസില്‍ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം
സ്വദേശി ഷംഷാദ് ചുരകുത്ത് ആണ് പിടിയിലായത്. 2025 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 17 വരെയാണ് മുംബൈ ക്രൈം
ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
ഗുരുവായൂരിൽ അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസ് പിടികൂടും
ഗുരുവായൂരില്‍ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പോലീസ് പിടികൂടും. ടെമ്പിള്‍ പോലീസ് സ്ട്രെയിഞ്ചര്‍ പെട്രോള്‍
ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പേര്‍
ഇവിടെ തെരുവില്‍ കഴിയുന്നതായാണ് പോലീസിന്റെ കണക്ക്. ഗുരുവായൂരിലെ ചില പ്രധാന കുറ്റകൃത്യങ്ങള്‍ക്കു പിറകില്‍
ഇവരില്‍ ചിരലരാണെന്നു കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാലെന്ന് ജി. സുധാകരൻ
ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന് മുന്‍മന്ത്രി ജി സുധാകരന്‍
എംഎല്‍എ. ബ്രാഹ്‌മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്തവര്‍ കേരളത്തിലുണ്ട്.
ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചു പൂജകള്‍ നടത്തുന്നത് അതുകൊണ്ടാണ്. ആലപ്പുഴയില്‍
ബ്രാഹ്‌മണസഭ സംസ്ഥാന കലോത്സവത്തില്‍ സംസാരിക്കവേ ജി സുധാകരന്‍ പറഞ്ഞു.
എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റിന് താഴെ അപകീർത്തികരമായ കമന്റ്: ഒരാൾ അറസ്റ്റിൽ
മുഹമ്മദ് ഷിയാസ് എംഎല്‍എ തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ നല്‍കിയ
പോസ്റ്റിനു താഴെ അപകീര്‍ത്തിപരമായ കമന്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിനാട് ചന്ദനത്തോപ്പ്
സ്വദേശി കെട്ടിടത്തില്‍ വീട്ടില്‍ എസ് മുഹമ്മദ് റഫീഖ് (51) ആണ് പിടിയിലായത്.
കുന്നംകുളം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാട്; പുതിയ വിഗ്രഹം പ്രതിഷ്ഠിക്കും
മോഷ്ടാവില്‍നിന്നു കണ്ടെടുത്ത കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍
സംഭവിച്ചതിനാല്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസമാണ് മോഷണം പോയ
പഞ്ചലോഹ വിഗ്രഹവും പോലീസ് കണ്ടെടുത്തത്. വിഗ്രഹം കോടതി കസ്റ്റഡിയിലാണ്. കോടതി നടപടികള്‍ക്കുശേഷം വിഗ്രഹം
ക്ഷേത്രത്തിന് കൈമാറും.
പാലക്കാട് കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ഭർത്താവ് പിടിയിൽ
പാലക്കാട് കൊടുവായൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് പിടിയില്‍. കൊടുവായൂര്‍ പിട്ട്പീടിക
ആയില്യം കോംപ്ലക്സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.
മണികണ്ഠനെ കസ്റ്റഡിയിലെടുത്തു.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം: ദൃശ്യങ്ങൾ 105 തവണ സിസിടിവിയിൽ പതിഞ്ഞെന്ന് റിപ്പോർട്ട്
അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്ക മോഷണം നടന്നതിന്റെ ദൃശ്യങ്ങള്‍ 105 തവണ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന്
പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് അന്വേഷണ പുരോഗതി
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചത്.
സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കരുതെന്ന് സുപ്രീംകോടതി
സ്വകാര്യ സര്‍വകലാശാലകള്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി.
സ്വകാര്യ സര്‍വകലാശാലകള്‍ ഉത്തരവാദിത്തത്തോടെ ധനകാര്യം കൈകാര്യം ചെയ്യണമെന്നും സ്ഥാപനത്തിന്റെ സുഗമമായ
പ്രവര്‍ത്തനവും ജീവനക്കാരുടെ അര്‍ഹമായ വേതനവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന പ്രസ്താവന വിവാദത്തിൽ
ഉത്തര്‍പ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന എന്‍.ഡി.എ സഖ്യകക്ഷിയും മന്ത്രിയുമായ ഓം പ്രകാശ്
രാജ്ഭറുടെ പ്രസ്താവന വിവാദമായി. പൂര്‍വാഞ്ചല്‍, മധ്യഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ
നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്നാണ് സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ഓം പ്രകാശ്
രാജ്ഭറിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതു സംബന്ധിച്ച ഒന്നും നിയമസഭയുടെ പോലും മുന്നില്‍ വന്നിട്ടില്ല.
ഇൻഡിഗോ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ മരിച്ചു
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗം വാഹനാപകടത്തില്‍
കൊല്ലപ്പെട്ടു. നോയിഡയിലാണ് കൈനൂര്‍ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റന്റ് കൊല്ലപ്പെട്ടത്.
ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളുള്ള ക്യുആർ കോഡ്: മൂന്ന് പേർ കസ്റ്റഡിയിൽ
മഹാരാഷ്ട്രയിലെ വാഷിമില്‍ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ്
സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. തന്മയ് മുധാല്‍, യുഗന്ധര്‍ അഫുനെ, സുബോധ്
എന്നിവരാണ് പിടിയിലായത്.
ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കുന്നു
ഇറ്റലിയിലെ സ്‌കൂളുകളില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖയും നിഖാബും നിരോധിക്കുന്നു. ക്ലാസുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ്
ഭരണകക്ഷിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ഈ പ്രഖ്യാപനം നടത്തിയത്.
ജർമ്മനിയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് തിരിച്ചടി
ജര്‍മ്മനിയിലെ ബെര്‍ളിനില്‍ വീണ്ടും ചെങ്കൊടി പാറി. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സി.ഡി.യുവിന്
കനത്ത തിരിച്ചടി. ബെര്‍ളിനില്‍ തീവ്രഇടതുപക്ഷമായ ഡി ലിങ്കെയും മെക്ലെന്‍ബര്‍ഗില്‍ തീവ്രവലതുപക്ഷമായ
എ.എഫ്.ഡിയും വിജയിച്ചു. ഇതോടെ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്.
ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി
ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ യഷ് വര്‍ദ്ധന്‍ ചൗഹാന്റെ മികവില്‍ ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരായ
യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടര്‍-19 ടീം. രാജ്കോട്ടില്‍ നടന്ന രണ്ടാം യൂത്ത് ഏകദിനത്തില്‍
103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം
ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി. സ്‌കോര്‍ ഇന്ത്യ അണ്ടര്‍-19: 341/7, ഓസ്‌ട്രേലിയ അണ്ടര്‍-19
41.1 ഓവറില്‍ 238ന് ഓള്‍ ഔട്ട്.
ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം
ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെയും ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ മുഴക്കം. പുരുഷ വിഭാഗം 10 മീറ്റര്‍
എയര്‍ റൈഫിള്‍ ടീമിനത്തില്‍ ഹിമാംശു ധില്ലന്‍, രുദ്രാന്‍ക്ഷ് പാട്ടീല്‍, പാര്‍ത്ഥ് മാനേ എന്നിവര്‍ ചേര്‍ന്ന്
വെള്ളി നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ഹിമാംശു വെള്ളിയും രുദ്രാന്‍ക്ഷ് വെങ്കലവും സ്വന്തമാക്കി.
ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. മികസ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ സുചിക തര്യാല്‍ വെങ്കലം നേടി.
നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പെടെ ആറു മെഡലുമായി മെഡല്‍പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ സെപ്റ്റംബർ 25 മുതൽ
സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ സെപ്റ്റംബര്‍ 25 മുതല്‍. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്‌സ്
എഫ്.സി യും തൃശൂര്‍ മാജിക് എഫ്.സിയും തമ്മില്‍ കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി സൂപ്പർ ടൈഫൂൺ ‘ഡുജുവാൻ’
ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാന്‍ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാന്‍’ സൂപ്പര്‍ ടൈഫൂണ്‍.
കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കന്‍ മേഖല നിലവില്‍ പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്.
ഇന്ന് സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ മത്സരം മഴ കാരണം തടസപ്പെട്ടേക്കും.
യുപിഐ നിരക്കുകളിലെ ബ്രോക്കർമാരുടെ ആശങ്ക സെബി പരിശോധിക്കുന്നു
ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ ഉന്നയിച്ച
ആശങ്കകള്‍ സെബി പരിശോധിക്കുന്നു. വലിയ തുകകളുടെ കൈമാറ്റത്തിന് ഏര്‍പ്പെടുത്തുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്,
ബ്രോക്കര്‍മാരുടെ പ്രവര്‍ത്തനച്ചെലവ് കാര്യമായി കൂട്ടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ പണം ട്രാന്‍സ്ഫര്‍
ചെയ്താലും ട്രേഡിങ് നടക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അധിക ബാധ്യത വഹിക്കേണ്ടിവരുമെന്ന് ബ്രോക്കര്‍മാര്‍ ഭയപ്പെടുന്നു.
സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍മാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കുള്ള
പേയ്‌മെന്റുകള്‍ക്ക് 0.02 ശതമാനം എംഡിആര്‍ ബാധകമാകും. ഒരു ഇടപാടിന് പരമാവധി 300 രൂപ വരെയാണ് ഈടാക്കുക.
മൂലധന വിപണിയിലെ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വലിയ തുകകളുടെ കൈമാറ്റങ്ങള്‍ക്കാണ് ഈ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
സാംസങ് ഗാലറി ഇനി ഗൂഗിൾ ഫോട്ടോസുമായി ബന്ധിപ്പിക്കാം
സാംസങ് ഗാലറി ഇപ്പോള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് ബന്ധിപ്പിക്കാം. ഇതുവഴി സാംസങ് ഉപകരണങ്ങളിലെ ഫോട്ടോകളും
വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാനാവും. മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവിനെ മാറ്റിയാണ്
സാംസങ്ങിന്റെ ഗാലറി ആപ്പിനെ കമ്പനി ഗൂഗിള്‍ ഫോട്ടോസുമായി ബന്ധിപ്പിച്ചത്. സാംസങ് ഗാലറിയുടെ 15.9.01.07
പതിപ്പിലാണ് പുതിയ ഗൂഗിള്‍ ഫോട്ടോസ് സിങ്ക് ഓപ്ഷന്‍ എത്തിയിരിക്കുന്നത്.
ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ Menu > Settings > Sync photos and videos തിരഞ്ഞെടുത്താല്‍ മതി.
നിലവില്‍ ഈ ഫീച്ചര്‍ ഫോണുകളില്‍ ഘട്ടംഘട്ടമായി എത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരുടെയും ഫോണുകളില്‍
ഈ ഫീച്ചര്‍ കണ്ടെന്നുവരില്ല. ഫോട്ടോ സിങ്ക് ഓണ്‍ ആക്കിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ടുമായി
ഗാലറിയെ ബന്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 13 അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാംസങ്
ഫോണുകളിലും വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകളിലും മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.
അജിത്ത് കുമാറിന്റെ മോട്ടോർസ്പോർട്സ് യാത്ര: ഡോക്യുമെന്ററി ട്രെയിലർ പുറത്തിറങ്ങി
തമിഴ് നടന്‍ അജിത്ത് കുമാറിന്റെ മോട്ടോര്‍സ്പോര്‍ട്സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി
‘ഗ്ലാഡിയേറ്റേഴ്സ് ഇന്‍ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്ത് കുമാര്‍
എന്ന നടന് പുറമേ, അദ്ദേഹത്തിന്റെ പാഷനായ റേസിംഗിന്റെ ലോകത്തേക്കാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്.
വിജയ് സംവിധാനം ചെയ്യുന്ന ‘ഗ്ലാഡിയേറ്റേഴ്സ് ഇന്‍ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’, റേസിംഗ് ട്രാക്കിന്റെ ഗ്ലാമറിനപ്പുറത്തേക്ക്
സഞ്ചരിക്കുന്ന ഡോക്യുമെന്ററിയാണ്. മോട്ടോര്‍സ്പോര്‍ട്സിനോടുള്ള അജിത്ത് കുമാറിന്റെ ആഴത്തിലുള്ള അഭിനിവേശം,
അദ്ദേഹം ഏറ്റെടുത്ത വെല്ലുവിളികള്‍, നേരിട്ട അപകടസാധ്യതകള്‍, സ്വന്തം പരിധികളെ നിരന്തരം മറികടക്കാന്‍
അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന അച്ചടക്കം എന്നിവയെല്ലാം ട്രെയിലറില്‍ കാണാം.
‘ദി വാൻ- ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’: ഗാനത്തിന്റെ അനുമതിയില്ലാത്ത ഉപയോഗമെന്ന് ആരോപണം
സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി വാന്‍- ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’
എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായ സര്‍ഗം വൈശ്.
തന്റെ അനുമതിയില്ലാതെയാണ് ‘അയി ഗിരിനന്ദിനി’ എന്ന ഗാനം സിനിമയുടെ ട്രെയ്‌ലറില്‍ ഉപയോഗിച്ചതെന്ന് സര്‍ഗം വൈശ്
ഇന്‍സ്റ്റാഗ്രാമിലൂടെ ആരോപിച്ചു. പാട്ട് ട്രെയ്‌ലറില്‍നിന്ന് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി
സ്വീകരിക്കുമെന്നും സര്‍ഗം വൈശ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായ ‘അയി ഗിരിനന്ദിനി’ എന്ന ഗാനം ട്രെയ്‌ലറിന്റെ
1.08 മുതല്‍ 1.30 സെക്കന്‍ഡ് വരെയുള്ള ഭാഗത്താണ് അനുമതിയില്ലാതെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അരുണാഭ് കുമാറിന്റെ രചനയില്‍ ദീപക് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 25-നാണ്
തിയേറ്ററുകളില്‍ എത്തുന്നത്.
ടാറ്റ സിയറയുടെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു; പ്രാരംഭ വില 13.99 ലക്ഷം രൂപ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു.
സിയറ ലെജന്‍ഡ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ എഡിഷന്‍ ടാറ്റ അവതരിപ്പിച്ചത്. 13.99 ലക്ഷം രൂപയാണ്
പ്രാരംഭവില.
പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്റ്
ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്.
ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
അകത്തളത്തില്‍ ഓള്‍ ബ്ലാക്ക് വയലറ്റ് എക്ലിപ്‌സ് ഇന്റീരിയര്‍ തീം ലഭിക്കുന്നു. എസി വെന്റ് ബെസലുകള്‍, ഡോര്‍
ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകള്‍ എന്നിവയില്‍ പര്‍പ്പിള്‍ ക്രോം ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ട്.
സാങ്കേതികമായി സാധാരണ സിയറയില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് എഡിഷനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
‘സ്ത്രീയേ, ഇതാ നിന്റെ മകൻ’: അതിജീവനത്തിന്റെ ആഖ്യാനം
ഹൈറേഞ്ചിന്റെ പച്ചപ്പില്‍നിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ
സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തില്‍ അവന്‍ നേരിട്ട കനല്‍വഴികളും മറയില്ലാതെ കോറിയിടുന്നു ഇതില്‍.
ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളില്‍ തളര്‍ന്നുപോയപ്പോള്‍ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേല്‍
മേരിയുടെ വാക്കുകളായിരുന്നു.
അമ്മയും കമ്പിളികണ്ടം എന്ന നാടും പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങളിലൂടെ, തകര്‍ച്ചകളില്‍നിന്ന് പുതിയൊരു ജീവിതത്തിലേക്കു
നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകന്‍.
‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’. ബാബു അബ്രഹാം. മാതൃഭൂമി. വില 399 രൂപ.
കാലാവസ്ഥാ വ്യതിയാനം: 2040ഓടെ കേരളത്തിൽ ഡെങ്കിപ്പനി 16-20 ശതമാനം വരെ ഉയരാമെന്ന് പഠനം
കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തില്‍ 2040-ഓടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധ 16-20 ശതമാനംവരെ ഉയരാമെന്ന് പഠനം.
മഴ, താപനില, അന്തരീക്ഷ ആര്‍ദ്രത, എല്‍നിനോ-ലാനിന പ്രതിഭാസങ്ങള്‍ എന്നിവ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്ന
പ്രധാന ഘടകങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘ജിയോ ഹെല്‍ത്ത്’ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. താപനില, മഴ, ഈര്‍പ്പം
എന്നിവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം, അതിജീവനം, കടിക്കുന്ന നിരക്ക്, കൊതുകിനുള്ളിലെ വൈറസ്
വളര്‍ച്ച എന്നിവയെ സ്വാധീനിക്കുന്നതാണ് വര്‍ധനയ്ക്ക് പ്രധാന കാരണം.
ഇടവപ്പാതിക്കാലത്താണ് മൊത്തം കേസുകളുടെ 60 ശതമാനവും. മഴക്കാലത്തിനുമുമ്പുള്ള മാസങ്ങളില്‍ 30.5 മുതല്‍ 32.5
ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയും 66 മുതല്‍ 79 ശതമാനം വരെയുള്ള ആര്‍ദ്രതയും, മണ്‍സൂണ്‍ കാലത്ത് പ്രതിമാസം
180 മുതല്‍ 450 മില്ലിമീറ്റര്‍ വരെയുള്ള മഴയും വ്യാപനത്തിന് അനുകൂലമാണ്.
കൃത്യമായ കാലാവസ്ഥാവിവരങ്ങളും എ.ഐ. അധിഷ്ഠിത മെഷീന്‍ ലേണിങ് മാതൃകകളും ഉപയോഗിച്ച് അഞ്ചുമാസം മുന്‍പുവരെ
രോഗസാധ്യത പ്രവചിക്കാന്‍ കഴിയുന്ന സംവിധാനം ഉപയോഗപ്പെടുത്താമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു.





























