ന്യൂ ഡെൽഹി:
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹികൾക്കും സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. 2026 നവംബർ 6-നാണ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്.
2026 ഒക്ടോബർ 12-ന് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചീഫ് ജസ്റ്റിസിനെതിരെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. “നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവെക്കൂ, പകരം മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം” എന്ന രീതിയിലായിരുന്നു പരാമർശം.
രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്ന് കോടതി ഓർമ്മിപ്പിച്ചു. ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകൻ (വിജയ് തോട്ടത്തിൽ) വ്യക്തിപരമായി പങ്കുവെച്ചതാണ് ഈ പോസ്റ്റ് എന്നും, ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇത് നീക്കം ചെയ്യുകയും ഇയാളെ ചുമതലകളിൽ നിന്ന് മാറ്റുകയും ചെയ്തുവെന്ന് കെപിസിസി കോടതിയെ അറിയിച്ചു. കൂടാതെ സംഭവത്തിൽ അവർ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ക്ഷമാപണം പൂർണ്ണമായി സ്വീകരിക്കാൻ തയ്യാറാകാത്ത സുപ്രീം കോടതി, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടാണ് എല്ലാ ഭാരവാഹികൾക്കും നോട്ടീസ് നൽകിയത്.
വിഷയത്തിൽ വിശദമായ പരിശോധനകൾക്കായി കോടതി അമിക്കസ് ക്യൂറിയെയും നിയമിച്ചിട്ടുണ്ട്.
































