ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യാനാകുമ്പോൾ മാത്രമേ അയ്യർ ഇന്ത്യയിലേയ്ക്ക് മടങ്ങൂവെന്നും ബോർഡ് അറിയിച്ചു.
‘ശ്രേയസ് അയ്യർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായതിൽ സന്തുഷ്ടരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർനടപടികൾക്കായി ശ്രേയസ് സിഡ്‌നിയിൽ തന്നെ തുടരും. പറക്കാൻ ആരോഗ്യം മികച്ചതാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങും’- ബിസിസിഐ അറിയിച്ചു.
അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ അയ്യരുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീണതാണ് പരിക്കിന് കാരണമായത്. തുടർന്ന് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു
കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം
തിരുവവന്തപുരം: കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.
ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സമകാലികത എന്ന സങ്കല്പനം കെ ജി എസ് കവിതകളുടെ അപഗ്രഥനത്തിൽ സുപ്രധാനസ്ഥാനം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാംതന്നെ ഒരർഥത്തിൽ സമകാലികാനുഭവങ്ങളോടുള്ള നേരിടലുകളാണെന്നു പറയാം.
1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ”ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.
നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
മുംബൈ: നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 11 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
നവംബര്‍ 1 – ശനിയാഴ്ച- കന്നഡ രാജ്യോത്സവം, ഇഗാസ്-ബാഗ്വാള്‍- കര്‍ണാടകയിലും ഉത്തരാഖണ്ഡിലും അവധി
നവംബര്‍ 2- ഞായറാഴ്ച
നവംബര്‍ 5- ബുധനാഴ്ച- ഗുരുനാനാക്ക് ജയന്തി, കാര്‍ത്തിക് പൂര്‍ണിമ- നിരവധി സംസ്ഥാനങ്ങളില്‍ അവധി
നവംബര്‍ 7- വെള്ളിയാഴ്ച- വാംഗല ഉത്സവം- മേഘാലയയില്‍ അവധി
നവംബര്‍ 8- രണ്ടാം ശനിയാഴ്ച
നവംബര്‍ 9- ഞായറാഴ്ച
നവംബര്‍ 11- ചൊവ്വാഴ്ച- ലബാബ് ഡച്ചന്‍ 2025- സിക്കിമില്‍ അവധി
നവംബര്‍ 16- ഞായറാഴ്ച
നവംബര്‍ 22- നാലാം ശനിയാഴ്ച
നവംബര്‍ 23- ഞായറാഴ്ച
നവംബര്‍ 30- ഞായറാഴ്ച
ബെംഗളൂരൂ – എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച മുതൽ
കൊച്ചി: ബെംഗളൂരൂ – എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച സർവ്വീസ് തുടങ്ങും. ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്.
രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. 90,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്.
ആഗോളവിപണിയിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്.
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.
വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച മുളവന സ്വദേശിയായ പ്രതി ശുചിമുറിയിൽ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം
ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കിയ മധ്യവയസ്ക്കൻ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഹൃദയാഘാതം മൂലമെന്ന് ‘പ്രാഥമിക വിവരം.കൊല്ലം കുണ്ടറ മുളവന പടപ്പക്കര ശ്യാം വിലാസത്തിൽ ജസ്റ്റിൻ ഏലിയാസ് (60) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം.മണൽ കടത്തുമായി ബന്ധപ്പെട്ട്
കിഴക്കേ കല്ലട പൊലീസ് ചാർജ് ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തയാളാണ് ഇയ്യാൾ.വിചാരണ നടപടികൾക്കായി കോടതിയിൽ എത്തിച്ച ശേഷം ‘പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനായി കോടതി നടപടികൾക്കിടെ സമീപത്തെ ശുചിമുറിയിലേക്ക് പോയതായിരുന്നു.എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം പുറത്തുവരാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാരും അഭിഭാഷകരും വാതിലിൽ തട്ടിവിളിച്ചു.മറുപടി ലഭിക്കാതായതോടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു.അകത്ത് തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് ജസ്റ്റിനെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത് സർവീസ് തുടങ്ങുന്നു
കൊച്ചി.കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. സർവീസ് നടത്തുക കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്. ഉച്ചയ്ക്ക് 2.20 ന് കൊച്ചിയിൽ നിന്നും പുറപ്പെടും. രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ എത്തും. ബാംഗ്ലൂരിൽ നിന്നും പുലർച്ചെ 5.10 ന് തിരികെ യാത്ര
ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിനിന്റെ ഷെഡ്യൂൾ നിശ്ചയിച്ചു
ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം മഹാപ്രതിജ്ഞ റാലിയോടെ ഇന്ന് അവസാനിപ്പിക്കും
തിരുവനന്തപുരം.സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന മഹാപ്രതിജ്ഞ റാലിയോടെയായിരിക്കും സമാപനം ഉണ്ടാവുക. പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം അവസാനിപ്പിച്ചാലും ജില്ലാതലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ഓണറേറിയം 21000 രൂപയാക്കുക , പെൻഷൻ വിരമിക്കൽ ആനുകൂല്യം എന്നീ ആവശ്യങ്ങളാണ് ആശാമാർ ആവശ്യപ്പെട്ടത്. 1000 രൂപയുടെ വർദ്ധനവ് തുച്ഛമായ തുകയായി കണക്കാക്കുന്നു എങ്കിലും സമര നേട്ടം എന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഫെബ്രുവരി പത്തിനാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്.


























