തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിധിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്.
നിധിൻ രാജിന്റെ വേർപാട് അത്യന്തം വേദനയുളവാക്കുന്നതാണെന്നും ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.
ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്”





































