കോഴിക്കോട്.അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ജയിൽ മോചിതനായി.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ റാമിന് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശിക്കരുത്, വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി എം കെ റാമിന് ജാമ്യം അനുവദിച്ചത്.
ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം, ജാതീയ അധിക്ഷേപം, ഭീഷണി എന്നിവയാണ് നിധിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹപാഠികളും അധ്യാപകർക്കെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആത്മഹത്യയുമായി
ബന്ധമില്ലെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മരണത്തിന് പിന്നിലെന്നുമായിരുന്നു കോടതിയിൽ റാമിന്റെ വാദം.
ആത്മഹത്യയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ റാമിന്റെ ഹർജി ആദ്യം തലശേരി അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയും മുൻകൂർ ജാമ്യം അനുവദിച്ചില്ല. ഏകദേശം മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞ റാമിനെ ജൂലൈയിലാണ് അന്വേഷണ സംഘം പിടികൂടിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകിൽ നിന്നായിരുന്നു കസ്റ്റഡി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ കേസിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

































