തിരുവനന്തപുരം: അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന ഇത്തരം അതിക്രമങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല എന്നും അതിന് തടയിടുന്നതിന് കര്‍ശന ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം വരുത്തരുതെന്നും കെ.സി.സി. ആവശ്യപ്പെട്ടു. കെ.സി.സി. പ്രസിഡന്റ് ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. എ. ആര്‍. നോബിള്‍, നെടുമങ്ങാട് അസംബ്ലി ഭാരവാഹികളായ ആർ.വിജയരാജ്, ജെ.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കെ.സി.സി. ഭാരവാഹികള്‍ നിതിന്‍ രാജിന്റെ കുടുംബം സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
കര്‍ശന നടപടികള്‍ ഉണ്ടായില്ല എങ്കില്‍ കെ.സി.സി.യുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




































