28.8 C
Kollam
Saturday 7th November, 2026 | 05:19:02 PM
Home News Breaking News ‘ജീവജലം -ജാതിക്കതീതം’ദളിത് വിമോചന ഞായർ നാളെ

‘ജീവജലം -ജാതിക്കതീതം’ദളിത് വിമോചന ഞായർ നാളെ

Advertisement

തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെയും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദളിത് വിമോചന ഞായർ 2026 നവംബർ 8-ന് ആചരിക്കും. ‘ജീവജലം – ജാതിക്കതീതം’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.

യേശു ശമര്യക്കാരിയായ സ്ത്രീയോട് സംസാരിക്കുന്ന ബൈബിൾ സന്ദർഭത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സന്ദേശം രൂപപ്പെടുത്തിയിരിക്കുന്നത്. അക്കാലത്തെ ജാതീയവും മതപരവും സാമൂഹികവുമായ അതിരുവരമ്പുകളെ വെല്ലുവിളിച്ച വിപ്ലവകരമായ ഇടപെടലായിരുന്നു യേശുവിന്റെ ഈ സംഭാഷണം. സ്ത്രീയുടെ അന്തസ്സിനെയും അവകാശത്തെയും അംഗീകരിച്ചുകൊണ്ട് ദൈവരാജ്യത്തിന്റെ സമത്വദർശനം യേശു ഉയർത്തിപ്പിടിച്ചതായി ഈ സന്ദർഭം ഓർമിപ്പിക്കുന്നു.

ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം പോലെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കുപോലും ജാതിവിവേചനത്തിന്റെ പേരിൽ ദളിതർ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ആപ്തവാക്യത്തിന് പ്രത്യേക സാമൂഹിക പ്രസക്തിയുണ്ടെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്,ദളിത് കമ്മീഷൻ ചെയർമാൻ ക്യാപ്റ്റൻ ടിനോ.കെ. തോമസ് എന്നിവർ പറഞ്ഞു.

ജാതിവിവേചനം, തൊട്ടുകൂടായ്മ, സാമൂഹിക പുറന്തള്ളൽ എന്നിവ സമൂഹത്തിലും സഭകളിലും വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന സഭകൾ ഇത്തരം യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ നിശ്ശബ്ദരായിരിക്കരുത്. ദളിത് സമൂഹത്തിന്റെ അന്തസ്സും തുല്യനീതിയും സാമൂഹിക പങ്കാളിത്തവും സഭകളുടെ നേതൃത്വത്തിലുള്ള അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ ധാർമിക ഉത്തരവാദിത്വമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ദളിത് വിമോചന ഞായർ സഭകളിലെ ആരാധനാചരണങ്ങളിൽ മാത്രം ഒതുങ്ങാതെ കുടുംബങ്ങളിലേക്കും വിവിധ സാമൂഹിക കൂട്ടായ്മകളിലേക്കും വ്യാപിപ്പിക്കണമെന്നും ഇതിനായി സഭകളുടെയും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉണ്ടാകണമെന്നും
ജാതിയുടെ മതിലുകൾ തകർത്ത് മനുഷ്യന്റെ അന്തസ്സും തുല്യാവകാശവും അംഗീകാരവും ഉറപ്പാക്കുന്ന ക്രിസ്തുവിന്റെ സ്നേഹസാക്ഷികളായി സമൂഹം മാറണമെന്നും അഡ്വ പ്രകാശ് പി തോമസ്,ക്യാപ്റ്റൻ ടിനോ തോമസ് എന്നിവർ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here