മലപ്പുറം: വൈലത്തൂരിൽ എഎസ്ഐയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി മുഹമ്മദ് സഫ്വാനെയും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ദിൽഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്ഐ രാമചന്ദ്രൻ പറഞ്ഞു.
വൈലത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ച എഎസ്ഐ വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുവാക്കൾ ഉദ്യോഗസ്ഥനെ ആക്രമിച്ചതെന്നാണ് വിവരം.
രണ്ടുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സഫ്വാൻ പിടിയിലായത്. മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ട്രെയിൻ മാർഗം ആലപ്പുഴയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ലഹരിയിടപാട് കേസിൽ രണ്ടുവർഷം അബുദാബി ജയിലിൽ കഴിഞ്ഞിട്ടുള്ള സഫ്വാനെ പിന്നീട് നാടുകടത്തിയതാണെന്ന് പോലീസ് പറയുന്നു. നാട്ടിലെത്തിയ ശേഷവും ലഹരിയിടപാടിലും കവർച്ചയിലും ഏർപ്പെട്ടിരുന്നുവെന്നാണ് ആരോപണം. സ്വന്തം വീട്ടിൽനിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചെന്ന പരാതിയും ഇയാൾക്കെതിരെയുണ്ടെന്ന് കൽപകഞ്ചേരി പോലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ എഎസ്ഐ രാമചന്ദ്രന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലം, ചുണ്ട്, ഇടതുകണ്ണിന്റെ പുരികം എന്നിവിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.




























