Home Blog Page 751

ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം

കൊച്ചി: ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി. രാവിലെ 10.30-ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 12.05-ഓടെ അഗത്തിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ‘ട്വിന്‍ ഓട്ടര്‍’ സീപ്ലെയിന്‍ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. 20 യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന വിമാനത്തില്‍ എട്ടുപേരുമായാണ് ആദ്യ യാത്ര നടത്തിയത്. മൂന്ന് ദിവസങ്ങളിലായി അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ച് 12 പരീക്ഷണ സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ ദീപാദാസ് മുൻഷി കേരളത്തിലേക്ക്

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. ഇന്ന് വൈകിട്ട് മുന്നേകാലിനു വിമാനത്തിൽ അവർ ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെടും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ദീപാദാസ് മുൻഷിയുടെ കേരള സന്ദർശനം. കേരളത്തിലെത്തുന്ന ഇവർ മുസ്ലീം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ദീപാദാസ് മുൻഷിയ്ക്കൊപ്പം നിലവിൽ ഡൽഹിയിലുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും കേരളത്തിലേയ്ക്ക് മടങ്ങും. വൈകിട്ട് ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മറ്റ് ചർച്ചകളെല്ലാം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും സൂചനയുണ്ട്. അതിനിടെ ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

വലിയപാടം കെ കെ ഹൗസിൽ സൈനബ ബീവി  നിര്യാതയായി

പടിഞ്ഞാറേ കല്ലട . വലിയ പാടം കെ കെ ഹൗസിൽ ഹനീഫകുട്ടിയുടെ ഭാര്യ സൈനബ ബീവി (75) നിര്യാതയായി സംസ്കാര കർമ്മം ഇന്ന് വൈകിട്ട് 6 മണിക്ക് കാരാളിമുക്ക് ജുമാ മസ്ജിദിൽ

മക്കൾ,
സംയത്ത് ബീവി, സുബൈർ കുട്ടി ,ഷാജഹാൻ
ലത്തീഫ ബീവി,
റഹീം
പൂക്കുഞ്ഞ്
നൗഷാദ്
ഷിഹാബ്
മരുമക്കൾ
അബ്ദുൽ റഹീം ബഷീർ കുട്ടി
നിസ ബീവി
ജമീല ബീവി
സജീന
റഷീദ്
ആരിയത്ത്
താഹിറ

കാലവര്‍ഷം ശനിയാഴ്ചയോടെ എത്തിയേക്കും…. മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ശനിയാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം… രാവിലെ കൂടി… ഉച്ചയ്ക്ക് തിരിച്ചിറക്കം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് തിരിച്ചിറങ്ങി. ഗ്രാമിന് 540 രൂപ കുറഞ്ഞ് 14,850 രൂപയും പവന്‍ വില 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയിലുമെത്തി. സ്വര്‍ണ ഇറക്കുമതി തീരുവ ആറില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചത്.
രാവിലെ പവന് 10,200 രൂപ വര്‍ധിച്ചിരുന്നു. ഒറ്റദിവസത്തില്‍ ഇത്രയും വില കൂടുന്നത് ഇതാദ്യമാണെന്ന് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരം ചാഞ്ചാട്ടങ്ങള്‍ സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:


സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ വിലയ്ക്ക് പുറമെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, അതിന് 18 ശതമാനം ജിഎസ്ടി എന്നിവയാണ് നല്‍കേണ്ടത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റമുണ്ടാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ നിലവിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി അറ്റകുറ്റപ്പണിക്കിടെ സ്ഫോടനം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക ജീവനക്കാരായ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ കൗണ്‍സില്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് എസിയില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗ്യാസ് ഫില്‍ ചെയ്യുന്നതിനിടെ വന്‍ ശബ്ദത്തോടെ എസി യൂണിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കാറുകളുടെ ചില്ലുകള്‍ തകരുകയും കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഫോടനം നടക്കുമ്പോള്‍ സമീപത്തെ ഹാളില്‍ മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ദൂരേക്ക് മാറിനിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്ഥിരമായി അറ്റകുറ്റപ്പണിക്ക് എത്താറുള്ള പരിചയസമ്പന്നരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഗ്യാസ് സിലിണ്ടറിലെ തകരാറാണോ അതോ സാങ്കേതികമായ മറ്റ് പിഴവുകളാണോ പൊട്ടിത്തെറിക്ക് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സിറ്റി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പോലുള്ള തിരക്കേറിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തൊട്ടടുത്ത് നടന്ന ഈ അപകടം അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. എസി മെയിന്റനന്‍സ് ജോലികളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും.

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍, ഉമാങ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് റിസള്‍ട്ട് അറിയാം.

ഔദ്യോഗിക വെബ്‌സൈറ്റുകള്‍:
cbse.gov.in

results.cbse.nic.in

digilocker.gov.in

umang.gov.in

ജ്യോത്സ്യനെ പ്രത്യേക ഓഫീസറായി നിയമിച്ച തീരുമാനം പിന്‍വലിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോത്സ്യനെ പ്രത്യേക ഓഫീസറായി നിയമിച്ച തീരുമാനം പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. ശാസ്ത്രീയമായ രീതിയില്‍ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.
തമിഴ്നാട് നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

700 രൂപയുടെ വന്ദേഭാരത് ടിക്കറ്റ് 380 രൂപ നിരക്കിൽ നൽകാമെന്ന് വാഗ്ദാനം

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിൽ കുറ‌ഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്‌ദാനം ചെയ്‌ത ടിടിഇയെ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനറെ) ഇന്ത്യൻ റെയിൽവേ സസ്‌പെൻഡ് ചെയ്‌തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയാണ് നടപടിക്ക് വഴിവച്ചത്.

യാത്രക്കാരനുമായി ടിടിഇ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യാത്രയ്‌ക്കുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക് ഏകദേശം 700 രൂപയാണെങ്കിലും 380 രൂപയ്‌ക്ക് സീറ്റ് ക്രമീകരിക്കാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് ആരോപണം. ഇത്തരത്തിലൊന്ന് അനുവദനീയമല്ലെന്ന് അദ്ദേഹംതന്നെ യാത്രക്കാരനോട് പറയുന്നതായും റിപ്പോർട്ടുകളുണ്ട്.സോഷ്യൽമീഡിയയിൽ വീഡിയോ വൻ പ്രതിഷേധത്തിന് വഴിതുറന്നതോടെ റെയിൽവേയും ഡിആർഎം ദാനാപൂർ വിഭാഗവും വിഷയത്തിൽ ഇടപെടുകയായിരുന്നു.

തുടർന്നാണ് ടിടിഇയെ സസ്‌പൻഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം കാത്തിരിപ്പ് പട്ടികയിലുള്ള യാത്രക്കാരെ ഉൾപ്പെടുത്തുകയോ ഒഴിവുള്ള സീറ്റുകൾ അനുവദിക്കുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളിൽ ടിടിഇമാർക്ക് ഓൺബോർഡ് ടിക്കറ്റ് നൽകാൻ അധികാരമുണ്ട്. എന്നാൽ, നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെയോ ഔദ്യോഗിക നിരക്കിൽ വ്യത്യാസം വരുത്തിയോ പണം ഈടാക്കുന്നത് ഗുരുതര ചട്ടലംഘനമായാണ് കണക്കാക്കുന്നത്.

വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് വിമർശനങ്ങളുമായെത്തിയത്. അഴിമതിയുടെയും അധികാര ദുരുപയോഗത്തിന്റെയും ഉദാഹരണമാണ് ടിടിഇയുടെ നടപടിയെന്ന് ചിലർ വിമർശിച്ചപ്പോൾ മറ്റുചിലർ പഴയ റെയിൽവേ രീതികളുടെ തുടർച്ചയെന്നാണ് വിമർശിച്ചത്. ടിടിഇ യാത്രക്കാരനെ സഹായിക്കാൻ ശ്രമിച്ചതാണെന്ന വാദവും ചിലർ മുന്നോട്ടുവച്ചു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസ്; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച് സിബിഐ, 10 സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി അന്വേഷണം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. രാജസ്ഥാൻ പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നീട്ടിയത്.

ചോർത്തിയ ചോദ്യപ്പേപ്പറിന്റെ മാതൃക കേരളത്തിലും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ലഭിച്ച ഏകദേശം 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നാണ് ചോദ്യപ്പേപ്പർ ചോർച്ച ആരംഭിച്ചതെന്നതാണ് പ്രാഥമിക കണ്ടെത്തൽ. ഇവിടെ നിന്ന് ചോദ്യപ്പേപ്പർ കൈപ്പറ്റിയ ശുഭം കർനിയാർ എന്നയാളിലേക്ക് വിവരങ്ങൾ എത്തിയതായും പിന്നീട് ഹരിയാനയിലെ ഡോക്ടർ വഴി മനീഷ് യാദവ്, രാകേഷ് കുമാർ എന്നിവരിലേക്ക് കൈമാറിയതായും അന്വേഷണത്തിൽ പറയുന്നു.

തുടർന്ന് ജയ്‌പൂർ, ഡൽഹി, കേരളം, ഡെറാഡൂൺ, ജമ്മു കാശ്മീർ, ബീഹാർ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കും ഈ സംഘത്തിന്റെ ബന്ധം വ്യാപിച്ചതായി സംശയിക്കുന്നു. ടെലഗ്രാം, വാട്‌സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി 25,000 മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കി ചോദ്യപ്പേപ്പർ വിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ചോദ്യപ്പേപ്പർ ‘മാതൃകാ പേപ്പർ’ എന്ന പേരിൽ മാറ്റി വിതരണം ചെയ്തതായി സൂചനയുണ്ട്. ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമിസ്ട്രിയിലെ 45ൽ 35 എണ്ണവും യഥാർത്ഥ പരീക്ഷാ ചോദ്യങ്ങളുമായി സാമ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിക്കും ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും പേപ്പർ ലഭിച്ചതായും സംശയിക്കുന്നു.

അതേസമയം, കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ഹർജി സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം സിബിഐ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തുടരുകയാണ്.