തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലെത്തി. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി.
ഇറക്കുമതി തീരുവ ഉയര്ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചു ഉയർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഒറ്റയടിക്ക് ഇത്രയും വലിയൊരു വർധനവ് സമീപകാലത്ത് ആദ്യമായാണ് സംഭവിക്കുന്നത്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. വെള്ളി വിലയിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
സ്വർണ വില കുത്തനെ ഉയർന്നു…. ഒറ്റയടിക്ക് വർദ്ധിച്ചത് പതിനായിരത്തിന് മുകളിൽ
അജ്ഞാത വാഹനം ഇടിച്ച് തിരക്കേറിയ പാതയിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു;അപകട ഭീഷണിയിൽ കുന്നത്തൂർ ആറ്റുകടവ്
കുന്നത്തൂർ:കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ കൊടും വളവിൽ അജ്ഞാത വാഹനം ഇടിച്ച് 11 കെ.വി ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.കുന്നത്തൂർ അറ്റുകടവ് ജംഗ്ഷന് സമീപത്തെ എൽ.പി സ്കൂളിനു സമീപം ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.പുത്തൂർ ഭാഗത്തു നിന്നും എത്തിയ വാഹനം വളവ് തിരിയുന്നതിനിടയിൽ ഇടത്തോട്ട് കയറി എൽ.പി സ്കൂളിന് സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.റോഡ് ടാറിംഗിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് വച്ചിരുന്ന ബോർഡുകളും തകർന്നു.വാഹനത്തിൻ്റെ തകർന്ന ഭാഗങ്ങളും ചിതറി കിടപ്പുണ്ട്.അപകടം സൃഷ്ടിച്ചവർ വാഹനവുമായി കടന്നുകളഞ്ഞതായാണ് വിവരം.രണ്ടായി മുറിഞ്ഞ പോസ്റ്റിനു സമീപം മറ്റൊരു പോസ്റ്റുമുണ്ട്.ഇവ രണ്ടെണ്ണവും പരസ്പരം സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഇതിനാലാണ്
രണ്ടായി മുറിഞ്ഞ പോസ്റ്റ് നിലം പതിക്കാതിരുന്നത്.വേനൽ മഴ ശക്തമായ സാഹചര്യത്തിൽ ചെറിയൊരു കാറ്റടിച്ചാൽ പോലും പോസ്റ്റും ലൈനുകളും തിരക്കേറിയ പാതയിലേക്ക് മറിയാനുള്ള സാധ്യതയാണുള്ളത്.ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയേക്കാം.കെഎസ്ഇബി കടമ്പനാട് സെക്ഷൻ അധികൃതർ
അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സർക്കാർ വകുപ്പുകളിലും ചെലവുചുരുക്കൽ; സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പെട്രോൾ, ഡീസൽ പ്രതിസന്ധിയ്ക്ക് പിന്നാലെ സ്വന്തം സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വാഹനങ്ങൾ വാങ്ങി അധിക സാമ്പത്തിക ബാധ്യത വരുത്താതെ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് (എസ്പിജി) നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബ്ലൂ ബുക്കിലെ നിയമങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ എസ്പിജി ആരംഭിച്ചു.ഞായറാഴ്ച ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ ഇന്ധന ഉപഭോഗവും സ്വർണ്ണ ഉപഭോഗവും കുറയ്ക്കാനും വർക്ക് ഫ്രം ഹോം രീതിയിലേയ്ക്ക് മാറാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഔദ്യോഗിക തലത്തിൽ തന്നെ മാറ്റങ്ങൾക്ക് തുടക്കമിട്ട് അദ്ദേഹം മാതൃകയായത്.ഗുജറാത്തിലും അസമിലും നടത്തിയ സന്ദർശനങ്ങളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ഇതേ നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.
കേന്ദ്രമന്ത്രി സി.ആർ. പാട്ടീൽ അകമ്പടി വാഹനം ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കി.വരും ദിവസങ്ങളിൽ എല്ലാ സർക്കാർ വകുപ്പുകളിലും കർശനമായ ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടായേക്കും. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് സൂചന.
ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ജോലി. എന്നാൽ ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.
പാക്കറ്റ് ഭക്ഷണങ്ങൾ
പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കാരണം ഇവയിൽ ധാരാളം പ്രിസർവേറ്റീവുകൾ ചേർത്തിട്ടുണ്ട്. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
മധുരമുള്ള ജ്യൂസുകൾ
കുപ്പികളിൽ ലഭിക്കുന്ന മധുരമടങ്ങിയ ജ്യൂസുകൾ അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്യുന്നു.
അമിതമായ ഉപ്പിന്റെ ഉപയോഗം
ഉപ്പിന്റെ ഉപയോഗം അമിതമായാലും വൃക്കകൾ തകരാറിലാവാൻ സാധ്യത കൂടുതലാണ്. അതിനാൽ അമിതമായ അളവിൽ ഇത് കഴിക്കുന്നത് ഒഴിവാക്കണം.
അമിതമായ പ്രോട്ടീൻ ഉപയോഗം
പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് ആരോഗ്യകരമല്ല. ഇത് കൊഴുപ്പ് ഉണ്ടാവാനും, കലോറി കൂടാനും കാരണമാകും.
ചൈനക്ക് വേണ്ടി ചാരപ്രവർത്തനം, കേസിന് പിന്നാലെ അമേരിക്കയിൽ മേയർ രാജി വെച്ചു; മുൻ പ്രതിശ്രുത വരനും ഇതേ കേസിൽ ജയിലിൽ
കാലിഫോര്ണിയ: ചൈനക്ക് വേണ്ടി ചാര പ്രവര്ത്തനം നടത്തിയെന്ന് ആരോപിച്ചുള്ള കേസിന് പിന്നാലെ അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള അർക്കേഡിയ നഗരത്തിലെ മേയർ രാജിവെച്ചു. 58-കാരിയായ ഐലീൻ വാംഗ് ആണ് രാജി വെച്ചത്. അർക്കാഡിയയിലെ മേയറായ എലീൻ വാങ് ചൈനീസ് സർക്കാരിന്റെ അനധികൃത ഏജന്റായി പ്രവർത്തിച്ചുവെന്നായിരുന്നു കേസ്.
ചൈനീസ് ഭരണകൂടത്തിന് വേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചുവെന്ന കുറ്റം ഇവർ സമ്മതിച്ചു. പിന്നാലെ എലീൻ മേയർ പദവിയിൽ നിന്നും രാജി വയ്ക്കുകയായിരുന്നു. യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന് വേണ്ടി ചാരവൃത്തിയിലേർപ്പെട്ടു എന്ന കുറ്റമാണ് ഐലീനെതിരെ ചുമത്തിയത് പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് എലീൻ ചൈനക്ക് വേണ്ടി ചാര പ്രവർത്തനം നടത്തിയത്. ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചൈനയ്ക്ക് അനുകൂലമായ വാർത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാൻ ഇവർ സഹായിച്ചുവെന്നും ഇതിനായി ‘യുഎസ് ന്യൂസ് സെന്റർ’ എന്ന വെബ്സൈറ്റ് ഉപയോഗിച്ചു എന്നുമാണ് മേയർക്കെതിരെ ആരോപിക്കപ്പെച്ച കുറ്റം. വാംഗിന്റെ മുൻ പ്രതിശ്രുത വരൻ യാവോനിംഗ് മൈക്ക് സൺ ഇതേ കുറ്റത്തിന് നിലവിൽ നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളാണ് വാംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈകാര്യം ചെയ്തിരുന്നത്.
2022 നവംബറിൽ ആണ് എലീൻ അർക്കാഡിയ മേയറാകുന്നത്. ലോസ് ഏഞ്ചൽസിന് സമീപമുള്ള അർക്കേഡിയ നഗരത്തിൽ ഭൂരിഭാഗവും ഏഷ്യൻ വംശജരാണ്. ചൈനീസ് വംശജരായ വലിയൊരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ തെറ്റായ ബന്ധങ്ങളാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും, നഗരത്തോടുള്ള സ്നേഹത്തിൽ മാറ്റമില്ലെന്നും എലീൻ വാങ് രാജിക്ക് പിന്നാലെ തന്റെ അഭിഭാഷകർ മുഖേന പ്രസ്താവനയിറക്കിയിട്ടുണ്ട്.
‘വിജയ് മതേതരവാദി, പ്രത്യയശാസ്ത്രം ബിജെപി വിരുദ്ധം’, ജനങ്ങൾ വോട്ടുചെയ്തത് മാറ്റത്തിനെന്ന് പെരുമാൾ മുരുകൻ
ചെന്നൈ: തമിഴ്നാട്ടിൽ പണാധികാരത്തിൽ നിന്നുള്ള മാറ്റത്തിനായാണ് ജനങ്ങൾ വിജയ്യെ തെരഞ്ഞെടുത്തതെന്ന് എഴുത്തുകാരൻ പെരുമാൾ മുരുകൻ. വിജയ്യുടേത് ബിജെപി വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും ടിവികെ യുവാക്കൾക്കും യുവതികൾക്കും മികച്ച പ്രതിനിധ്യം നൽകി, വോട്ടർമാർക്ക് പണം നൽകാതെ വിജയിച്ചവരാണ് ടീവികെ സ്ഥാനാർഥികൾ, വിജയ് ദ്രാവിഡ രാഷ്ട്രീയം പിന്തുടരുന്ന ആളാണ്. വിജയ് മതേതരവാദിയെന്നും പെരുമാൾ മുരുകൻ പറഞ്ഞു.
കൂടാതെ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവായത് കുടുംബാധിപത്യം അല്ലെന്നും ഉദയനിധി ഡിഎംകെ പ്രവർത്തകർ അംഗീകരിക്കുന്ന നേതാവാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്.അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാര്?… ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരമായേക്കും
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാര് എന്ന ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരമായേക്കും. മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ ഹൈക്കമാൻഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതിന് എഐസിസി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നും, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത; കാരണം ഇറക്കുമതി തീരുവയിലെ വർദ്ധന, ആറിൽ നിന്ന് 15 ശതമാനത്തിലെത്തി
തിരുവനന്തപുരം: ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ.
രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186 ശതമാനം വർദ്ധിച്ച് 20 മെട്രിക് ടണ്ണിലെത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. വ്യാപാര കമ്മി കുറയ്ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്തിപ്പെടുത്തുന്നതിനും ആണ് സ്വർണം വാങ്ങുന്നതിൽ സ്വയം നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ 2024ൽ കുറച്ച നികുതി വീണ്ടും വർദ്ധിപ്പിച്ചത് സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.
10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ ഇറക്കുമതി തീരുവ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.
കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർ പൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം.
‘സ്വർത്ഥയായ സ്ത്രീ, അവളെൻ്റെ കുടുംബം തകർത്തു’; ബിജെപി നേതാവായ ഭാര്യക്കെതിരെ പ്രതീകിൻ്റെ ഇൻസ്റ്റ പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു
ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മകനും അഖിലേഷ് യാദവിന്റെ അർധ സഹോദരനുമായ പ്രതീക് യാദവിന്റെ (36) അപ്രതീക്ഷിത മരണത്തിന് പിന്നാലെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ. പ്രതീകിൻ്റെ മരണത്തിലേക്ക് നയിച്ചത് ഹൃദയാഘാതമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഭാര്യയും ബിജെപി നേതാവുമായ അപർണ യാദവിനെതിരെ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭാര്യയെ സ്വാർത്ഥയെന്ന് വിമർശിക്കുന്ന പോസ്റ്റിൽ വിവാഹമോചനത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
“ഈ സ്വാർത്ഥയായ സ്ത്രീയിൽ നിന്ന് ഞാൻ എത്രയും വേഗം വിവാഹമോചനം നേടാൻ പോവുകയാണ്. അവൾ എന്റെ കുടുംബബന്ധങ്ങൾ തകർത്തു. പ്രശസ്തിയും സ്വാധീനവും മാത്രമാണ് അവളുടെ ലക്ഷ്യം. ഇപ്പോൾ ഞാൻ വളരെ മോശം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്, എന്നാൽ അവൾക്ക് അതിൽ ഒരു ആശങ്കയുമില്ല. കാരണം അവൾക്ക് അവളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. ഇത്രയും മോശമായ ഒരു ആത്മാവിനെ ഞാൻ കണ്ടിട്ടില്ല. ഇവളെ വിവാഹം കഴിക്കേണ്ടി വന്നത് എന്റെ നിർഭാഗ്യമാണ്” – എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലെ ഉള്ളടക്കം.
നിലവിൽ ഉത്തർപ്രദേശ് വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സണാണ് അപർണ യാദവ്. 2011 ലാണ് ഇവർ ഇരുവരും വിവാഹിതരായത്. മുലായം സിങ് യാദവിൻ്റെ രണ്ടാമത്തെ ഭാര്യ സാധന ഗുപ്തയുടെ മകനായ പ്രതീക് യാദവ്, ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വന്നിരുന്നില്ല. പൊതുപ്രവർത്തനത്തിൽ വിട്ടുനിന്ന അദ്ദേഹം ഹെൽത്ത് ആൻ്റ് ഫിറ്റ്നെസ് ബിസിനസിൽ ശ്രദ്ധ പതിപ്പിച്ച് കുടുംബത്തോടൊപ്പമാണ് ജീവിച്ചിരുന്നത്. മക്കളെയും മൃഗങ്ങളെയും ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 38-ാം വയസിലാണ് അദ്ദേഹത്തിൻ്റെ മരണം. ഇന്ന് രാവിലെ 6.15 ഓടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ, ലക്ഷ്യത്തിൽ സംശയിച്ച് ഗ്രൂപ്പുകൾ; ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാനോ? ഗാന്ധി കുടുംബത്തെ എതിരാക്കാനോ?
കോഴിക്കോട്: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്റെ ഉദ്ദേശലക്ഷ്യത്തിൽ ആശയകുഴപ്പം. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്റെ സംശയം.
ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്റെ സംശയം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കെ സി വേണുഗോപാലിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്.ഹൈക്കമാൻഡ് കെ സിയെ പ്രഖ്യാപിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന.
ഗ്രൂപ്പ് പോര് തെരുവിൽ പടരുമോ?
കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നടക്കം പോസ്റ്ററിൽ വിമർശനമുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. വയനാട്ടിലെ ജനങ്ങളെ മറക്കരുത്. ഷുവർ സീറ്റ് എപ്പോഴും അങ്ങനെ ആവില്ല. കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത് എന്നും പോസ്റ്ററുകളിലുണ്ട്. പോസ്റ്റർ പ്രതിഷേധം വാർത്തയായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഇവ കീറിക്കളഞ്ഞു. പക്ഷേ ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി ചർച്ചയിൽ മുൻവിധിയില്ലെന്ന് രാഹുൽ ഗാന്ധി
അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.




































