തിരുവനന്തപുരം: കോവളത്തെ സ്പാ സെന്ററിലെത്തിച്ച് ആന്ധ്ര സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യ ഇടനിലക്കാരി വാണി പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കേരളത്തിലെത്തിച്ചത് വാണിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസിൽ കഴിഞ്ഞ ദിവസം നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താത്കാലിക ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) അറസ്റ്റ് ചെയ്തിരുന്നു. വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന മായയ്ക്ക് സ്പാ നടത്തിപ്പുകാരിൽനിന്ന് വരുമാനത്തിന്റെ ഒരു വിഹിതം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവർക്കൊപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് പിടികൂടിയിരുന്നു. തോപ്പിച്ചന്തയിലും ചപ്പാത്തിലും ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47), ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവരും നേരത്തേ അറസ്റ്റിലായിരുന്നു. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാതായതായി ഇളയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈൽ ഫോണിൽനിന്ന് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഒരു കാർഡിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.



























