30.2 C
Kollam
Thursday 29th October, 2026 | 04:49:23 PM
Home News Breaking News പിഞ്ചുമക്കളുടെ കൊലപാതകം: അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

പിഞ്ചുമക്കളുടെ കൊലപാതകം: അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Advertisement

പാലക്കാട്: മേനോന്‍പാറയില്‍ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെ കുളിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ അമ്മ നിവേദ്യയുടെ ആണ്‍സുഹൃത്തിനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 29ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്ന ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കളിക്കുന്നതിനിടെ വീടിന് മുന്നിലെ ടാങ്കില്‍ വീണ് കുട്ടികള്‍ മുങ്ങിമരിച്ചെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന വിവരം. എന്നാല്‍, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിലാണ് കുട്ടികളെ അമ്മ നിവേദ്യ ആസൂത്രിതമായി വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

സ്വാതന്ത്ര്യത്തോടെ ജീവിക്കാനും മോഡലിങ്, പഠനം തുടങ്ങിയ ആഗ്രഹങ്ങള്‍ക്കും കുട്ടികള്‍ തടസ്സമാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിവേദ്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഉണ്ടായിട്ടുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

തുടര്‍ന്ന് തെളിവെടുപ്പിനിടെ നിവേദ്യ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കുട്ടികളെ കൊലപ്പെടുത്തിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മേനോന്‍പാറയിലെ ഗ്രാമീണ മേഖലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നിവേദ്യയുടെയും ആണ്‍സുഹൃത്തിന്റെയും നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here