കൊച്ചി. ഓപ്പറേഷന്‍ തൂഫാനില്‍ പിടിച്ചെടുത്ത എംഡിഎംഎ വില്‍പനയ്ക്കായി മോഷ്ടിച്ച് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. മോഷണം പിടികൂടിയതോടെ തൊണ്ടിമുതലായ എംഡിഎംഎ തിരിച്ചേല്‍പ്പിച്ച് തടിയൂരാന്‍ ശ്രമമുണ്ടായി. രണ്ടാഴ്ചയിലേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂടിവെച്ച സംഭവം പുറത്തുവന്നതോടെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനസാണ് സ്റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ചത്. വിറ്റാല്‍ ലക്ഷങ്ങള്‍ ലഭിക്കുന്ന 76 ഗ്രാം എംഡിഎംഎയാണ് സ്‌റ്റേഷനില്‍ നിന്ന് കവര്‍ന്നത്. ഓപ്പറേഷന്‍ തൂഫാനില്‍ പിടികൂടിയ ലഹരിവസ്തുക്കള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധിച്ചപ്പോളാണ് നഷ്ടപ്പെട്ടതായി അറിയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ തൊണ്ടിമുതല്‍ സൂക്ഷിച്ച മുറിയില്‍ അനസ് എത്തിയതായി കണ്ടെത്തി. ഇതോടെ അനസിനെ ചോദ്യം ചെയ്തു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ എംഡിഎംഎ മോഷ്ടിച്ചത് അനസ് സമ്മതിച്ചു. ഇതോടെയാണ് ഇരുചെവിയറിയാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ഗൂഡാലോചന നടന്നത്.
മോഷ്ടിച്ച ലഹരിവസ്തു തിരികെവെച്ച് എസ്‌ഐയെ രക്ഷിക്കാനായിരുന്നു ശ്രമം. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയ്ക്ക പിന്നാലെ എസ്‌ഐ അനസ് 76 ഗ്രാം എംഡിഎംഎ തിരികെ എത്തിച്ചു. തൊണ്ടിമുതലായ മാരകലഹരിമരുന്ന് മോഷ്ടി്ച്ചുവെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും എസ്‌ഐക്കെതിരെ ഉണ്ടായില്ല. മോഷണം കയ്യോടെ പിടികൂടിയതിന് ശേഷവും എസ്‌ഐ സര്‍വീസില്‍ തുടര്‍ന്നു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് പൊലീസിന്റെ മോഷണ വാര്‍ത്ത ചാനൽ പുറത്തുവിട്ടു. ഒരു മണിക്കൂര്‍ തികയും മുന്‍പ് എസ്‌ഐയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നടപടിയെടുക്കാന്‍ ഒരു കാലതാമസവും ഉണ്ടായില്ലെന്നാണ് കമ്മിഷണറുടെ വിശദീകരണം.
എസ്‌ഐക്കെതിരെ മാത്രം നടപടിയെടുത്ത് വിഷയം ഒതുക്കിതീര്‍ക്കാനാണ് നിലവിലുള്ള ശ്രമം. ഗുരുതരമായ കുറ്റകൃത്യമെന്ന് ബോധ്യപ്പെട്ടിട്ടും അത് മൂടിവെക്കാനും അന്വേഷണം അട്ടിമറിച്ച മേലുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണ്ടതാണ്. തിരികെവെച്ച എംഡിഎംഎ യഥാര്‍തഥമാണോ വ്യാജമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. എസ്‌ഐയുടെ ലഹരിമാഫിയ ബന്ധങ്ങളിലും ഇതുവെര അന്വേഷണമുണ്ടായിട്ടില്ല. ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും മേനിപറയുമ്പോളാണ് പൊലീസുകാരന്റെ ലഹരിമരുന്ന് മോഷണം.



























