Home Blog Page 665

ഞെട്ടല്ലേ,ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍നിന്നു വെട്ടിച്ചതില്‍ ആറു കോടി രൂപ കത്തിച്ചു , പ്രതി സംഗീതിന്റെ മൊഴി

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍നിന്നു വെട്ടിച്ചതില്‍ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ മൊഴി. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഗീതിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്.

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നോട്ടുനിരോധനത്തെത്തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കത്തിച്ചുകളഞ്ഞുവെന്നാണ് സംഗീത് മൊഴി നല്‍കിയത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സംഘത്തെ ഉള്‍പ്പെടെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ലോട്ടറി ക്ഷേമനിധി തട്ടിപ്പ് നടന്നത്. ലോട്ടറിത്തൊഴിലാളികള്‍ അടയ്ക്കുന്ന അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ട് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്.

2019-ല്‍ സ്ഥലം മാറിയപ്പോഴും ഇയാള്‍ ലോട്ടറി ക്ഷേമനിധി ആസ്ഥാനത്തുനിന്നുള്ള ചെക്ക്ബുക്കും കൊണ്ടുപോയി തട്ടിപ്പ് നടത്തിയിരുന്നു. എന്നാല്‍ തട്ടിച്ച പണം എന്ത് ചെയ്തു എന്ന് ആദ്യം ഇയാള്‍ പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് സഹോദരന്മാരായ കുട്ടികള്‍ മരിച്ചു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അദൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് സഹോദരന്മാരായ കുട്ടികള്‍ മരിച്ചു. സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത്. സഞ്ചക്കടവ് സ്വദേശി അബൂബക്കറിന്റെ മക്കളാണ് ഇരുവരും.

ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെയായിരുന്നു അപകടം.

‘മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി’ പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിറ്റ് സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രി വിഡി സതീശന് കത്തുനല്‍കി. ഇതോടൊപ്പം മഹേശന്റെ ഭാര്യ ഉഷാദേവിയുടെ കത്തും സുധീരന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കത്ത് നല്‍കിയെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ചേര്‍ത്തല താലൂക്ക് കണിച്ചുകുളങ്ങര കൂട്ടുങ്ങല്‍ വീട്ടില്‍ സ്വയം ജീവനൊടുക്കിയ കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷ ഇതോടൊപ്പം അയയ്ക്കുന്നു.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവന്‍ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധര്‍മ്മിണി ശ്രീമതി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്.

ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുന്‍ മുഖ്യമന്ത്രി ശ്രീ.പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

സ്വജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് 32 പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കേരളത്തിലെ എസ്.എന്‍.ഡി.പി. യൂണിയന്‍ നേതാക്കള്‍ക്ക് മഹേശന്‍ അയച്ചു നല്‍കിയതായും പ്രസ്തുത കുറിപ്പില്‍ ശ്രീ.വെള്ളാപ്പള്ളി നടേശനില്‍ നിന്നും താന്‍ അനുഭവിച്ച മാനസിക പീഢനങ്ങളും, കേസ്സുകളില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും, മൈക്രോ ഫിനാന്‍സ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന ഭീഷണിയുടേയും എസ്.എന്‍.ഡി.പി. യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ മഹേശനില്‍ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ശ്രീമതി ഉഷാകുമാരിയുടെ ഈ അപേക്ഷയില്‍ പറയുന്നുണ്ട്. മരണ ദിവസം തയ്യാറാക്കി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മരണ കാരണം വിവരിച്ച മറ്റൊരു ആത്മഹത്യാ കുറിപ്പ് വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് സേന മാറ്റിയതായി ചില ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായും ഈ അപേക്ഷയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്. മഹേശന്റെ ചരമക്കുറിപ്പുകളില്‍ തുറന്നുപറഞ്ഞിരുന്ന വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇതെല്ലാം കണത്തിലെടുത്ത് ഇനിയെങ്കിലും നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ച് സത്യസന്ധരും, നിഷ്പക്ഷരും, കാര്യപ്രാപ്തിയുള്ളവരായും നല്ല പൂര്‍വ്വകാല പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിയമവാഴ്ചക്കുതന്നെ സംഭവിക്കുന്ന അതിഗുരുതരമായ വീഴ്ചതന്നെയായിരിക്കും. നിയമസംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ഒരു കുറ്റവാളിപോലും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ വൈകിയവേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീമതി ഉഷാദേവിയുടെ അപേക്ഷയില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെപിടിയില്‍ കൊണ്ടുവരുന്നതിന് സത്യസന്ധരും സമര്‍ത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന് പ്രശാന്തും തിരിക സർവീസിലേക്ക്

തിരുവനന്തപുരം.സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന് പ്രശാന്തും തിരിക സർവീസിലേക്ക്. ഇരുവരെയും പ്രധാന പോസ്റ്റുകളില് നിയമിക്കാനാണ് സര്ക്കാര് തീരുമാനം. അവരടക്കം സിവില് സർവീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ മാറ്റ ഉത്തരവ് ഉടന് ഇറങ്ങും.

ചീഫ് സെക്രട്ടറി , വ്യവസായവകുപ്പ് സെക്രട്ടറി തുടങ്ങി നിരവധി പ്രഖ്യാപിത യുഡിഎഫ് ശത്രുക്കളെയും പിണറായി ഭക്തരേയും പ്രധാന തസ്തികകളില്‍നിന്നും മാറ്റണമെന്ന ആവസ്യം വ്യാപകമാണ്.

അതിവേഗ റൈയിലിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവ് ഇറക്കി സർക്കാർ

തിരുവനന്തപുരം.അതിവേഗ റൈയിലിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവ് ഇറക്കി സർക്കാർ. ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള നാലംഗ സമിതിയെയാണ് രൂപീകരിച്ചത്.മൂന്നാഴ്ചക്കുള്ളിൽ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് കൈമാറാൻ നിർദ്ദേശം.


അതിവേഗ റെയിലിനെ കുറിച്ച് പഠിക്കാനാണ് സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത് .ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസർ എൻ എസ് കെ ഉമേഷും സമിതി അംഗമാണ്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ, വലിയ നിർമാണങ്ങൾ പറ്റില്ല. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം.മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിമാർ

ആലപ്പുഴ.വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിമാർ .ആലപ്പുഴയിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിക്കാൻ നിശ്ചയിച്ച ചടങ്ങിൽ നിന്നാണ് മന്ത്രിമാരായ രമേശ് ചെന്നിത്തല, എം ലിജു എന്നിവർ പിൻവാങ്ങിയത്.

വൈകിട്ടത്തെ പരിപാടിയിൽ പങ്കെടുക്കാൻ ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്തിരുന്നുവെങ്കിലും പാർട്ടി നേതൃത്വങ്ങൾ നടക്കുന്നതിനാൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് സംഘാടകരെ നേതാക്കൾ അറിയിച്ചത്.വെള്ളാപ്പള്ളിയുമായി വേദി പങ്കിടുന്നതിൽ താഴെത്തട്ടിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത അമർഷം ഉന്നയിച്ചതോടെയാണ് നേതാക്കളുടെ പിന്മാറ്റം

മന്ത്രി ബിന്ദുകൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദര്‍ശനം വന്‍വിവാദമാണ് ഉണ്ടാക്കിയത്. സാദാരണ പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം ഇവര്‍ നേരിട്ടു. ഇത് മറ്റുള്ളവരെയും വിഷമവൃത്തത്തിലാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണുന്നതിനും അപ്രഖ്യാപിത വിലക്കുണ്ട്.

തടാക സംരക്ഷണത്തിനായി ദീര്‍ഘകാലമായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യരുത്, തടാക സംരക്ഷണ സമിതി

ശാസ്താംകോട്ട. തടാക സംരക്ഷണത്തിനായി ദീര്‍ഘകാലമായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യരുതെന്ന് തടാക സംരക്ഷണ സമിതി പരിസ്ഥിതി ദിനയോഗം ആവശ്യപ്പെട്ടു.

തടാകത്തിൻ്റെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും നടന്ന അനധികൃത മണലൂറ്റും ചെളിയെടുപ്പും കുന്നിടിക്കലും നിർത്തലാക്കുന്നതിനുള്ള ഇടപെടലുകൾ പിൽക്കാലത്ത് പരിപൂർണ്ണ വിജയത്തിലെത്തിക്കാനും മേഖലയിലെ പരിസ്ഥിതി സംരക്ഷിതമാക്കാനുമായി . പടിഞ്ഞാറേ കല്ലടയിലെ കരമണൽ ചെളി ഖനനം പാടേനിലച്ചു.
തടാകത്തിന് ആയി മാത്രം ഒരു അതോറിറ്റി രൂപീകരിക്കണമെന്ന മുഖ്യാവശ്യം നടപ്പായി വരുന്നുണ്ട്. സമരത്തെ തുടർന്ന് തടാകത്തിൻ്റെ പരിസ്ഥിതി പഠന വിധേയമാക്കിയ CWRDM തടാക സംരക്ഷണത്തിന് തയ്യാറാക്കിയ മാനേജുമെൻ്റ് ആക്ഷൻ പ്ലാൻ (എം എ പി ) നടപ്പാക്കാനായി സ്വാക് ( State Wetland authority,Keralam )വിശദമായ പഠനത്തിനു ശേഷം തയ്യാറാക്കിയ പദ്ധതി രേഖ നടപ്പാക്കലിനായി കാത്തിരിക്കുന്നു. റൻസർ സൈറ്റെന്ന പരിഗണനയിൽ അന്തർദേശീയ സംഘടനകളുടേതടക്കം ലഭ്യമായ കോടികളുടെ ഫണ്ട് എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ് അധികൃതര്‍. പ്രത്യേക അതോറിറ്റി ഇല്ലാത്തതാണ് കാരണം. മണ്ണ് സംരക്ഷണ വകുപ്പിൻ്റെ ഓഫീസ്, പദ്ധതി നിർവ്വഹണ ഓഫീസായി മാറ്റാനുള്ള നടപടികളും ഒരു കാബിനറ്റ് തീരുമാനത്തിൻ്റെ മാത്രം അകലത്തുണ്ട്.

മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ വിഎസ് ശ്രീകണ്ഠന്‍നായരെ സമിതി ആദരിക്കുന്നു
മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പരിശവിളയെ സമിതി ആദരിക്കുന്നു


തടാക ജലചൂഷണത്തിന് പരിഹാരമായി ആദ്യം വിഭാവനം ചെയ്ത പദ്ധതി പാളിയെങ്കിലും പിന്നീട് ആവിഷ്‌കരിച്ച ഞാങ്കടവ് പദ്ധതി 85% നടപ്പിലാക്കിയ നിലയാണ്.അതിനും ഇനി ഒരു ഔദ്യോഗിക തീരുമാനം മാത്രം മതി. എന്നാൽ ഈ വേനലിലും അത് നടപ്പായില്ല .
നിരാഹാരമടക്കമുള്ള സമരങ്ങളിലൂടെയും കോടതി കേസുകളിലൂടെയും നേടിയെടുത്ത സംരക്ഷണ നടപടികള്‍ എല്ലാം സാക്ഷാത്ക്കാരത്തിൻ്റെ വക്കിലാണ്. പ്രാദേശിക പുരോഗതി ലക്ഷ്യമിട്ട് ഇക്കോടൂറിസം പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. അതിനും സ്വാക് പദ്‌ധതിയായിട്ടുണ്ട്. എന്നാൽ ഇതിനിടെയിലും വരുന്ന ഭീഷണികൾ കാണാതിരുന്നു കൂടാ. ശാസ്താംകോട്ട നിന്നുള്ള ജലം കൊല്ലത്തിനു വേണ്ടാതാകുമെന്ന പേരിൽ കരുനാഗപ്പള്ളി യിലേക്ക് പുതിയ ലൈൻ സ്ഥാപിച്ചു തുടങ്ങി . ഇത് അപകടകരമായേക്കാവുന്ന ഒരു നടപടിയാണ്. ബദൽ പദ്ധതി എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ഞാങ്കടവ് പദ്ധതി തുടങ്ങാതെ കരുനാഗപ്പള്ളി പദ്ധതി തുടങ്ങിയാല്‍ അടുത്ത വേനലിനു മുമ്പ് തന്നെ തടാകം വറ്റി വരളുന്ന അവസ്ഥയുണ്ടാകും . 85% പൂർത്തീകരിച്ച ഞാങ്കടവ് പദ്ധതി തുടങ്ങിയ ശേഷം മാത്രമേ കരുനാഗപ്പള്ളി പദ്ധതി ആരംഭിക്കാവൂ അല്ലാത്ത പക്ഷം സമാന ചിന്താഗതിയുള്ള സംഘടനകളെ ചേര്‍ത്ത് ശക്തമായ പ്രക്ഷോഭത്തിലേക്ക് സമിതിക്ക് വീണ്ടും തിരിയേണ്ടതായി വരും.
അതുപോലെ സംരക്ഷണ പദ്ധതിക്ക് അന്തർദേശീയ സംഘടനകൾ അനുവദിച്ച പണം ചിലവിട്ട് പദ്ധതികൾ ഉടൻ ആരംഭിക്കാത്തപക്ഷം ആ ഫണ്ട് നഷ്ടമാകുകയോ വേണ്ടത്ര സമയം കിട്ടാതാവുകയോ ചെയ്തേക്കും. അടിയന്തരമായി സ്വാക് പ്രവർത്തന മാരംഭിക്കാൻ നടപടി സ്വീകരിക്കണം എന്നും സമിതി ആവശ്യപ്പെട്ടു.
ഈ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ പോരാട്ടങ്ങൾക്ക് കരുത്തും ആർജ്ജവവും പകർന്ന നേതാക്കൾ ജോൺ പരിശവിള , വി എസ് ശ്രീകണൻ നായർ എന്നിവരെ ആദരിച്ചു.

ചെയർമാൻ എസ് ബാബുജി അധ്യക്ഷത വഹിച്ചു , ജനറൽ കൺവീനർ ഹരികുറിശേരി ,വൈസ് ചെയര്‍മാന്‍മാരായ ഡോ.പി കമലാസനന്‍,ശാസ്താംകോട്ട ഭാസ്, തുണ്ടില്‍ നൗഷാദ്, വിവിധ കമ്മിറ്റി പ്രതിനിധികളായ വൈ.ഷാജഹാന്‍,കെ ജയകൃഷ്ണന്‍,സൈറസ് പോള്‍,പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചന്ദ്രന്‍,ഷീജ,ഷൈലജ,കലാധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു

വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം… പരിശോധനയ്ക്കിടെ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചപ്പോള്‍ കഞ്ചാവിന്റെ മണം ലഭിച്ചതോടെ യുവാവ് വെട്ടിലായി

തൃശ്ശൂര്‍: കുക്കറില്‍ തിളപ്പിച്ചിരുന്ന ചോറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ഓപ്പറേഷന്‍ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിലാണ് തൃശ്ശൂരില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷ് (40) നെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം, ഗുരുവായൂര്‍ ഡാന്‍സാഫ് ടീമും കുന്നംകുളം പോലീസും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടന്‍തന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളില്‍ പരിശോധിച്ചു. അതിനിടയില്‍ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചപ്പോള്‍ കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കര്‍ പരിശോധിച്ചു.
തുടര്‍ന്നാണ് അടുപ്പില്‍ തിളച്ചിരുന്ന ചോറില്‍നിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അന്വേഷണത്തില്‍ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. എക്‌സൈസ് ഇന്‍സ്‌പെക്ടറിന്റെയും സംഘത്തിന്റെയും നേരെ കത്തിവീശിയ സംഭവത്തിലെ പ്രതി കൂടിയാണ് ബിനീഷ്.

‘ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വന്നു’; എസ്ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാര്‍

ആലപ്പുഴ: നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ തല്ലിച്ചതച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാർ. ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഗ്രേഡ് എസ്‌ഐമാർ എസ്‌ഐടിക്ക് മൊഴി നൽകി. എഡി‌‌ജിപി എംആർ അജിത് കുമാറിനെതിരെയാണ് എസ്‌ഐമാരായ ഗീരീഷ്, ശ്രീകുമാർ എന്നിവർ മൊഴി നൽകിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മ‌‌ർദിച്ച സംഭവത്തിലെ ആദ്യ റിപ്പോർട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗ്രേഡ് എസ്ഐമാരുടെ മൊഴിയെടുത്തത്. എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 10.15 മുതൽ ഇന്ന് രാവിലെ 10.30 വരെയാണ് ഇവരെ ചോദ്യം ചെയ്‌‌തത്.ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള പ്രത്യേക അന്വേഷണ റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

എസ്‌ഐമാരുടെ മൊഴി കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. ഗൺമാൻമാർക്കെതിരെ ഐപിസി 308 ചേർത്തതിൽ വിശദീകരണം നൽകിയിട്ടുണ്ട്. വിദഗ്‌ദ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തതെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ ബോർഡിലെ ഡോക്‌ടർമാരുടെ ഉൾപ്പടെ അഭിപ്രായം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നിലവിൽ എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ എഡിജിപിയുടെ മൊഴി കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് എസ്‌ഐടി നീക്കം.

നനഞ്ഞ തുണികള്‍ ഉണങ്ങാത്തതിനാല്‍ വസ്ത്രങ്ങളില്‍ ദുര്‍ഗന്ധമുണ്ടോ….? മാറ്റാന്‍ ചില പൊടിക്കൈകളുണ്ട്….

മണ്‍സൂണ്‍ കാലമായതോടെ മഴ ശക്തമായി തുടങ്ങി. എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോഴായിരിക്കും അപ്രതീക്ഷിതമായ മഴ എത്തുന്നത്. അലക്കിയ വസ്ത്രങ്ങള്‍ ഉണക്കിയെടുക്കുന്ന കാര്യത്തിലും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും, ഈ സാഹചര്യത്തില്‍ വസ്ത്രങ്ങളില്‍ നിന്ന് ഒരുതരം അസഹ്യമായ ദുര്‍ഗന്ധവും വന്നുതുടങ്ങും. അസഹ്യമായ ദുര്‍ഗന്ധം കാരണം അവ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് തോന്നാമെന്ന് മാത്രമല്ല, വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മറ്റും കേടാകാനും ഇത് കാരണമാകും.

  1. തുണികള്‍ പരമാവധി വേഗത്തില്‍ ഉണക്കുക

അലക്കിയ നനഞ്ഞ തുണികള്‍ ഒരിക്കലും വാഷിംഗ് മെഷീനില്‍ തന്നെ ഇട്ടുവെക്കരുത്. വസ്ത്രങ്ങളില്‍ നിന്ന് ആര്‍ദ്രതയുള്ള (നനവിന്റെ) ദുര്‍ഗന്ധം വരാതിരിക്കാന്‍ അലക്കല്‍ കഴിഞ്ഞയുടന്‍ തന്നെ അവ ഉണക്കാനിടുക.

  1. വസ്ത്രം ഉണക്കാന്‍ ഫാനോ ഇന്‍ഡോര്‍ ഡ്രയറോ ഉപയോഗിക്കുക

ഫാനുള്ള ഒരു മുറിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടുകയോ അല്ലെങ്കില്‍ ജനലിനരികില്‍ ഡ്രയിംഗ് റാക്ക് വെച്ച് അതില്‍ തുണികള്‍ വിരിച്ചിടുകയോ ചെയ്യുക. ഇത് വായുസഞ്ചാരം കൂട്ടാനും വസ്ത്രങ്ങള്‍ വേഗത്തില്‍ ഉണങ്ങാനും സഹായിക്കും.

  1. അലക്കുമ്പോള്‍ നാരങ്ങാനീരോ വിനാഗിരിയോ ചേര്‍ക്കുക. അലക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ അരക്കപ്പ് വെള്ള വിനാഗിരിയോ അല്ലെങ്കില്‍ കുറച്ച് നാരങ്ങാനീരോ ചേര്‍ക്കുക. ഇത് വസ്ത്രങ്ങളിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും അവയ്ക്ക് പുതുമയുള്ള സുഗന്ധം നല്‍കുകയും ചെയ്യും.
  2. തുണികള്‍ ഉണങ്ങിയ ശേഷം ഇസ്തിരിയിടുക. ഇസ്തിരിയിടുന്നത് തുണിയില്‍ അവശേഷിക്കുന്ന അണുക്കളെ നശിപ്പിക്കാനും ഈര്‍പ്പം പൂര്‍ണമായും മാറ്റാനും സഹായിക്കുന്നു. ഇത് വസ്ത്രങ്ങള്‍ക്ക് പുതുമയുള്ള മണം നല്‍കുകയും ചെയ്യും.
  3. വരണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ഇസ്തിരിയിടുന്നത് തുണിയില്‍ അവശേഷിക്കുന്ന അണുക്കളെ നശിപ്പിക്കാനും ഈര്‍പ്പം പൂര്‍ണമായും മാറ്റാനും സഹായിക്കുന്നു. ഇത് വസ്ത്രങ്ങള്‍ക്ക് നല്ലൊരു പുതുമയുള്ള മണം നല്‍കുകയും ചെയ്യും. വരണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളില്‍ വസ്ത്രം സൂക്ഷിക്കുക.