Home Blog Page 59

മണിക്കൂറുകളോളം നിശ്ചലമായി മോട്ടോർ വാഹന വകുപ്പിന്റെ ”സാരഥി പോർട്ടൽ’

കൊല്ലം.മണിക്കൂറുകളോളം നിശ്ചലമായി മോട്ടോർ വാഹന വകുപ്പിന്റെ ”സാരഥി പോർട്ടൽ’. പല തവണയായി പോർട്ടൽ സെർവർ പണിമുടക്കി തുടങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഉപയോക്താക്കൾ. നൂറുകണക്കിന് ആളുകളാണ് ആര്‍ടിഒ ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത്. സാങ്കേതിക പിഴവെന്നും ഉടൻ പരിഹാരം കാണുമെന്നും മോട്ടോർവാഹന വകുപ്പ്.

ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍ തുടങ്ങി മുപ്പത്തിയഞ്ചോളം സേവനങ്ങളാണ് ‘സാരഥി’ പോർട്ടൽ വഴി ലഭ്യമാകേണ്ടത്. എന്നാൽ ദിവസങ്ങളായി പോർട്ടൽ പൂർണ്ണ നിശ്ചലം. ലേണേഴ്സ് പരീക്ഷ എഴുതാനോ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ബുക്ക് ചെയ്യാനോ സാധിക്കുന്നില്ല. ലൈസൻസിന്റെ കാലാവധി തീർന്ന് പുതിയതിന് അപേക്ഷിക്കുന്നവർ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനു പുറമെ മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റും പലപ്പോഴും പണിമുടക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാങ്കേതിക തകരാർ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന ഏക വിശദീകരണം.

എം.വി.ഡിയുടെയും ഡ്രൈവിംഗ് സ്കൂളുകളുടെയും ദൈനംദിന പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ ആവശ്യവും ശക്തം. പ്രശ്നത്തിന് ശാശ്വത പരിഹാരമായി തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രത്യേക സെർവറോ മിറർ സെർവറോ ഉടൻ സ്ഥാപിക്കണം. മുടങ്ങിപ്പോയ ലേണേഴ്സ് പരീക്ഷകൾ പുനഃക്രമീകരിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നു.

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്തു കൊന്നു,പ്രതി ലഹരിക്ക് അടിമ

തിരുവനന്തപുരം. ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്തു കൊന്നു. ചാന്നാങ്കര സ്വദേശിനി മേഴ്സിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചെറുമകൻ ഷിബിനെ പോലീസ് സാഹസികമായി പിടികൂടി.

രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മേഴ്സിയും മകളുടെ മകൻ ഷിബിനും തമ്മിൽ ഇടയ്ക്കിടെ വഴക്കിടുന്നതിനാൽ, ഇന്നും പ്രദേശവാസികൾ ഇതു വലിയ കാര്യമാക്കിയില്ല. എന്നാൽ രാവിലെ 11 മണിയോടെ താൻ അമ്മൂമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി ഷിബിൻ സമീപവാസികളായ ആളുകളോട് പറഞ്ഞു. അപ്പോഴും അത് ആരും കാര്യമായി എടുത്തില്ല. എന്നാൽ പിന്നീടാണ് കഴുത്തറുത്ത നിലയിൽ മേഴ്സിയെ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിളിക്കുകയും മേഴ്സിയെ കഠിനംകുളം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷെ ആശുപത്രിയിൽ എത്തിയതിന് പിന്നാലെ രക്തം വാർന്ന് മേഴ്സി മരിച്ചു.

65 കാരയായ മേഴ്സി മകൾക്കും ചെറുമകനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മത്സ്യ കച്ചവടം ആയിരുന്നു പ്രധാന വരുമാന മാർഗം. എന്നാൽ ചെറുമകനും മകളുമായി ചില അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. ഇതിനൊക്കെ ഒടുവിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിനുശേഷം പ്രദേശത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ഏറെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്. കഠിനംകുളം ഭാഗത്ത് വെച്ച് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നു എന്നാണ് പ്രദേശവാസികളും പറയുന്നത്. മദ്യപിച്ചെത്തിയ പ്രതി പലപ്പോഴും അമ്മൂമ്മയുമായി വാക്കു തര്‍ ക്കത്തിൽ ഏർപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് അടക്കം നടത്തിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പുതിയ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം.ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പുതിയ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു. ഇതോടെ ക്രമക്കേട് സ്ഥിരീകരിച്ച പഴയ നിയമനം അസാധുവാകും.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്‌ട്രക്ചർ ഡിവിഷൻ,ചീഫ് പ്ലാൻ കോ – ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക ആണ് പ്രസിദ്ധീകരിച്ചത്.

ഇടത് യൂണിയനിൽ പെട്ട ഉദ്യോഗാർത്ഥിക്ക് നിയമനം ലഭിക്കാൻ പി എസ് സി യിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥർ ഓൺലൈൻ മൂല്യ നിർണയത്തിൽ മനപ്പൂർവം ക്രമക്കേട് വരുത്തിയതായി എസ് ഐ ടി കണ്ടെത്തിയിരുന്നു. ആ നിയമനങ്ങൾ റദ്ദാക്കണമെന്ന് സർക്കാരിലേക്ക് കത്തും നൽകിയിരുന്നു ഇതേ തുടർന്നാണ് പുനർ മൂല്യംനിർണയം നടത്തി പുതിയ പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചത്. 58 മാർക്കിന്റെ 10 ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ നേരത്തെ ഒഴിവാക്കിയത്.

അലകടലിന്‍റെ ഓരത്ത് അലയടിക്കുന്ന വിശ്വാസവും ആവേശവുമായി തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തോടെ സിപിഎം

കോഴിക്കോട്.അലകടലിന്‍റെ ഓരത്ത് അലയടിക്കുന്ന വിശ്വാസവും ആവേശവുമായി അണികള്‍, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട് കടപ്പുറത്ത് സിപിഐഎം റാലി. വിപുലീകൃത കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും ഇ ഡി വേട്ടയുമൊക്കെ പരാമർശിച്ചെങ്കിലും സംഭവിച്ച തെറ്റുകൾ പ്രവർത്തകർക്ക് മുന്നിൽ ഏറ്റു പറഞ്ഞത് കയ്യടികളോടെ സ്വീകരിക്കപ്പെട്ടു.


സമ്മേളനത്തിന് ശേഷം സിപിഐഎം സംഘടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സംഘടന പരിപാടിയുടെ സമാപനത്തിന് കോഴിക്കോട് എത്തിയത് പതിനായിരങ്ങൾ. തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിക്കുന്നതായിരുന്നു സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉദ്ഘാടന പ്രസംഗം. സിപിഎം ആർ എസ് എസ് ഡീൽ എന്ന പേരിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും വർഗീയ സാമുദായിക ഏകീകരണം നടന്നതും തോൽവിയിലേക്ക് നയിച്ചു. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചെറുതും വലുതുമായ പോരായ്മകൾ തുറന്നു സമ്മതിച്ച് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലീകൃത കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന് വ്യത്യസ്തമായി ഈ ഡി നേതാക്കൾക്കെതിരെ കുറിച്ചും എം എ ബേബി സംസാരിച്ചു. എന്നാൽ പിണറായിയുടെയോ മുഹമ്മദ് റിയാസിന്റെയോ പേര് പറഞ്ഞില്ല.
ബൈറ്റ്
പക്ഷേ എം വി ഗോവിന്ദന്റെ അധ്യക്ഷ പ്രസംഗത്തിന്റെ മുന ഇ ഡിയുടെ നേർക്കായിരുന്നു. വീണയുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനേയും റിയാസിനേയും പ്രതിയാക്കാൻ ശ്രമമെന്ന് ആരോപണം.
ബൈറ്റ്
കേന്ദ്രത്തിൻ്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ അക്കമിട്ട് പറഞ്ഞ് പിണറായി പക്ഷേ ഇ ഡിയിൽ തൊട്ടില്ല..ആർ എസ് എസ് അജണ്ടയായിരുന്നു പ്രസംഗത്തിന്റെ കാതൽ.
ബൈറ്റ്
ഇനി തെറ്റു തിരുത്തലിന്റെ കാലമാണ്. ജില്ലാ തല വിപുലീകരണ കമ്മിറ്റികളും സ്വത്ത് വെളിപ്പെടുത്തലും അടക്കം വരാനിരിക്കുന്നത് വലിയ പരിഷ്കരണങ്ങൾ.

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. സെപ്തംബര്‍ 13ന് തിരുവനന്തപുരം കോവളത്തെ താജില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധിയാളുകളാണ് ആശംസകളുമായെത്തിയത്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ സെപ്തംബര്‍ 12ന് ആരംഭിച്ചിരുന്നു. വലിയ ആഡംബരങ്ങളിലേക്ക് പോകാതെ കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും ഒത്തുചേര്‍ന്ന ആഘോഷമായാണ് ചടങ്ങുകള്‍ നടന്നത്. അഹാനയുടെ സഹോദരിമാരും കുടുംബാംഗങ്ങളും വിവാഹച്ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു.
സിനിമയിലൂടെയാണ് അഹാനയും നിമിഷും അടുത്തറിയുന്നത്. അഹാനയുടെ ആദ്യചിത്രമായ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയുടെ ക്യാമറ വിഭാഗത്തില്‍ നിമിഷ് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ‘ലൂക്ക’യില്‍ അഹാന നായികയായപ്പോള്‍ നിമിഷ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വര്‍ഷങ്ങളായി തുടരുന്ന സൗഹൃദമാണ് ഇപ്പോള്‍ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് എത്തിയത്.
‘കുറുപ്പ്’, ‘റോഷാക്ക്’, ‘കിംഗ് ഓഫ് കൊത്ത’, ‘ബസൂക്ക’, ‘ലോക’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ യുവ ഛായാഗ്രാഹകരില്‍ ഒരാളായി നിമിഷ് രവി മാറിയിട്ടുണ്ട്. അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ അഹാന, യാത്രകളും കുടുംബവിശേഷങ്ങളും സിനിമയ്ക്ക് പുറത്തുള്ള ചെറിയ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി ഉണ്ടായിരുന്നെങ്കിലും സ്വകാര്യജീവിതത്തെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും അവര്‍ നടത്തിയിരുന്നില്ല.
വിവാഹത്തിന് പിന്നാലെ സെപ്തംബര്‍ 15ന് തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്‌മണ്യം ഹാളില്‍ സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ പരിചിതര്‍ക്കുമായി വിവാഹസല്‍ക്കാരം ഒരുക്കിയിരുന്നു. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തി.

ശൂരനാട്ട് സിപിഎമ്മിൻ്റെ ഏകാധിപത്യത്തെയും ജാതി മേധാവിത്വത്തെയും ചോദ്യം ചെയ്ത നേതാവിനെതിരെ പരാതി

ശാസ്താംകോട്ട:സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയുടെ ഏകാധിപത്യത്തെയും ജാതി മേധാവിത്വത്തെയും ചോദ്യം ചെയ്തതിന്റെ പേരിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെതിരെ സിപിഎം ഏരിയ ഘടകം പോലീസിൽ പരാതി നൽകി.

സിപിഎമ്മിൽ നിലനിൽക്കുന്ന കുടുംബാധിപത്യത്തെയും വിഭാഗീയതയും സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പോരുവഴിയിലെ പാർട്ടിയുടെ യുവ നേതാവായ പ്രഭുകുമാറിനെതിരെ ശൂരനാട് പോലീസിൽ പരാതി നൽകിയത്.സിപിഎം ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗം അഡ്വ.വിജയനന്ദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയിൽ ഉടലെടുത്ത ജീർണ്ണത തുറന്നു കാട്ടിയിരുന്നു.പട്ടികജാതിക്കാരനായ തന്നെയും തൻ്റെ സഹോദരനെയും പാർട്ടി പൂർണമായി തഴഞ്ഞതായി വിജയാനന്ദ് പരസ്യമായി പ്രതികരിച്ചിരുന്നു.ഇനി തനിക്കൊരു ചുമതലയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎമ്മിൽ തുടർന്ന് പ്രവർത്തിക്കില്ലെന്നും താൻ മരിച്ചാൽ ഒരു ചുവപ്പ് കോടി തൻ്റെ മൃതദേഹത്തിൽ പുതപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് ഏറെ ചർച്ചയായി.ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും പ്രതികരണം നടത്തി.ഇതിൽ വിവിധ സമുദായത്തിൽപ്പെട്ട പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നു.എന്നാൽ പ്രഭുവിനെ മാത്രമാണ് പ്രതിയാക്കി പരാതി നൽകിയത്.ആരോപണം ഉന്നയിച്ച വിജയാനന്ദനെതിരെയും തൽക്കാലം നടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനം.

ഈ സംഭവം പാർട്ടിയിലെ ഏകാധിപത്യത്തിന്റെയും പ്രീണന നയത്തിൻ്റെയും നേർക്കാഴ്ചയാണ് വ്യക്തമാക്കുന്നത്.പ്രഭുവിന് ഒപ്പം പ്രതികരിച്ച ഡിവൈഎഫ്ഐ നേതാവ് അഹമ്മദിനെതിരെ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ല.മാത്രവുമല്ല ശൂരനാട് ഏരിയ കമ്മിറ്റിയിൽപ്പെട്ട രണ്ട് ജില്ലാ നേതാക്കളെ പേരെടുത്ത് അധിക്ഷേപിച്ചാണ് അഹമ്മദ് സോഷ്യൽ മീഡിയയിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.ഇയാൾക്കെതിരെ പോലീസ് കേസ് പോയിട്ട് ഒരു അച്ചടക്ക നടപടിയും പാർട്ടി സ്വീകരിച്ചില്ല.സംഘടനാ സംവിധാനത്തിലെ അസ്വസ്ഥതകൾക്കിടെ സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയിൽ പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമാകുകയാണ്.

ഏരിയ കമ്മിറ്റിക്കു കീഴിലെ നാല് ലോക്കൽ സെക്രട്ടറിമാർ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ഏരിയ സെക്രട്ടറി ബി.ശശി രണ്ടുമാസമായി അവധിയിലാണ്.ലോക്കൽ സെക്രട്ടറി സ്ഥാനങ്ങളിൽ ചുമതലയേൽക്കാൻ പ്രവർത്തകർ തയ്യാറാകാത്തതും നേതൃത്വത്തിന് പുതിയ തലവനയായി. ഫണ്ട് പിരിവ്,പാർട്ടി പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ പിരിവ്, സംഘടനാ പരിപാടികളുടെ സാമ്പത്തിക ബാധ്യത എന്നിവ സ്ഥാനമൊഴിയലിന് കാരണമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമാണ്.ശൂരനാട്,ശൂരനാട് വടക്ക്,പാവുമ്പ,പുതുതായി രൂപീകരിച്ച ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റികളിലെ സെക്രട്ടറിമാരാണ് ചുമതലയൊഴിഞ്ഞത്.ഫണ്ട് പിരിവും സംഘടനാ പ്രവർത്തനങ്ങളുടെ ചെലവും പ്രവർത്തകരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതായാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.സംഘടനാ ചുമതലകൾ പ്രവർത്തകരുടെ വ്യക്തിഗത സാമ്പത്തിക ബാധ്യതയായി മാറുന്നതായുള്ള വിമർശനവും ശക്തമാണ്.നേതൃത്വത്തിലെ വിഭാഗീയതയുടെ തുടർച്ചയായാണ് ബി.ശശി അവധിയിൽ പ്രവേശിച്ചതെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.മൂന്നു ടേം ഏരിയ സെക്രട്ടറി സ്ഥാനത്ത് പൂർത്തിയാക്കിയ ജില്ലാ കമ്മിറ്റിയംഗം പി.ബി സത്യദേവനാണ് നിലവിൽ ചുമതല വഹിക്കുന്നത്.ലോക്കൽ സെക്രട്ടറിമാരുടെ ഒഴിവുകളിൽ പുതിയ ചുമതലക്കാരെ കണ്ടെത്താനാകാത്തത് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതോടെ ജനപ്രതിനിധികളെയും ഏരിയ കമ്മിറ്റി അംഗങ്ങളെയും താൽക്കാലികമായി ചുമതല ഏൽപ്പിക്കേണ്ട സ്ഥിതിയാണ്. ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ എ.റമീസിനാണ് നൽകിയിരിക്കുന്നത്.

ഭരണം നഷ്ടമായതോടെ പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും മുൻകാലത്തെപ്പോലെ ഇടപെടാൻ കഴിയാത്തതും പാർട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക വിലയിരുത്തൽ. ഇതിനിടെയാണ് സംഘടനാ ചുമതലകളുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച വിമർശനങ്ങളും നേതൃത്വത്തിലെ ഒഴിവുകളും പാർട്ടിയിൽ ചർച്ചയാകുന്നത്.

ദേശീയപാതയില്‍ അപകടക്കെണി; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ചാത്തന്നൂര്‍: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ട സര്‍വീസ് റോഡില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പേരൂര്‍ക്കട ഒന്നാംപാറയില്‍ ഹരിനിവാസില്‍ രാജ് മാത്യു (49) ആണ് മരിച്ചത്. വെകിട്ട് ഏഴോടെ ഇത്തിക്കര പാലത്തിന് സമീപമായിരുന്നു അപകടം.
മൈലക്കാട് മുതല്‍ ഇത്തിക്കര വരെയുള്ള ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനിടെയാണ് സര്‍വീസ് റോഡിന്റെ വശത്തെ ഓടയില്‍ കെട്ടിക്കിടന്ന കല്ലിലും മണ്ണിലും തെന്നി സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. സമീപത്തുകൂടി എത്തിയ വലിയ ലോറിയുടെ അടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ലോറിയുടെ ചക്രങ്ങള്‍ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. രാജ് മാത്യു സംഭവസ്ഥലത്തുതന്നെ മരിച്ചു.
സര്‍വീസ് റോഡിന്റെ വശങ്ങളിലും ഓടകളിലും കെട്ടിക്കിടക്കുന്ന മണ്ണും കല്ലുകളും അപകടഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഗതാഗതം തിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തില്‍ റോഡിലെ തടസ്സങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ സമാനമായ അപകടങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. റോഡും ഓടകളും സുരക്ഷിതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇനി കെസിയുടെ പവര്‍, സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസവുമായി കെസി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്. നേരത്തെ തമിഴ്‌നാടിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം വെട്ടിച്ചുരുക്കിയാണ് കേരളത്തിന് കൈമാറാൻ ധാരണയായിട്ടുള്ളത്.

എൻടിപിസിയിൽ നിന്ന് അമിത നിരക്ക് നൽകി ഉടനടി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും, സർചാർജ് ഇനത്തിൽ വൻ തുക ജനങ്ങളിൽ നിന്ന് ഈടാക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് കെഎസ്ഇബിയും സർക്കാരും ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് പൊതുജനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതിയുമായി 240 മെഗാവാട്ട് അധികമായി സംസ്ഥാനത്ത് ലഭിച്ചു തുടങ്ങിയത് വലിയ ആശ്വാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിലവിൽ ഏകദേശം 700 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് കെഎസ്ഇബി കണക്കാക്കുന്നത്. കേന്ദ്രവിഹിതം ഉൾപ്പെടെ 240 മെഗാവാട്ട് ലഭ്യമായി തുടങ്ങിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിവരുന്ന ലോഡ് നിയന്ത്രണത്തിന് നേരിയ ഇളവ് ലഭിച്ചേക്കും. എന്നിരുന്നാലും നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.

വൈദ്യുതി നിയന്ത്രണമില്ലാതിരുന്ന ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ചത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 94.45 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. തിങ്കളാഴ്ച രാത്രിയിലെ വൈദ്യുതി ആവശ്യകത 4,829 മെഗാവാട്ടായിരുന്നു. ഹിമാചൽ പ്രദേശിൽ നിന്നുള്ള 250 മെഗാവാട്ട് കൂടി എത്തുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം

ശാസ്താംകോട്ട.ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ബിജു പി. ആർ, സെക്രട്ടറി സൈറസ് പോൾ, ലൈബ്രറേറിയൻ ഷീല കുമാരി എക്സിക്യൂട്ടീവ് അംഗങ്ങളായ റൂബി സുധീർ, ആര്യ സതീഷ്,ഷാജഹാൻ, നസീമ തുടങ്ങിയവർ പങ്കെടുത്തു.

വിനോദ് രാജ് സ്റ്റീഫന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലൈബ്രറി ഉപദേശക സമിതി അംഗം

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലൈബ്രറി ഉപദേശക സമിതി അംഗമായി കേരള സര്‍ക്കാര്‍ നിയമിച്ച വിനോദ് രാജ് സ്റ്റീഫന്‍ (സെന്‍ട്രല്‍ ലൈബ്രറി തിരുവനന്തപുരം ),സെന്‍ട്രല്‍ ലൈബ്രറി അസോസിയേഷന്‍ പ്രസിഡന്റ് ആയ വിനോദ് രാജ് കൊല്ലം പട്ടകടവ് സ്വദേശിയാണ്.