ചാത്തന്നൂര്‍: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ട സര്‍വീസ് റോഡില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പേരൂര്‍ക്കട ഒന്നാംപാറയില്‍ ഹരിനിവാസില്‍ രാജ് മാത്യു (49) ആണ് മരിച്ചത്. വെകിട്ട് ഏഴോടെ ഇത്തിക്കര പാലത്തിന് സമീപമായിരുന്നു അപകടം.
മൈലക്കാട് മുതല്‍ ഇത്തിക്കര വരെയുള്ള ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനിടെയാണ് സര്‍വീസ് റോഡിന്റെ വശത്തെ ഓടയില്‍ കെട്ടിക്കിടന്ന കല്ലിലും മണ്ണിലും തെന്നി സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. സമീപത്തുകൂടി എത്തിയ വലിയ ലോറിയുടെ അടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ലോറിയുടെ ചക്രങ്ങള്‍ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. രാജ് മാത്യു സംഭവസ്ഥലത്തുതന്നെ മരിച്ചു.
സര്‍വീസ് റോഡിന്റെ വശങ്ങളിലും ഓടകളിലും കെട്ടിക്കിടക്കുന്ന മണ്ണും കല്ലുകളും അപകടഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഗതാഗതം തിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തില്‍ റോഡിലെ തടസ്സങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ സമാനമായ അപകടങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. റോഡും ഓടകളും സുരക്ഷിതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.



























