Home Blog Page 576

സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎ യുമായി ഇടക്കുളങ്ങരയില്‍ യുവാവ് പിടിയിലായി

കരുനാഗപ്പള്ളി . ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7.120 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി, നമ്പരുവികാല പുത്തൻവീട്ടിൽ ഷാൻ (32) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന ലഹരി വസ്തുവുമായി ഇയാൾ പിടിയിലാവുകയായിരുന്നു. സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. പോലീസ് സംഘം നടത്തിയ നിരീക്ഷണത്തിൽ തനിച്ച് താമസിച്ചിരുന്ന ഇയാളുടെ വീട്ടിൽ സ്ത്രീകളും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും ഇടക്കിടക്ക് വന്ന് പോകുന്നതായി ശ്രദ്ധയിൽപെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി കാലങ്ങളിൽ ഇയാൾ സ്‌കൂട്ടറിൽ ലഹരി വിൽപ്പനക്കായി പോകുമെന്ന് മനസ്സിലാക്കിയ പോലീസ് സംഘം 13-ന് രാത്രി 10.15 ഓടെ നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇയാൾ പിടികൂടുകയായിരുന്നു.

എഞ്ചിനിയറിംഗ് കോളേജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്ക് ഇയാൾ മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. അറസ്റ്റിലായ ഷാനെതിരെ മുൻപും ലഹരിമരുന്ന് കേസുകളും മറ്റ് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു.


സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ നടപടിയുടെ ഭാഗമായി സിറ്റി പോലീസ് പരിധിയിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധനകൾ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള നിരവധി പേരെ പരിശോധിക്കുകയും സംശയാസ്പദ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 140 കേസുകൾ രജിസ്റ്റർ ചെയ്യ്തതായും പോലീസ് അറിയിച്ചു. കൊല്ലം സബ്ബ്ഡിവിഷനിൽ 82, കരുനാഗപ്പള്ളി സബ്ബ്ഡിവിഷനിൽ 27, ചാത്തന്നൂർ സബ്ബ്ഡിവിഷനിൽ 31 കേസുകളുമാണുള്ളത്. ഇത് കൂടാതെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.
കരുനാഗപ്പള്ളി എസിപി ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ പ്രവീൺ, ഓച്ചിറ ഇൻസ്‌പെക്ടർ പ്രസാദ്, കരുനാഗപ്പള്ളി എസ് ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി സബ്ബ് ഡിവിഷൻ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ആർഎസ്എസിന് രജിസ്ട്രേഷൻ വേണം, ഫണ്ട് വെളിപ്പെടുത്തൽ അനിവാര്യം; മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി; ‘നിയമാനുസൃതം പ്രവർത്തിക്കണം’

ബെംഗളൂരു: നിയമപരമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. രാജ്യത്തെ മറ്റ് സംഘടനകൾക്കെന്ന പോലെ രാഷ്ട്രീയ സ്വയംസേവക് സംഘിനും രജിസ്ട്രേഷൻ അനിവാര്യമാണെന്നും സംഘടന നിയമപരമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റു

മറ്റ് സംഘടനകളെപ്പോലെ തന്നെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനുള്ള പൂർണ്ണമായ ബാധ്യത ആർ എസ് എസിനുമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കർണാടക മന്ത്രി കത്തയച്ചിരിക്കുന്നത്. ആർ എസ് എസിനെതിരായ പോരാട്ടം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് മന്ത്രിയുടെ ഈ പുതിയ നീക്കം. സംഘടനയുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ആർ എസ് എസിന് ലഭിക്കുന്ന ഫണ്ടുകളുടെ പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്താൻ സംഘടന തയ്യാറാകണമെന്ന് പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു.

രാജ്യത്തെ നിയമപ്രകാരമുള്ള നികുതികൾ കൃത്യമായി അടയ്ക്കാനുള്ള ബാധ്യത ആർ എസ് എസിനുണ്ടെന്നും സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ സുതാര്യത പാലിക്കാൻ സംഘടന നിർബന്ധിതരാണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. കർണാടക സർക്കാരും ആർ എസ് എസും തമ്മിലുള്ള രാഷ്ട്രീയപ്പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്.

ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ നാല് ഹൗസുകളുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

ശാസ്താംകോട്ട: ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ഈ അധ്യയനവർഷത്തെ നാല് ഹൗസുകളുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സ്കൂൾ ഡയറക്ടർ ഫാദർ ഡോക്ടർ ജി. എബ്രഹാം തലോത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.

വിദ്യാർത്ഥികളുടെ ഭാഷാ-സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുറത്തിറക്കിയ സ്കൂൾ ദ്വൈവാര പത്രത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.

ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം, പ്രതി പിടിയില്‍

കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതി പിടിയിൽ. കുലശേഖരപുരം, കാട്ടിൽക്കടവ് ആദിനാട് തെക്ക് കരിച്ചാലിൽ തെക്കതിൽ സുന്ദരൻ മകൻ വിഷ്ണു (29)വിനെ കരുനാഗപ്പള്ളി പോലീസ് കയ്യോടെ പിടികൂടിയത്.15/06/26 തിങ്കളാഴ്ച്ച പുലർച്ചയാണ് മോഷണശ്രമം നടന്നത്. കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ പൂട്ടുകൾ തകർത്ത് ഉള്ളിൽ കയറി മോഷണശ്രമം നടന്നത്.

വിവരമറിഞ്ഞയുടൻ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി അവസരോജിതമായി നടത്തിയ പരിശ്രമത്തിൽ പോലിസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളരെ സാഹസമായി പിടികൂടുകയായിരുന്നു. ചവറ തെക്കുംഭാഗം സ്റ്റേഷൻപരിധിയിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷ്ടിച്ച കേസിലെ പ്രതിയാണ് വിഷ്ണു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ പ്രവീൺ എസ് ബി യുടെ മേൽനോട്ടത്തിൽ എസ് ഐ മാരായ ആഷിഖ്, സലിം
എ എസ് ഐ ശ്രീജിത്ത്
എസ് സി പി ഓ മാരായ ഹാഷിം , കൃഷ്‌ണകുമാർ ഡ്രൈവർ സി പി ഓ മാരായ അനൂപ്, അംജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റു

ജയ്പൂർ: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെയാണ് ചിലർ അഭിജീതിനെ മർദിച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.

Also Read: പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‍രിവാൾ; ‘ഡൽഹി, പഞ്ചാബ് മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷം’

അതേ സമയം, നീറ്റ് പരീക്ഷാ ചോദ്യ പേ‍പ്പ‍ർ ചോർച്ചയിൽ ബെംഗളൂരുവിൽ കോക്ക്റോച്ച് ജനതാ പാർട്ടി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രീഡം പാർക്കിൽ കനത്ത മഴയെ വകവയ്ക്കാതെയായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറു കണക്കിന് പേർ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു. കന്നട ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സിജെപി പ്രവർത്തകർ ഫ്രീഡം പാർക്കിലേക്കെത്തിയത്. ഡൽഹി ജന്തർ മന്തർ പ്രതിഷേധത്തിന് ശേഷമാണ് സിജെപി ബെംഗളൂരുവിലും പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്.

പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‍രിവാൾ; ‘ഡൽഹി, പഞ്ചാബ് മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷം’

ന്യൂഡൽഹി: കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാൾ. ഡൽഹി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.

Also Read: വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

“കേരളത്തിലെ സ്ത്രീകൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ നടപ്പാക്കിയ പ്രവർത്തനങ്ങൾ, ഇതുപോലുള്ള മികച്ച ജനക്ഷേമ പദ്ധതികൾ ആരംഭിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകൾക്കും പ്രചോദനമാകുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. ഡൽഹിയിൽ ഞങ്ങൾ ആദ്യമായി ഈ പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഇതിന്റെ വലിയ സാധ്യതകൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നു. യാത്രാച്ചെലവിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ സ്ത്രീകൾക്ക് ഇപ്പോൾ എവിടെ വേണമെങ്കിലും ജോലിക്ക് പോകാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകാതെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ സാധിക്കുന്നു”- എന്നാണ് അരവിന്ദ് കെജ്‍രിവാൾ കുറിച്ചത്

സ്ത്രീകളോടുള്ള ആദരവെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിലെ അമരക്കാരായി.

സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമാകുന്നത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായിസർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.

വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാത്തന്നൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം പൂയപ്പള്ളി നാല്‍ക്കവലയ്ക്ക് സമീപം ആയിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പള്ളിമണ്‍ പാര്‍വതി മന്ദിരത്തില്‍ റിട്ട. എസ്‌ഐ സുദിന്‍-ഷീബ ദമ്പതികളുടെ മകന്‍ മാധവ് (24) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പള്ളിമണ്‍ ഭാഗത്തുനിന്നും പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന മാധവിനെ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മാധവിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അമ്പലംകുന്ന് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആണ് മാധവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. സഹോദരി: മാളവിക. പൂയപ്പള്ളി പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പില്‍ നടക്കും.

സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി

കൊച്ചി. യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ഒരു ദിവസ വേതനക്കാരനായ പുരുഷന്‍ അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നു, ഒരു ജനാധിപത്യ രാജ്യത്ത് അനുവദനീയമല്ല.

സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജി ആരോപിക്കുന്നു. . എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിര്‍ദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

പ്രിയദർശിനി സൗജന്യ യാത്ര ആഘോഷമാക്കി നാട്

ശാസ്താംകോട്ട: കെഎസ്ആർടിസി ലിമിറ്റഡ്,ഓർഡിനറി ബസുകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി സൗജന്യ യാത്ര’ ആഘോഷമാക്കി നാട്.സ്ത്രീ സൗജന്യ യാത്രയുമായി എത്തിച്ചേർന്ന ബസിലെ ജീവനക്കാർക്കും യാത്രക്കാർക്കും നാടിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണവും മധുരവും നൽകിയാണ് വരവേറ്റത്.

രാവിലെ 9ന് ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ കുന്നത്തൂർ നിയോജക മണ്ഡലം ഉദ്ഘാടനം ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിച്ചു.രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റിയിൽ ഒന്നായ സ്ത്രീകൾക്ക് ഉള്ള സൗജന്യ ബസ് യാത്ര സ്ത്രീ സമൂഹത്തോടുള്ള ആദരവ് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അദ്യക്ഷത വഹിച്ചു.

എം.വി ശശികുമാരൻ നായർ,ഇടവനശേരി സുരേന്ദ്രൻ,വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,കെ.ജി വിജയദേവൻ പിള്ള,അസീസ് ആയിക്കുന്നം മുഹമ്മദ്‌ ഖുറേഷി,തുണ്ടിൽ നിസാർ, നൂറുദ്ധീൻകൂട്ടി,കല്ലട ഗിരീഷ്,തുണ്ടിൽ നൗഷാദ്,പാങ്ങോട് സുരേഷ്,പി.വിജയചന്ദ്രൻനായർ, കെ.സുകുമാരൻ നായർ,രവി മൈനാഗപള്ളി,പി.കെ രവി,പറമ്പിൽ സുബേർ,ബീനകുമാരി, എസ്.ജയശ്രീ,അമൃത പ്രിയ,അസുറ അർത്തിയിൽ,മേരി അലക്സ്‌,രാഖി പ്രവീൺ,ആശ രമേശ്‌,ജയശ്രീ രമണൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി സൗജന്യ പ്രിയദർശനി യാത്ര പദ്ധതിയുടെ ഭാഗമായി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സ്വീകരണവും പായസം വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള,സൈമൺ വർഗീസ്,മണി വൃന്ദാവൻ,റിജോ,ശ്രീരാഗ് മഠത്തിൽ,ഗീത,പ്രദീപ്, ബോബൻ,ബിനു ചുനക്കര,ബാബു,ഫിലിപ്പ്,ചന്ദ്രസേനൻ, മഹാദേവൻ എന്നിവർ സംസാരിച്ചു.


ഇന്ദിരാ ഗ്യാരണ്ടി പ്രകാരമുള്ള പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുമായി കാരാളിമുക്കിൽ എത്തിച്ചേർന്ന കെഎസ്ആർടിസിയുടെ ആദ്യ ബസ്സിലെ കണ്ടർക്കും ഡ്രൈവർക്കും യുഡിഎഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്കിൽ സ്വീകരണം നൽകി.ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.


പ്രിയദർശിനി ബസിന് സ്വീകരണമൊരുക്കി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സ്വീകരണം നൽകി.ലഡു വിതരണവും നടത്തി.അർത്തിയിൽ ഷഫീഖിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ഉത്ഘാടനം ചെയ്തു.ചക്കുവള്ളി നസീർ,അസൂറ അർത്തിയിൽ,സുബേർ പുത്തൻപുര,നാസർ കിണറുവിള,ഡോ.എം.എ സലിം,കോശി പാറതുണ്ടിൽ,അർത്തിയിൽ അൻസാരി,സബീനനാസർ,നിഷാദ് മയ്യത്തുംകര,താരിഖ്,അജി തുടങ്ങിയവർ സംസാരിച്ചു.സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്രക്ക് തുടക്കം കുറിച്ച കേരളാ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം നടത്തി.

പുത്തൻ തെരുവ് അടിപ്പാത ഉടൻ നിർമ്മിക്കണം

പുത്തൻ തെരുവ്. പുത്തൻ തെരുവ് അടിപ്പാത ഉടൻ നിർമ്മിക്കണമെന്നും, എലിവേറ്റഡ് ഹൈവേ മാറ്റി പില്ലർ ഹൈവേ ആക്കണമെന്നും, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന ട്രഷറർ നിജാംബഷി യു എം സി പുത്തൻ തെരുവ് യൂണിറ്റ് പൊതുയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു
.സർവീസ് റോഡ് അപാകതകൾ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് സുധീർ കാട്ടിൽ തറയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നിജാം ബഷി ഉദ്ഘാടനം ചെയ്തു.

എം സിദ്ദീഖ് മണ്ണാൻ്റയ്യം സ്വാഗതവും, ശ്യാം. എസ് .നന്ദിയും പറഞ്ഞു. യോഗത്തിൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി ഫൗസിയ ബീഗം, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ്, ഭാരവാഹികളായ ഹാഷിം, അബ്ദുൽ റഹ്മാൻ അബ്ദുൽസലാം എന്നിവർ സംസാരിച്ചു. യു എം സി പുത്തൻ തെരുവ് യൂണിറ്റ് ഭാരവാഹികളായി സുധീർ കാട്ടിൽ തറയിൽ (പ്രസിഡൻറ്)ശ്യാം (ജനറൽ സെക്രട്ടറി) ഹാഷിം (ട്രഷറർ) അബ്ദുൽ റഹ്മാൻ (വൈസ് പ്രസിഡൻറ് )അബ്ദുൽസലാം (സെക്രട്ടറി).