Home Blog Page 357

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുതമൺപള്ളി ബഥേൽ ബംഗ്ലാവിൽ ആൻസൺ വർഗീസ് (27) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ആൻസൺ വർഗീസും സുഹൃത്തായ മരുതമൺപള്ളി അറപ്പുര കിഴക്കതിൽ അശ്വിൻ (24)യും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അമ്പലംകുന്ന്–മരുതമൺപള്ളി റോഡിൽ കോഴിക്കോട് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി ആൻസൺ വർഗീസിന്റെ മരണം. അശ്വിൻ ചികിത്സയിൽ തുടരുകയാണ്. ഭാര്യ: അമൃത. മകൻ: എയ്‌വിൻ ആൻസൺ.

ഫ്ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വന്‍ വെല്ലുവിളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുപ്പിക്കാന്‍ ഒരുങ്ങി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട്. രാജ്യത്ത് ഉടന്‍ തന്നെ ഫുഡ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. നിലവില്‍ വിപണി നിയന്ത്രിക്കുന്ന സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കുമെതിരെ ശക്തമായ വെല്ലുവിളിയാകുമെന്നാണ് പുതിയ നീക്കത്തെ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും സേവനം ലഭ്യമാകുക. അവരുടെ അഭിപ്രായങ്ങളും ഉപയോഗാനുഭവവും വിലയിരുത്തിയശേഷം രാജ്യവ്യാപകമായി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഫ്‌ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ‘ഫ്‌ളിപ്കാര്‍ട്ട് മിനിറ്റ്‌സ്’ അവതരിപ്പിച്ചതും സമാന രീതിയിലായിരുന്നു.

ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിനൊപ്പം ഫുഡ് ഡെലിവറിക്കായി പ്രത്യേകം വികസിപ്പിക്കുന്ന ആപ്പിലൂടെയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) പ്ലാറ്റ്‌ഫോമുമായി സഹകരിച്ചായിരിക്കും സേവനം ഏകോപിപ്പിക്കുക. എന്നാല്‍ പുതിയ പ്ലാറ്റ്‌ഫോമിന്റെ പേരോ ആദ്യമായി സേവനം ആരംഭിക്കുന്ന നഗരമോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കുന്നതിനപ്പുറം വൈവിധ്യമാര്‍ന്ന റെസ്റ്റോറന്റുകളുടെ ശൃംഖല, കൃത്യതയുള്ള സേവനം, അതിവേഗ ഡെലിവറി, ലളിതമായ ഓര്‍ഡറിങ് അനുഭവം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാകുന്ന മേഖലകളിലേക്കാണ് ഫ്‌ളിപ്കാര്‍ട്ട് പ്രവേശിക്കുന്നതെന്നും മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളെയും ഘട്ടംഘട്ടമായി സ്വന്തം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിപുലമായ ഉപഭോക്തൃ അടിത്തറയും രാജ്യവ്യാപകമായ ലോജിസ്റ്റിക്‌സ് ശൃംഖലയും ഫ്‌ളിപ്കാര്‍ട്ടിന് കരുത്താകുമ്പോള്‍, ഫുഡ് ഡെലിവറി വിപണിയിലെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടല്‍ മുറിയില്‍ സൗദി രാജകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടല്‍ മുറിയില്‍ സൗദി രാജകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലാവി അല്‍ സൗദ് (29) ആണ് മരിച്ചത്. ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിശോധനയില്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ അനുവദനീയമായതിലും മൂന്നിരട്ടിയോളം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ജിഎച്ച്ബി, കഞ്ചാവ്, വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുടെ സാന്നിധ്യവും ശരീരത്തില്‍ ഉണ്ടായിരുന്നു. ഇവയുടെ അപകടകരമായ മിശ്രിതമാണ് മരണത്തിലേക്ക് നയിച്ചത്.

നേരത്തെ മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും അടിപ്പെട്ടിരുന്ന ഇദ്ദേഹം യുകെയിലെ പ്രമുഖ ഡീ-അഡിക്ഷന്‍ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, രാജകുമാരന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നോ അല്ലെങ്കില്‍ മരണത്തില്‍ മറ്റ് ദുരൂഹതകളോ ഉള്ളതായി തെളിവുകളില്ല. സംഭവം അപകട മരണമായാണ് കോടതി രേഖപ്പെടുത്തിയത്.

രാജകുമാരന്റെ നിര്യാണത്തില്‍ സൗദി റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അറിയിച്ചു.

ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു

കൊല്ലം: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മാനവിക-സാമൂഹ്യ സേവനങ്ങള്‍, സമൂഹ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ മാതാ അമൃതാനന്ദമയി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് 36.50 ലക്ഷം ബോര്‍ഡ് നല്‍കണം

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് kseb  നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്.

2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു യുവാവിന് ഉണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഇളയ സഹോദരി പത്താം ക്ലാസിലായിരുന്നു. മൂത്ത സഹോദരി വിവാഹിതയും. കെഎസ്ഇബി യുമായി നഷ്ടപരിഹാരത്തിനായി കേസ് നടക്കുന്നതിനിടെ അച്ഛന്‍ മരിച്ചു. സനുവിന്റെ അമ്മ സത്യഭാമ അദാലത്തില്‍ പരാതി നല്‍കിയത് 2023 ലാണ്. വൈദ്യുതി ബോര്‍ഡ് ലൈനിന്റെ സുരക്ഷിതത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഉണ്ടായ അപകടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ അപകടം സംഭവിച്ചത് സനുവിന്റെ അശ്രദ്ധയും അലക്ഷ്യമായ പ്രവര്‍ത്തിയും കൊണ്ടാണെന്നാണ് ബോര്‍ഡ് വാദിച്ചത്. ഫൈനല്‍ സെറ്റില്‍മെന്റ് ആയി കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കിയതും അദാലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് 2024 ല്‍ അദാലത്ത് സത്യഭാമയുടെ പരാതി തള്ളി. ഇതിനെതിരെ സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വാദത്തിനൊടുവില്‍ ബോര്‍ഡിന്റെ വീഴ്ച്ച കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അദാലത്ത് കണ്ടെത്തിയത്. തോട്ടി വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്നപ്പോള്‍ ട്രിപ്പ് ആവേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ട്രിപ്പ് ആവാനുള്ള പ്രൊട്ടക്റ്റീവ് ഫ്യൂസ് സിസ്റ്റം പ്രവര്‍ത്തിച്ചില്ല എന്നത് ബോര്‍ഡിന്റെ വീഴ്ചയാണ്. സനുവിന് പ്രതിദിനം 1,000 രൂപ വരുമാനം ഉണ്ടായിരുന്നെന്നാണ് കുടുംബം അദാലത്തില്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വെല്‍ഡര്‍ ജോലിക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദാലത്ത് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മുമ്പ് നല്‍കിയ 2 ലക്ഷം കഴിച്ച് 36.50 ലക്ഷം അമ്മക്ക് ബോര്‍ഡ് നല്‍കണം. ഈ തുകക്ക് 6 ശതമാനം പലിശയും കൂടാതെ 10,000 രൂപ കോടതിച്ചെലവായി നല്‍കണമെന്നും ഉത്തരവിലുണ്ട്.

അദാലത്ത് ചെയര്‍പേഴ്സണ്‍ ഷെറിന്‍ ആഗ്‌നസ് ഫെര്‍ണാണ്ടസ്, അംഗം എന്‍ ജീവന്‍ എന്നിവരാണ് ഉത്തരവിട്ടത്. പരാതിക്കാരിയെ പ്രതിനിധീകരിച്ചത് അഡ്വക്കേറ്റുമാരായ ഫ്രാന്‍സി ജോണ്‍, എസ്. രഘുകുമാര്‍, ത്രേയ ജെ. പിള്ള, ആര്യ സുരേഷ് കുമാര്‍ എന്നിവരാണ്.

ശ്രദ്ധേയമായ ഉത്തരവ്

ഈ ഉത്തരവ് സമാന രീതിയില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്‍ക്ക് സഹായകരമായേക്കാം. കേരളത്തില്‍ വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വന്ന് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഇരുമ്പില്‍ നിര്‍മിച്ച തോട്ടി, കോണി എന്നിവ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കൊല്ലപ്പെട്ടത് 22 പേരാണെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ കണക്ക്. 31 പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ആ വര്‍ഷം നടന്നത് കൊല്ലം ജില്ലയിലാണ്, ആറു പേരാണ് ജീവന്‍ പൊലിഞ്ഞത്.

കെ എസ് യു നേതാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

വയനാട് കൽപ്പറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ കെ എസ് യു നേതാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.KSU ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കൽപ്പറ്റ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കയ്യേറ്റത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ ബേസിൽ പോൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന് തടസം നിന്നതിനും ഉദ്യോഗസ്ഥന്റെ മുഖത്ത് അടിച്ചതിനുമാണ് കേസ്. ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ചിനിടെ ആണ് സംഘർഷം ഉണ്ടായത്

എം ആർ അജിത് കുമാറിൻ്റെ സസ്പെന്‍ഷന്‍ നടപടിക്ക് കാരണമായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

തിരുവനന്തപുരം.ആലപ്പുഴ കുപ്രസിദ്ധരക്ഷാപ്രവർത്തന കേസിൻ്റെ അട്ടിമറി, എം ആർ അജിത് കുമാറിൻ്റെ നടപടിക്ക് കാരണമായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ.

അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ വഴിവിട്ട ഇടപെടൽ നടത്തി, അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതിനും തെളിവുകൾ, കുരുക്കായത് ആദ്യ അന്വേഷണോദ്യോഗസ്ഥരുടെ മൊഴികൾ, പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി. Dysp തോംസന്റേതാണ് മൊഴി

അരുൺ കെ എസ്, സുനിൽ രാജ് എന്നീ DYSP മാരും അജിത് കുമാറിനെതിരെ മൊഴി നൽകി പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന എല്ലാ നടപടികളും അജിത് കുമാർ സ്വീകരിച്ചു. അജിത് കുമാർ നൽകിയിട്ടുള്ള വിശദീകരണം ഒട്ടും തൃപ്തികരമല്ല.

ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നല്‍കി

കോഴിക്കോട് . ഹരിത കർമ്മ സേനയോട് കണ്ണില്ലാത്ത ക്രൂരത, ജീവനുള്ള പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം ഒളിപ്പിച്ചു. ചാക്ക് തുറന്ന ജീവനക്കാർ കണ്ടത് ജീവനുള്ള പാമ്പിനെ. പാമ്പ് പുറത്തേക്ക് ചാടിയതോടെ തലനാരിഴക്ക് ഒഴിവായത് വൻ അപകടം

ജീവനും കൊണ്ട് ഓടിയെന്ന് ഹരിത കർമ്മ സേനാംഗം ഹരിത. മറ്റ് മാലിന്യ ചാക്കുകൾക്കൊപ്പമാണ് പാമ്പ് ഒളിപ്പിച്ച ചാക്കും വെച്ചത്

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനക്കാണ് ദുരനുഭവം. ഇത്തരത്തിലുള്ള പ്രവൃത്തി മനുഷ്യജീവന് ഭീഷണിയെന്ന് ഹരിത കർമ്മ സേന

ഹരിത കർമ്മ സേനയോട് ഇത്തരം ക്രൂരത ആവർത്തിക്കരുതെന്ന് ജീവനക്കാരുടെ അഭ്യർഥന

കരുനാഗപ്പള്ളി പുതിയകാവ് പുത്തൻവീട്ടിൽ (നന്ദനം) അഡ്വ: C R ഉണ്ണികൃഷ്ണൻ നിര്യാതനായി

കരുനാഗപ്പള്ളി. പുതിയകാവ് പുത്തൻവീട്ടിൽ (നന്ദനം) അഡ്വ: C R ഉണ്ണികൃഷ്ണൻ (64)നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് (24/7/2026) വൈകിട്ട് 4 മണിക്ക് സ്വവസതിയിൽ

ഭാര്യ. ലേഖാകുമാരി(റിട്ട. അധ്യാപിക,എസ്ആര്‍വി യുപിഎസ് ചങ്ങന്‍കുളങ്ങര), മക്കള്‍. ഡോ.ദേവുകൃഷ്ണന്‍(ചെക് റിപബ്ളിക്), അഡ്വ. ജാനുകൃഷ്ണന്‍. മരുമകന്‍. അഭിജിത്(എന്‍ജിനീയര്‍, ചെക് റിപബ്ളിക്)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച,കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി , കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കും

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കും. അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാത്രി 11:52 ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള ക്രമക്കേടുകളുടെ ഉത്തരവാദിത്തമാറ്റെടുത്ത് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘സുഹൃത്തുക്കളേ, ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു സാധാരണ പ്രശ്‌നമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് വളരെ വേദനാജനകമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചത്. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചു. വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം പോലും പാഴാക്കരുതെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. പരീക്ഷകള്‍ ഉടനടി എഴുതേണ്ടത് വളരെ പ്രധാനമായിരുന്നു. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണമൊരുക്കാന്‍ സര്‍ക്കാര്‍ അതിന്റെ പൂര്‍ണശേഷിയും ഉപയോഗിച്ചു’ പ്രധാനമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ കഠിനാധ്വാനം ചെയ്ത് ഇന്നുരാത്രി വൈകിയാണ് എനിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നാളെ മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, അതിന് അന്തിമരൂപം നല്‍കും. പാര്‍ലമെന്റിന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിയുന്നത്ര വേഗം ബില്‍ പാസ്സാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.’ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.