Home Blog Page 358

റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി കുത്തിവീഴ്ത്തി; കാലില്‍ ആഴത്തില്‍ മുറിവേറ്റു

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നി ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ ആണ് സംഭവം നടന്നത്. കോനൂര്‍കണ്ടിയില്‍ താമസിക്കുന്ന ഇരുമ്പുകുഴിയില്‍ ഷീബ മോഹനന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. വീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി

കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്ന് ഉഷക്കൊപ്പം ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു.

2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.

കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെസി വേണുഗോപാൽ എംപി. ദുരവസ്ഥ നേരിട്ട ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കെസി വേണുഗോപാൽ എംപി ഇടപെട്ടാണ് ഉഷയെ കൊച്ചിയിലേക്ക് മാറ്റിയത്.

ഉഷയുടെ ദുരവസ്ഥയറിഞ്ഞ് കെസി വേണുഗോപാൽ കുടുംബവുമായി സംസാരിച്ചിരുന്നു. പിന്നാലെ ആംബുലൻസ് അയച്ച് ഉഷയ്ക്ക് തുടർ ചികിത്സക്ക് അമൃത ആശുപത്രിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർചികിത്സ തീരുമാനിക്കും.

ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ തന്നെ ചെയ്യുമെന്ന് രോഗിക്കൊപ്പം ആശുപത്രിയിൽ എത്തിയ കോൺഗ്രസ്‌ നേതാവ് എം ലിജു വ്യക്തമാക്കി. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഉഷ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

ഡോക്ടർമാരെ തിരിച്ചറിഞ്ഞു

അതിനിടെ വിവരമറിഞ്ഞ് ഉഷയുടെ വീട്ടിൽ എച്ച് സലാം എംഎൽഎയെത്തി. സംഭവിച്ചത് ചെറിയ തെറ്റല്ലെന്നും ഡോക്ടർമാർക്ക് ഗുരുതര പിഴവ് സഭവിച്ചെന്നും എംഎൽഎ പറഞ്ഞു. വിവരം ആരോഗ്യ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെയും തിരിച്ചറിഞ്ഞു. സംഭവത്തിൽ കർശന നടപടി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. അന്വേഷണത്തിന് വിദഗ്ദ്ധ സമിതി വേണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ സംഭവവും അന്വേഷിക്കണം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും തുടർ ചികിത്സ കുടുംബം പറയുന്ന ആശുപത്രിയിൽ നടത്തുമെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ .പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മാമൻ മണ്ഡൽ (28) മസിദുൽ ഇസ്ലാം ( 24 ) എന്നിവരാണ് കൊല്ലം ആർ.പി.എഫ്, തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ്, കൊല്ലം റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ലഹരിമരുന്ന് കടത്ത് തടയുന്നതിനായുള്ള ‘ഓപ്പറേഷൻ നാർക്കോസ്’, തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക നിരീക്ഷണം എന്നിവയുടെ ഭാഗമായി കഴിഞ്ഞ 18 ന് രാത്രി 11.55 ഓടെ ആയിരുന്നു പരിശോധന. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന ഇവരെ കണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്ന് ഏകദ്ദേശം 8.5 ലക്ഷം വിലമതിക്കുന്ന 17.1 കിലോ കഞ്ചാവാണ് പിടികൂടിയത്.പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.ലഹരിമരുന്ന് എത്തിച്ചത് ആർക്കാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

അപകീര്‍ത്തി പരാമര്‍ശം; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

ന്യൂ ഡെൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. 

സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താനാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പി ജി ഡോക്ടർമാർ ഇന്ന് നടത്താനിരുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടർമാർ ഇന്ന് നടത്താനിരുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ച വിജയിച്ചതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറാൻ പി ജി ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടർമാർ ഉന്നയിക്കുന്ന സ്റ്റൈപ്പൻഡ് കുടിശ്ശിക തീർക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടൻ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചർച്ചയിൽ അറിയിച്ചു. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സിനിയർ ഡോക്ടർമാരുടെ സമരം തുടരും
ചർച്ചയിൽ പൂർണ്ണ തൃപ്തരാണെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. സമര പ്രഖ്യാപനത്തെത്തുടർന്ന് രോഗികൾ അനുഭവിക്കേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും അവർ പ്രതികരിച്ചു. ചർച്ച പോസിറ്റീവായ സാഹചര്യത്തിൽ നാളെ മുതൽ എല്ലാ പി ജി ഡോക്ടർമാരും ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും സമരപരിപാടികൾ താൽക്കാലികമായി നിർത്തുകയാണെന്നും സംഘടന അറിയിച്ചു. എന്നാൽ സീനിയർ ഡോക്ടർമാരുടെ സമരം തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇവർ സമരത്തിൽ നിന്ന് പിന്മാറുന്നതായി ഇതുവരെയും അറിയിച്ചിട്ടില്ല.

അഞ്ചു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് ‘ഒന്നാം നമ്പര്‍’ കത്രിക

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. അഞ്ചു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായും ഇവര്‍ പറയുന്നു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.

നാളെ മുതല്‍ വണ്ടാനം മെഡിക്കല്‍ കോളജിന് മുന്നല്‍ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്. അഞ്ച് വര്‍ഷമായി ജോലി ചെയ്യാന്‍ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവര്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷന്‍ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോള്‍ നാസര്‍ എന്ന ഡോക്ടര്‍ എല്ലാം ഒതുക്കിത്തീര്‍ക്കാം എന്ന് പറഞ്ഞതായും ആരോപണം ഉണ്ട്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് : വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി.


വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ് ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെകെ മഹേശന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാവ് ഡോ എംഎന്‍. സോമന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതിയിലെ ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

ജെൻസീ തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണ് : ഡോ. ഫിലിപ്പ് എബ്രഹാം

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ സ്വാവബോധം ജൻസി ജനറേഷനിൽ എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിലാണ് ജെൻസിതലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണ് എന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് എബ്രഹാം അഭിപ്രായപ്പെട്ടത്.

ഏഴാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ്സ്‌ ഏവർക്കും ഒരു നവ്യാനുഭവമായിരുന്നു.വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ ജി എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

നവജാതശിശു മരിച്ച സംഭവം,നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് നെടുമങ്ങാട് പൊലീസ്

Silhouette of protesting crowd of people with raised hands and banners. Woman with loudspeaker. Peaceful protest for human rights. Demonstration, rally, strike, revolution.Isolated vector illustration

തിരുവനന്തപുരം. നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം. പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്

കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെയാണ് കേസെടുത്തത്. ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിന് ആണ് കേസ്. നവജാതശിശുവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാതെ ജനം സംഘര്‍ഷമുണ്ടാക്കിയിരുന്നു. നിരന്തരം പരാതികള്‍ക്കിടയാക്കിയ ഡോക്ടര്‍ക്കെതിരെ നടപടി ആദ്യം അധികൃതര്‍ ആലോചിച്ചതേയില്ലായിരുന്നു. പിന്നീട് സ്ഥലംമാറ്റമാക്കി. എന്നാല്‍ കൈക്കൂലി സംബന്ധിച്ച വെളിപ്പെടുത്തലും വ്യാപക പരാതിയും ഉയര്‍ന്നതോടെ സസ്പെന്‍ഡു ചെയ്യാമെന്നായി. എന്നാല്‍ ഡോക്ടര്‍ക്കെതിരെയുള്ള നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന എതിര്‍പ്പുമായി രംഗത്തുണ്ട്.