Home Blog Page 359

പിഎസ്‌സി; റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെത്തുടർന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടപരീക്ഷയാണ് റദ്ദാക്കിയത്. അന്നേദിവസം രാവിലെ 10 മുതൽ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുൾ മുഹമ്മദീയ എച്ച്എസ്എസ് സ്കൂളിലെ സെന്റർ 2 (എച്ച്എസ്എസ് വിഭാഗം) ൽ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കുളള പുന:പരീക്ഷയും ആഗസ്ത് 22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടത്തും.

ആഗസ്ത് 22 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 883/2025, 647/2025 – എൽസി/എഐ) പരീക്ഷ നവംബർ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങൾ പിഎസ്‍സി ഔദ്യോഗിക വെബ്സൈറ്റിൽ.

സ്ത്രീകളുടെ ബാഗുകൾ മാത്രം ലക്ഷ്യം; നൂറിലേറെ മൊബൈൽ മോഷ്ടിച്ച കള്ളൻ പിടിയിൽ

കൊച്ചി: സ്ത്രീകളുടെ ബാഗുകളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ മാത്രം ലക്ഷ്യമിട്ട് നൂറിലേറെ മോഷണങ്ങൾ നടത്തിയ മലയാറ്റൂർ സ്വദേശി ജിജോ ബാബുവിനെ പൊലീസ് പിടികൂടി. 2012-ൽ സമാന കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ പിന്നീട് മോഷണം തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

യാത്രയ്ക്കിടെ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗിൽ സൂക്ഷിക്കുന്നതാണ് അവരെ മാത്രം ലക്ഷ്യമിടാൻ കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബാഗിൽ നിന്ന് ഫോൺ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.

ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി നൽകി. തുടർന്ന് കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയ പൊലീസ്, മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുകയായിരുന്ന ജിജോയെ കൈയോടെ പിടികൂടി. മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു.

ചോദ്യംചെയ്യലിലാണ് നൂറിലധികം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും അവ കളമശേരിയിലെ ഒരു ഇതരസംസ്ഥാന തൊഴിലാളി വഴി വിറ്റഴിച്ചിരുന്നതായും ജിജോ വെളിപ്പെടുത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ശാസ്ത്രീയമായി തിരിച്ചുപിടിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

ഹൈക്കോടതി ജംഗ്ഷൻ, എം.ജി. റോഡ്, വൈറ്റില തുടങ്ങിയ കൊച്ചിയിലെ തിരക്കേറിയ കേന്ദ്രങ്ങളായിരുന്നു ജിജോയുടെ പ്രധാന മോഷണ കേന്ദ്രങ്ങൾ.

സൂര്യവംശിയുടെ കൊടുങ്കാറ്റിൽ ഇന്ത്യക്ക് അനായാസ ജയം

ഹരാരെ: സിംബാബ്‌വെയെതിരായ ആദ്യ ട്വന്റി20യിൽ യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നും ബാറ്റിങ്ങിന്റെ മികവിൽ ഇന്ത്യക്ക് അനായാസ വിജയം. 126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

18 പന്തിൽ അർധസെഞ്ച്വറി തികച്ച സൂര്യവംശി തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും മത്സരത്തിന്റെ ഗതി അതിനകം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചിരുന്നു. അഭിഷേക് ശർമ്മ ഒരു റൺസിന് പുറത്തായപ്പോൾ, ഇഷാൻ കിഷൻ 24 പന്തിൽ 35 റൺസ് നേടി. ശ്രേയസ് അയ്യർ (28*)യും തിലക് വർമ (6*)യും പുറത്താകാതെ നിന്നു.

ഈ ഇന്നിങ്‌സിലൂടെ 15 വയസും 118 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 15 വയസും 340 ദിവസവും പ്രായമുള്ളപ്പോൾ നേപ്പാളിന്റെ രോഹിത് പൗഡേൽ (മല്ല എന്നത് തെറ്റാണ്) സ്ഥാപിച്ചിരുന്ന നേട്ടമാണ് ഇന്ത്യൻ താരം മറികടന്നത്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ അർധസെഞ്ച്വറിക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും ഇതോടെ പഴങ്കഥയായി.

അതിന് മുമ്പ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ ഇന്ത്യയുടെ ബൗളർമാർ 20 ഓവറിൽ ഏഴ് വിക്കറ്റിന് 125 റൺസിൽ ഒതുക്കി. മായങ്ക് അഗർവാളും പ്രിൻസ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശിവം ദുബെയും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് നേടി.

മായങ്ക് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബ്രയാൻ ബെനറ്റിനെ പുറത്താക്കി ഇന്ത്യ മികച്ച തുടക്കമിട്ടു. ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ആതിഥേയർക്ക് ഒരുഘട്ടത്തിലും വെല്ലുവിളി ഉയർത്താനായില്ല. മൂന്ന് സിക്‌സും 10 ബൗണ്ടറിയും മാത്രമാണ് സിംബാബ്‌വെ ബാറ്റർമാർക്ക് നേടാനായത്.

പ്രമുഖ വ്യവസായി,അസോസിയറ്റ് ഇൻഡസ്റ്റസ്ട്രിയൽ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊല്ലം ജവഹർ ജംഗ്ഷൻ ആശാവിഹാറിൽ പി.എ.സക്കറിയ അന്തരിച്ചു

കൊല്ലം∙ പ്രമുഖ വ്യവസായി,അസോസിയറ്റ് ഇൻഡസ്റ്റസ്ട്രിയൽ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൊല്ലം ജവഹർ ജംഗ്ഷൻ ആശാവിഹാറിൽ പി.എ.സക്കറിയ(85) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച രാവലെ 9 ന് കൊല്ലത്തെ വസതിയിലെത്തിക്കും.വൈകിട്ട് വരെ പൊതുദർശനമുണ്ടാകും.സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരം പാറ്റൂർ പള്ളി സെമിത്തേരിയിൽ.
1986 മുതൽ അശോക് ലൈലൻഡിന്റെ വിവിധ സംസ്ഥാനങ്ങളിലെ സ്പെയർപാർട്സ് ഡീലറായ ഇദ്ദേഹം ഹോട്ടൽ ബിസിനസിലും സജീവമായിരുന്നു.കൊല്ലത്തെ ഷൈൻസ് ടൂറിസ്റ്റ് ഹോം ഉടമയാണ്.
ഭാര്യ: പരേതയായ ശോശാമ്മ സക്കറിയ(കോന്നി പുത്തൻപുരയ്ക്കൽ കുടുംബാംഗം )
മക്കൾ: ഡോ.ആശ സക്കറിയ (കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം)
ഡോ. ഷൈനി സക്കറിയ.

മരുക്കൾ: ഡോ. അജിത് തോമസ് (കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം)
ഡോ. റോണി അലക്സ് ചെറിയാൻ (യുകെ)

വൃദ്ധമാതാവിനെ കൊലപ്പെടുത്താൻ ശ്രമം മകൻ അറസ്റ്റിൽ

കരുനാഗപ്പള്ളി: വൃദ്ധയായ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

തൊടിയൂർ മുഴങ്ങോ ടി പുത്തൻപുരയിൽ വീട്ടിൽ കൃഷ്ണപിള്ള മകൻ രാജേഷ് 56 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോയത് മാതാവാണെന്ന കാരണത്താൽ കഴിഞ്ഞദിവസം രാജേഷ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.തുടർന്ന് വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വലതു കയ്യിൽ വെട്ടുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു കയ്യിലിരുന്ന വെട്ടു കത്തിയെടുത്ത് ഇടത് കവിൾഭാഗത്ത് വെട്ടിയതിൽ വച്ച് ആഴത്തിലുള്ള മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു .

പരിക്കേറ്റ മാതാവ് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ ചികിത്സ തേടുകയും തുടർന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് പ്രതിയായ മകൻ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും പ്രതി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മാതാവ് പറഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ സി പി C ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ് എച്ച് ഓ പ്രവീൺ എസ് ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരിയെ കൊള്ളയടിച്ച അക്രമി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി.ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരിയെ കൊള്ളയടിച്ച അക്രമി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കവര്‍ച്ചയ്ക്ക ശേഷം രക്ഷപ്പെട്ട പ്രതികള്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അക്രമി സംഘത്തിലെ നാലാമനായി അന്വേഷണം ഊര്‍ജിതം.


ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ചിന് സമീപം തിങ്കളാഴ്ചയാണ് ഒഡീഷ സ്വദേശി ധാരാ സിങ് പ്രധാനെ നാലംഗസംഘം കൊള്ളയടിച്ചത്. വൈകീട്ട് നാലരയ്ക്ക് പഴയ ലൈറ്റ് ഹൗസിന് സമീപത്തെ ശുചിമുറിയില്‍ വെച്ചാണ് ധാരാ സിങ് ആക്രമിക്കപ്പെട്ടത്. കേസില്‍ കൊച്ചി സ്വദേശികളായ സഹല്‍, ആദര്‍ശ്, ഷൈജു എന്നിവരാണ് പിടിയിലായത്.

ശുചിമുറിയിലെത്തിയ ധാരാ സിങിനെ സ്ഥലത്ത് തമ്പടിച്ച് നിന്ന നാലംഗ സംഘം വളഞ്ഞു. രണ്ട് പ്രതികള്‍ ചേര്‍ന്ന് ധാരാസിങ്ങിനെ ബലമായി പിടിച്ചു നിര്‍ത്തി. മൂന്നാമന്‍ ഇടത് കണ്ണില്‍ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതോടെ നിലത്തുവീണ ധാരാസിങ്ങിനെ പിന്നീട് മരത്തടികൊണ്ടാണ് പ്രതികള്‍ ആക്രമിച്ചത്. തലയ്ക്ക് പുറകിലേറ്റ അടിക്ക് പിന്നാലെ ധാരാസിങ് അബോധാവസ്ഥയിലായി. ഇതോടെ പോക്കറ്റിലുണ്ടായിരുന്ന പതിനെണ്ണായിരം രൂപയുടെ ഫോണും പണവുമായി അക്രമി സംഘം രക്ഷപ്പെട്ടു.

ശുചിമുറി പരിസരതെത്തിയവരാണ് ധാരാസിങിനെ കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. കണ്ണിലും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ധാരാസിങ് ആശുപത്രിയില്‍ നിന്നിറങ്ങി രണ്ട്ാം ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടുപിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ധാരാസിങ്ങിനെ ആക്രമിച്ചതിന് ശേഷം പ്രതികള്‍ ഓടിപോകുന്നതും ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലും പരിസരത്തും ഒളിവിലായിരുന്ന പ്രതികളെ പിടികൂടി. നാലാമന്‍ ഇപ്പോളും ഒളിവിലാണ്. പിടിയിലായവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ടു, ഇന്ന് മന്ത്രിയായി ധര്‍മ്മേന്ദ്രപ്രധാന്‍ സമാനമായപ്രക്ഷോഭം നേരിടുന്നു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദങ്ങളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും മുന്‍നിര്‍ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ, അദ്ദേഹത്തിന്റെ പഴയകാല സമരചരിത്രം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ സമാനമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ട വ്യക്തിയായിരുന്നു ഇന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍.

1990കളുടെ മധ്യത്തില്‍ എബിവിപിയുടെ സജീവ വിദ്യാര്‍ഥി നേതാവായിരുന്ന കാലത്താണ് സംഭവം. അന്ന് ഒഡീഷയിലെ ജാനകി പട്‌നായിക് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംസ്ഥാനതല മത്സരപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാന്‍ സമരരംഗത്തിറങ്ങിയത്. ഭുവനേശ്വറിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ 1500ഓളം വിദ്യാര്‍ഥികളെ അണിനിരത്തി അദ്ദേഹം നടത്തിയ വന്‍ പ്രതിഷേധം അന്ന് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അന്ന് എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്ന് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും പരീക്ഷാ അഴിമതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്കായി പോരാടി രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന പ്രധാന്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അതേ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും കടുത്ത വിമര്‍ശനം നേരിടുന്നു എന്നത് രാഷ്ട്രീയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, നീറ്റ് പുനഃപരീക്ഷ വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നും പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം വിദ്യാര്‍ഥികളെ കരുവാക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും മന്ത്രിയുടെയും നിലപാട്.

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍,ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം,പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ച് അധികൃതര്‍

ന്യൂഡല്‍ഹി. സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്താണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

‘ ഇന്ത്യസഖ്യത്തിലെ എംപിമാരും നേതാക്കളും സമാധാനപരമായി ഗാന്ധി സ്മൃതിയിലേക്ക് നീങ്ങുകയാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായി നമുക്ക് നഷ്ടമായ വിദ്യാര്‍ഥികളുടെ സ്മരണ പുതുക്കാനാണ് ഞങ്ങള്‍ പോകുന്നത്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ എംപിമാരോട് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്താന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എംപിമാരുടെ യോഗത്തിനു മുന്‍പ്, രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ദ്രുത കര്‍മസേന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

നേരത്തെ, കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളെ ഇന്നലെ മുതല്‍ നാലു തവണ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ജെപി നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്താം. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂര്‍വ്വം, നിങ്ങളെല്ലാവരെയും വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞദിവസം ഉച്ചമുതല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നാല് തവണ സമീപിച്ചിട്ടുണ്ട്. എല്ലാ യുവ സുഹൃത്തുക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല’, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധം

ശാസ്താംകോട്ട.നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളേയും യുവാക്കളെയും മൃഗീയമായി മര്‍ദ്ദിച്ച കേന്ദ്ര പോലീസ് നടപടിയിലും രാഹുൽഗാന്ധിഅടക്കമുള്ളനേതാക്കളെഅറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ റോഡ് ഉപരോധം സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു

എൻഡിആർഎഫ് പരിശീലനം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി . ഡോ വി വി വേലുക്കുട്ടിഅരയൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ എൻഡിആർ എഫ് ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും പ്രായോഗിക പരിശീലനവും നൽകി. എൻഡിആർഎഫ് ഇൻസ്പെക്ടർ സൂരജ്,സബ് ഇൻസ്പെക്ടർമാരായ അലോക് കുമാർ, ഇബ്രാഹിംകുട്ടി എന്നിവർ ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രഥമ അധ്യാപിക ജി ശ്രീലത, പിടിഎ പ്രസിഡന്റ് ജിജീഷ്,എസ്എംസി ചെയർപേഴ്സൺ ലേജു എന്നിവർ സംസാരിച്ചു.