25.3 C
Kollam
Tuesday 4th August, 2026 | 11:17:56 PM
Home Sports Cricket രണ്ടാം ‘എല്‍ ക്ലാസിക്കോ’യിലും മുംബൈയെ തകർത്ത് ചെന്നൈ

രണ്ടാം ‘എല്‍ ക്ലാസിക്കോ’യിലും മുംബൈയെ തകർത്ത് ചെന്നൈ

ഐപിഎല്ലിലെ ഗ്ലാമർ പോരാട്ടത്തിൽ ചെന്നൈക്ക് വിജയം. മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുന്നത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. തോൽവിയോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏകദേശം അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ലേയിൽ 57 റൺസ് നേടിയ അവർ ആദ്യ പത്ത് ഓവറിൽ 100 റൺസ് കടന്നിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈ ബൗളർമാർ വമ്പൻ തിരിച്ചുവരവ് നടത്തി. അവസാന പത്തോവറിൽ വെറും 59 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 37 പന്തിൽ 57 റൺസെടുത്ത നമാൻ ധീർ ആണ് മുംബൈയുടെ ടോപ് സ്കോറർ. റയാൻ റിക്കൽട്ടൺ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ സൂര്യകുമാർ യാദവ് (21), ഹാർദിക് പാണ്ഡ്യ (18) എന്നിവർക്ക് സ്കോർ ഉയർത്താനായില്ല.
ചെന്നൈയ്ക്കായി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദും അൻഷുൽ കാംബോജും മികച്ച ബൗളിംഗ് കാഴ്ചവെച്ചു. കാംബോജ് മൂന്ന് വിക്കറ്റും നൂർ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ മുംബൈയെ 159 റൺസിൽ ഒതുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ സഞ്ജു സാംസണെ (11) നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്തിൽ റിക്കൽട്ടണ് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. എന്നാൽ പിന്നീട് വന്ന ഉർവിൽ പട്ടേൽ (12 പന്തിൽ 24) വെടിക്കെട്ട് ബാറ്റിംങിലൂടെ ചെന്നൈയ്ക്ക് വേഗം നൽകി.


ഉർവിൽ പുറത്തായ ശേഷം ഒത്തുചേർന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും (48 പന്തിൽ 67), കാർത്തിക് ശർമ്മയും (40 പന്തിൽ 54) ചേർന്ന് ചെന്നൈയെ അനായാസം വിജയതീരത്തെത്തിച്ചു.