ജയ്‌പൂർ: നീറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്ന കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ 15 പേർ പിടിയില്‍. സംഭവത്തിൻ്റെ സൂത്രധാരനായ ജയ്‌പൂർ സ്വദേശി മനീഷിനെ തിങ്കളാഴ്‌ച അന്വേഷണ സംഘം പിടികൂടി. മെയ് 7ന് ഡെറാഡൂണിൽ വച്ച് സിക്കാറിൽ എസ്‌കെ കൺസൾട്ടൻസി നടത്തുന്ന രാകേഷ് മണ്ഡവാരിയെയും ഈ കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. ചോദ്യപേപ്പറുകളുടെ സാമ്പിൾ വിദ്യാര്‍ഥികൾക്ക് വിറ്റുവെന്നതാണ് രാകേഷിന് എതിരെയുള്ള കുറ്റം. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ വിവരങ്ങൾ അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിശദമായ അന്വേഷണത്തിൽ, ചോദ്യബാങ്ക് പങ്കിട്ട നിരവധി മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 60 ഓളം ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ ചോദിച്ചതിന് സമാനമാണെന്നും, പദങ്ങളിലും ചിഹ്നങ്ങളിലും പോലും മാറ്റമില്ലെന്നും കണ്ടെത്തി. 400 ൽ അധികം അംഗങ്ങളുള്ള ‘പ്രൈവറ്റ് മാഫിയ’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പും പൊലീസ് കണ്ടെത്തി. ചോർന്ന ചോദ്യപേപ്പര്‍ പങ്കിടുക എന്നതാണ് ഇതിൻ്റെ ഏക ലക്ഷ്യമെന്ന് ഗ്രൂപ്പ് വിവരണത്തിൽ വ്യക്തമായി പരാമർശിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. കൂടാതെ ഗ്രൂപ്പിന് പുറത്തേക്ക് പേപ്പറുകൾ കൈമാറരുതെന്നും അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ചോദ്യപേപ്പറുകൾ ആദ്യമായി ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നതും അവിടെയാണ്.
അതേസമയം, ചോദ്യപേപ്പറുകളുടെ പ്രചരണവുമായി ബന്ധപ്പെട്ട പണമിടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്. പരീക്ഷയ്ക്ക് മുമ്പ് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 410 ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിൽ ഏകദേശം 120 ചോദ്യങ്ങൾ രസതന്ത്രത്തിൽ നിന്നായിരുന്നുവെന്നും, യഥാർത്ഥ പരീക്ഷയ്ക്ക് 15 ദിവസം മുതൽ ഒരു മാസം മുമ്പ് വരെ വിദ്യാർഥികൾക്കിടയിൽ ഈ പേപ്പറുകൾ പ്രചരിച്ചിരുന്നതായും രാജസ്ഥാൻ പൊലീസ് അഡീഷണൽ ഡയറക്‌ടര്‍ ജനറൽ (എഡിജി) വിശാൽ ബൻസാൽ പറഞ്ഞു.
സംഭവം ഇങ്ങനെ…
2026 മെയ് മൂന്നിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൻ്റെ ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെത്തുടർന്നാണ് രാജസ്ഥാൻ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചത് . പരീക്ഷയ്ക്ക് മുമ്പ് വിദ്യാർഥികൾക്കിടയിൽ പ്രചരിച്ച കയ്യെഴുത്ത് ചോദ്യബാങ്കിലെ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷയിൽ ആവർത്തിച്ചു വന്നതാണ് അന്വേഷണത്തിന് വഴിവെച്ചത്.
രാജസ്ഥാന്‍ പൊലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷന്‍സ് ഗ്രൂപ്പ് 4 മാര്‍ക്കിൻ്റെ 140 ചോദ്യങ്ങൾ അടങ്ങുന്ന കൈയ്യെഴുത്ത് ചോദ്യബാങ്കുകളാണ് കണ്ടെത്തിയത്. നീറ്റ് പരീക്ഷയിലെ ആകെയുള്ള 720 മാർക്കിൻ്റെ ചോദ്യങ്ങളിൽ ഏകദേശം 600 മാർക്കിൻ്റെ അടുത്ത് വരെയുള്ള ചോദ്യങ്ങൾ ഈ കൈയ്യെഴുത്ത് ചോദ്യബാങ്കിൽ ഉണ്ടായിരുന്നു. മെയ് ഒന്നിന് രാജസ്ഥാനിലെ സിക്കാറിൽ നിന്നും ചോദ്യപേപ്പറുകൾ പ്രചരിക്കാന്‍ തുടങ്ങിയെന്നും പരീക്ഷക്ക് മുമ്പ് പ്രചരിച്ച ഈ ചോദ്യപേപ്പറുകളിൽ ഉത്തരങ്ങളുടെ ഓപ്ഷനുകൾ പോലും നീറ്റ് പരീക്ഷയുടെ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിച്ച് എൻടിഎ
സംഭവത്തിൽ ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വ്യക്തമാക്കിയിരുന്നു. സുതാര്യമായ രീതിയിലായിരിക്കും തുടരന്വേഷണമെന്നും എൻടിഎ മെയ് 10-ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ജിപിഎസ് സംവിധാനമുള്ള വാഹനങ്ങളിലാണ് ചോദ്യപേപ്പറുകൾ കൊണ്ടുപോയതെന്നും ട്രാക്കിംഗിനായി പ്രത്യേക വാട്ടർമാർക്കുകൾ പതിച്ചിട്ടുണ്ടെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകി. കേന്ദ്ര സർക്കാർ കൺട്രോൾ റൂമിൽ നിന്ന് എഐ അധിഷ്‌ഠിത സിസിടിവി വഴി പരീക്ഷാ കേന്ദ്രങ്ങൾ നിരീക്ഷിച്ചു. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധനകൾ നടത്തി, 5ജി ജാമറുകൾ ഉപയോഗിച്ചു. പരീക്ഷാ ദിവസം എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും എന്‍ടിഎ അവകാശപ്പെട്ടു.
കേരളത്തില്‍ പഠിക്കാനെത്തിയ എം.ബി.ബി.എസ് വിദ്യാർഥിയുടെ പങ്ക്
നീറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്ന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന, രാജസ്ഥാനിലെ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയിലേക്ക് അന്വേഷണം നീങ്ങി . ഇയാൾ മെയ് ഒന്നിന് സികാറിലെ ഒരു സുഹൃത്തിന് ഈ ചോദ്യപേപ്പറുകൾ കൈമാറുകയും തുടർന്ന് സോഷ്യൽ മീഡിയ വഴിയും കോച്ചിങ് സെൻ്ററുകൾ വഴിയും ഇത് വലിയതോതിൽ പ്രചരിക്കുകയുമായിരുന്നു.
ചോദ്യപേപ്പറുകൾ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 2.2 ദശലക്ഷത്തിലധികം വിദ്യാർഥികളുടെ കഠിനാധ്വാനവും സ്വപ്‌നങ്ങളുമാണ് ബിജെപിയുടെ അഴിമതി നിറഞ്ഞ സംവിധാനം മൂലം തകർന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇത് വെറും പരാജയമല്ല, യുവാക്കളുടെ ഭാവിക്കെതിരായ കുറ്റകൃത്യമാണ്. ഓരോ തവണയും ഇതിന് പിറകിലുള്ള പേപ്പർ മാഫിയ രക്ഷപ്പെടുന്നു. അതേസമയം സത്യസന്ധരായ വിദ്യാർഥികൾ അതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. ഇപ്പോൾ, ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വീണ്ടും അതേ മാനസിക സമ്മർദവും സാമ്പത്തിക ബുദ്ധിമുട്ടും അനിശ്ചിതത്വവും നേരിടേണ്ടിവരുമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ഇതിനുമുമ്പും മോദി സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നീറ്റ് ഒരു പരീക്ഷയല്ല മറിച്ച് ഒരു ലേലമായി മാറിയിരിക്കുന്നു. 2.2 ദശലക്ഷത്തിലധികം വിദ്യാർഥികൾ ഒരു വർഷം മുഴുവൻ അർദ്ധരാത്രിയിൽ ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ചു, പക്ഷേ അവരുടെ ഭാവി ഒറ്റരാത്രികൊണ്ട് വിപണിയിൽ പരസ്യമായി ലേലം ചെയ്‌തു .
ഇത് ആദ്യമായല്ല. 10 വർഷത്തിനിടെ 89 ചോദ്യപേപ്പറുകളുടെ ചോർച്ച 48 പുനഃപരീക്ഷകൾക്ക് കാരണമായി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറയുന്നതല്ലാതെ വേണ്ട നടപടികളൊന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ല. വിദ്യാർഥികളുടെ വിശ്വാസം തകർന്നുവെന്നും ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നങ്ങൾക്ക് മോദി സർക്കാരിനേക്കാൾ വലിയ ഭീഷണി മറ്റൊന്നില്ലെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചിരുന്നു.




































