Home Blog Page 209

ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണയും ഒരു ലക്ഷത്തിന് മുകളിൽ ബോണസ്

ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ജീവനക്കാര്‍ക്ക് ഇത്തവണയും റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും.

കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയേക്കാള്‍ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ല്‍ ഇത് 95,000 രൂപയും 2023ല്‍ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാര്‍ക്കുള്ള പരമാവധി ബോണസ്.

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13 കാരി ഒഴികെയുള്ള പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് പൊലീസ്

നാടിനെ നടുക്കിയ ഹരിപ്പാട് കരുവാറ്റയിലെ കൊലപാതക കേസിൽ നടപടികൾ കർശനമാക്കി പോലീസ്. വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 കാരിയായ പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന നിർദേശം ആണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. പ്രതികൾ 18 വയസിന് താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടികൾ മുൻപോട്ട് പോവുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താനുള്ള നിയമം ചൂണ്ടിക്കാണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും.


മധ്യവയസ്കന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 16 , 17 വയസുള്ളവരാണ്. കൊലപാതകം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് മൂവരും കൊല്ലത്ത് നിന്ന് യാത്ര ചെയ്ത് എത്തിയത്. പെൺകുട്ടിയാണ് കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. മേൽക്കൂരയിലെ ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത് എന്നാണ് വിവരം. എന്നാൽ ഓട് പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തകർന്നത് തിരിച്ചടിയായി. ഇതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കരുവാറ്റയിലെ വയോധികൻ ശിവൻകുട്ടിയുടെ കൊലപാതകം നടത്തിയത്‌ സിനിമകളിൽ കാണുന്നതുപോലെ പ്രൊഫഷണൽ രീതിയിലാണെന്നും പൊലീസ് പറഞ്ഞു.


വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത്‌ മുളകുപൊടി വിതറാനും മറന്നില്ല. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹത്തിന്റെ കൈയും കാലും തുണികൾകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കുറ്റകൃത്യം അത്രമേൽ ക്രൂരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ നടത്തണമെന്ന ആവശ്യം പൊലീസ് ഉന്നയിക്കുന്നത്.

പാലായിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം; മായാ രാഹുൽ ചെയർപേഴ്‌സൺ

പാലാ: പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.

അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു.

യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കഴിഞ്ഞമാസം അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പ്രതിപക്ഷമായ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസ്സായത്. ഡി.സി.സി. നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ പിന്തുണച്ചു. സ്വതന്ത്ര അംഗം മായാ രാഹുലിനൊപ്പം കോൺഗ്രസ് കൗൺസിലർമാരായിരുന്ന ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. വിപ്പ് ലംഘിച്ച നാല് അംഗങ്ങളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

തൊടുപുഴ.എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കമുള്ള രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ തൊടുപുഴയില് പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായി ടിഎസ് ഷിയാസടങ്ങുന്ന റാക്കറ്റ് വലിയ ശൃഘലയെന്ന് ഇടുക്കി എസ് പി പ്രതികരിച്ചു. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായ ആളാണ് കഴിഞ്ഞ തെരഞ്ഞെടതുപ്പിലെ തോടുപുഴ ബ്ലോക്ക് തെക്കുംഭാഗം ഡിവിഷനിലെ ഇടതു സ്ഥാനാർത്ഥികൂടിയായ ടി എസ് ഷിയാസ്. പുറമെ ഇങ്ങനെയെങ്കിലും രഹസ്യമായി രാസലഹരി വിൽപ്പന നടത്തുന്നുവെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൂട്ടാളി അർഷദ് ഒരു തവണ രണ്ടു ഗ്രാം എംഡിഎംഎയുമായി നേരത്തെ പിടിയിലായത്. അന്നു ലഭിച്ച വിവരങ്ങൾ ഇതിന് ബലം കൂട്ടി. തുടർന്ന് തോടുപുഴ പോലീസ് നടത്തിയ രഹസ്യനിരീക്ഷണമാണ് ഇന്നു പുലര്ച്ചെയുള്ള അറസ്റ്റിലെത്തുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരിൽ നിന്നും 18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇതിനിടെ കുരുമുളക് സ്പ്ര പ്രയോഗിച്ച് രക്ഷപെടാനോക്കോ നോക്കി പ്രതികള്. ഷിയാസിനോപ്പം ആശിക് നിഹാൻ അർഷദ് എന്നിവരാണ് പിടിയിലായത്

പ്രതികളിൽ നിന്നും മോത്ത വിതരണക്കാരെ കുറിച്ച് ചില വിവരങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസിൻ്റെ ഇനിയുള്ള അന്വേഷണം.

ശബരിമല സ്വർണ്ണ കവർച്ച , പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ

കൊല്ലം.ശബരിമല സ്വർണ്ണ കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. സ്വർണം പൂശലിന്റെ 40 വർഷ വാറന്റി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നൽകിയെന്നും എസ് ഐ ടി. അതേസമയം ഇരു പ്രതികളെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് മുൻ അംഗം എ. അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ദ്വാരപാലക ശില്പ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണിക്കൃഷൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൾ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ബോർഡ് യോഗം ചേരുന്നതിനു മുൻപ് ഇവർ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സാപ്പിലും ബന്ധപ്പെട്ടിരുന്നു.

അജികുമാറും പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ 2 പേർക്ക് വീടുവച്ചു നൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും സംബന്ധിക്കുകയും ചെയ്തു. സ്മാർട് ക്രിയേഷൻസിലേക്ക് സ്വർണം പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇമെയിലിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിന് അപേക്ഷ നൽകിയത്.ദേവസ്വം സ്വത്തിന്റെ വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിലായതിലും ദുരൂഹതയുണ്ട്. ഇതു റദ്ദ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.

സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാർ നിർമിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു
ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. അതെ സമയം പി എസ് പ്രശാന്തിനെയും അജികുമാറിനെയും ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഇരുവരെയും സെപ്റ്റംബർ ഒന്നു വരെ വീണ്ടും റിമാൻഡ് ചെയ്തു.

തട്ടിപ്പ് നടന്ന് മൂന്നാഴ്ച,കമ്മത്ത് ലൈൻ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്. കമ്മത്ത് ലൈൻ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. തട്ടിപ്പ് നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രധാന പ്രതിയായ പറമ്പിൽ ബസാർ സ്വദേശി സഫർനാസ് ഒളിവിലാണ്. പത്ത് ജ്വല്ലറികളെ കബളിപ്പിച്ച് ഒരേ ദിവസം 948 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്.

ആവശ്യക്കാർക്ക് മോഡൽ കാണിക്കണം എന്നു ജ്വല്ലറി ഉടമകളെ വിശ്വസിപ്പിച്ചായിരുന്നു സഫർനാസ് സ്വർണം ശേഖരിച്ചത്. ജൂലൈ 27ന് ഒരേ ദിവസം പത്തോളം ജ്വല്ലറികളിൽ നിന്നായി 948 ഗ്രാം സ്വർണം വാങ്ങി.വിവിധ കടകളിൽ നിന്ന് ശേഖരിച്ച സ്വർണവുമായി സ്വന്തം കടയിലെത്തിയതിനു വരെ തെളിവുകളുണ്ട്. അതിനു ശേഷം എവിടെപ്പോയി എന്ന് കണ്ടെത്താനായിട്ടില്ല.ആകെ 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വ്യാപാരികൾക്ക് നഷ്ടമായത്. തട്ടിപ്പ് നടന്ന് മൂന്നാഴ്ച പിന്നിട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് ലഭിക്കുകയും ചെയ്തു.എന്നിട്ടും സഫർനാസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.

കുന്നമംഗലം ആണ് അവസാന ടവർ ലൊക്കേഷൻ.വയനാട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പ്രതി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് വ്യാപക തിരച്ചിൽ നടത്തി. ഒന്നും ഫലവത്തായില്ല. കേസ് അന്വേഷിക്കുന്നത് കോഴിക്കോട് ടൗൺ പൊലീസ് ആണ്. അന്വേഷണം ഊർജിതമായി നടക്കുന്നു എന്നതിനപ്പുറം മറ്റൊന്നും പറയാൻ പൊലീസിന് കഴിയുന്നില്ല

കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത, പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം.കേരളത്തിലെ തീരപ്രദേശങ്ങളിൽ റെഡ് അലേർട്ട് തുടരുന്നു. ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. വിവിധ തീരപ്രദശങ്ങളിൽ ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർഗോഡ് ജില്ലയിലെ കോട്ടക്കുന്ന് വരെ നീളുന്ന തീരമേഖലകളിൽ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ രാത്രിയോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പില്ലാതെ കടലേറ്റവും ശക്തമായ തിരയുമുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിലാണ് റെഡ് അലേർട്ട്. 1. 1 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. പൊതുവെ കടൽ ശാന്തമായ ഈ സീസണിൽ തിരുവനന്തപുരം അഞ്ച് തെങ്ങ് അടക്കമുള്ള മേഖലയിൽ കടൽ പ്രക്ഷുപ്‌ദമായി.

ഇന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തികയിടപാട് ,മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്യും,സുഹൃത്തുക്കള്‍ കുരുക്കില്‍

കൊച്ചി. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തികയിടപാട് കേസില്‍ വീണ ടിയുടെ ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്യും. എക്‌സാലോജികില്‍ നിന്ന് ലഭിച്ച പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് നല്‍കിയെന്ന വീണയുടെ മൊഴിയാണ് റിയാസിന് കുരുക്കായത്. റിയാസിന്റെ സുഹൃത്തുക്കളുമായി നടത്തിയ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളടങ്ങിയ വീണയുടെ ഡയറിയും നിര്‍ണായകമായി.

കള്ളപ്പണമിടപാടിലെ അന്വേഷണം മുഹമ്മദ് റിയാസിലേക്ക് എത്തിക്കാന്‍ തലപുകച്ച ഇഡിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് വീണ ടി. തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വീണയുടെ ഡയറിയിലാണ് സാമ്പത്തികയിടപാടുകളുടെ വിവരങ്ങളുള്ളത്. നിഖില്‍, വാരിഷ്, ഷൈജല്‍, ഫൈജാസ് എന്നിവരുമായി നടത്തിയ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളായിരുന്നു ഇവ. ചോദ്യം ചെയ്യലില്‍ നാല് പേരും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നല്‍കി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖില്‍, കെസികെ ഡെന്റല്‍സ് ഉടമ പി.പി. ഷൈജല്‍, പന്തീരങ്കാവിലെ കാപ്പിറ്റല്‍ മാര്‍ബിള്‍്‌സ് ആന്‍ഡ് ഗ്രാനൈറ്റ് എംഡി വാരിഷ് കളത്തിങ്ങല്‍, പ്രവാസി ഫൈജാസ് എന്നിവര്‍ക്ക് പണം നല്‍കിയെന്നാണ് വീണയുടെ മൊഴി. ഇതെന്തിന് എന്ന് ചോദ്യത്തിനായിരുന്നു റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന വീണയുടെ മൊഴി. കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ മുഹമ്മദ് റിയാസിനെ അറിയൂ എന്നു വീണ മറുപടി നല്‍കി. ഇതോടെ മുഹമ്മദ് റിയാസിനെ കേസില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി മാറി.

മുഹമ്മദ് റിയാസിനെയും ബിസിനസുകാരായ സുഹൃത്തുക്കളെയും ഇഡിയുടെ റഡാറിലെത്തിച്ചത് വീണയുടെ ഡയറികുറിപ്പും മൊഴികളുമാണ്. ഇവരുടെ സാമ്പത്തികയിടപാടുകളടക്കം ഇഡി സമഗ്രമായി പരിശോധിക്കുകയാണ്. മുഹമ്മദ് റിയാസിന് ബെനാമി ഇടപാടുകളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് വീണ നല്‍കിയ മൊഴി. മുഹ്‌മ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് ചെലവുകളിലും ഇഡി പരിശോധന തുടങ്ങി. സിഎംആര്‍എല്‍ വ്യാജബില്ലുകള്‍ ചമച്ച് തട്ടിയെടുത്ത പണത്തിന്റെ വിഹിതമാണ് വീണയ്ക്കും എക്‌സാലോജിക്കിനും ലഭിച്ചത്. കുറ്റകൃത്യത്തിന്റെ ഭാഗമായി ലഭിച്ച പണത്തിന്റെ പങ്കുപറ്റിയിട്ടുണ്ടെങ്കില്‍ റിയാസിന്റെ സുഹൃത്തുക്കള്‍ക്കടക്കം ഇത് വലിയ കുരുക്കാകും.

റെയ്ഡിലെ വിവരങ്ങള്‍ ഏകോപിപ്പിച്ച ശേഷം റിയാസിനെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. വീണയുടെയും മുഹമ്മദ് റിയാസിന്റെയും വീട്ടില്‍ നടത്തിയ റെയ്ഡിന് തൊട്ടടുത്ത ദിവസം പ്രവാസിയായ സുഹൃത്ത് രാജ്യം വിട്ടതിലും ഇഡി ദുരൂഹത സംശയിക്കുന്നു.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെയാണ് പെന്‍ഷന്‍ വിതരണം.


16 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേര്‍ക്കുള്ള വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതല്‍ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ക്കായി 630.5 കോടിരൂപയും അങ്കണവാടി പെന്‍ഷന്‍കാരുടെ കുടിശിക തീര്‍ക്കാന്‍ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24കോടിയും അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3000 രൂപ ഉത്സവബത്ത നല്‍കും.

വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ലഹരി മാഫിയ ബന്ധമുണ്ടോ ,അന്വേഷണം

ഹരിപ്പാട്. കരുവാറ്റയിൽ വയോധികനെ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ലഹരി മാഫിയ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു പോലീസ്.കൊലപാതകം നടത്തുന്നതിനു മുൻപ് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതും, പോലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലം പരവൂർ സ്വദേശികളായ പ്രതികൾ മുൻപ് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നവർ ആണോ എന്ന് അടക്കമുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.കേസിൽ കൊല്ലപ്പെട്ട വയോധികന്റെ അടുത്ത ബന്ധുവായ പെൺകുട്ടികളുമായി എങ്ങനെയാണ് പരിചയപ്പെട്ടത് എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം കൊല്ലപ്പെട്ട വയോധികൻ തന്നോട് മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണ് പോലീസ് തീരുമാനം