കോഴിക്കോട്. കമ്മത്ത് ലൈൻ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. തട്ടിപ്പ് നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രധാന പ്രതിയായ പറമ്പിൽ ബസാർ സ്വദേശി സഫർനാസ് ഒളിവിലാണ്. പത്ത് ജ്വല്ലറികളെ കബളിപ്പിച്ച് ഒരേ ദിവസം 948 ഗ്രാം സ്വർണമാണ് തട്ടിയെടുത്തത്.
ആവശ്യക്കാർക്ക് മോഡൽ കാണിക്കണം എന്നു ജ്വല്ലറി ഉടമകളെ വിശ്വസിപ്പിച്ചായിരുന്നു സഫർനാസ് സ്വർണം ശേഖരിച്ചത്. ജൂലൈ 27ന് ഒരേ ദിവസം പത്തോളം ജ്വല്ലറികളിൽ നിന്നായി 948 ഗ്രാം സ്വർണം വാങ്ങി.വിവിധ കടകളിൽ നിന്ന് ശേഖരിച്ച സ്വർണവുമായി സ്വന്തം കടയിലെത്തിയതിനു വരെ തെളിവുകളുണ്ട്. അതിനു ശേഷം എവിടെപ്പോയി എന്ന് കണ്ടെത്താനായിട്ടില്ല.ആകെ 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വ്യാപാരികൾക്ക് നഷ്ടമായത്. തട്ടിപ്പ് നടന്ന് മൂന്നാഴ്ച പിന്നിട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് ലഭിക്കുകയും ചെയ്തു.എന്നിട്ടും സഫർനാസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
കുന്നമംഗലം ആണ് അവസാന ടവർ ലൊക്കേഷൻ.വയനാട് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പ്രതി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് വ്യാപക തിരച്ചിൽ നടത്തി. ഒന്നും ഫലവത്തായില്ല. കേസ് അന്വേഷിക്കുന്നത് കോഴിക്കോട് ടൗൺ പൊലീസ് ആണ്. അന്വേഷണം ഊർജിതമായി നടക്കുന്നു എന്നതിനപ്പുറം മറ്റൊന്നും പറയാൻ പൊലീസിന് കഴിയുന്നില്ല




























