കോഴിക്കോട്. കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽ നിന്നായി 118.5 പവൻ സ്വർണവുമായി മുങ്ങിയ സംഭവത്തിൽ രണ്ട് പ്രതികളെയും പിടികൂടിയിട്ടും സ്വർണം എവിടെയെന്ന് കണ്ടെത്താനായില്ല. സ്വർണം മോഷ്ടിച്ച പറമ്പിൽ ബസാർ സ്വദേശി സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
കൂടാതെ വീട്ടിലും കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സഹോദരനായ വെള്ളയിൽ നാലുകുടി പറമ്പിൽ ഷെഫീഖിന് സ്വർണം നൽകിയെന്നാണ് സഫർനാസ് പറയുന്നത്. എന്നാൽ തനിക്ക് സ്വർണം ലഭിച്ചിട്ടില്ലെന്ന് ഷെഫീഖും ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്തെങ്കിലും സ്വർണം ആരുടെ കൈവശമാണുള്ളതെന്നത് വ്യക്തമായിട്ടില്ല.
അതേസമയം, സംഭവത്തിൽ ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും സംശയമുള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷിച്ചു വരികയാണ്. ഉപഭോക്താക്കൾക്ക് മാലയുടെ മോഡൽ കാണിക്കാനെന്ന വ്യാജേന 11 കടകളിൽ നിന്നായി 1,39,35,747 രൂപ മൂല്യം വരുന്ന സ്വർണമാല കൈക്കലാക്കുകയായിരുന്നു. പിന്നീട് പാർട്ണർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ആഭരണങ്ങൾ ശേഖരിച്ച് കടപൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിച്ച് പ്രതി മുങ്ങുകയായിരുന്നു. കേസെടുത്ത ടൗൺ പൊലീസ് ഈ മാസം ആദ്യമാണ് സഫർനാസിന്റെ സഹോദരൻ ഷെഫീഖിനെ പിടികൂടിയത്. പൊലീസ് അന്വേഷണം ഊർജിതമായി നടത്തുന്നുണ്ട്.


































