27.8 C
Kollam
Wednesday 19th August, 2026 | 01:38:20 PM
Home News Breaking News സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തികയിടപാട് ,മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്യും,സുഹൃത്തുക്കള്‍ കുരുക്കില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തികയിടപാട് ,മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്യും,സുഹൃത്തുക്കള്‍ കുരുക്കില്‍

കൊച്ചി. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തികയിടപാട് കേസില്‍ വീണ ടിയുടെ ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്യും. എക്‌സാലോജികില്‍ നിന്ന് ലഭിച്ച പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് നല്‍കിയെന്ന വീണയുടെ മൊഴിയാണ് റിയാസിന് കുരുക്കായത്. റിയാസിന്റെ സുഹൃത്തുക്കളുമായി നടത്തിയ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളടങ്ങിയ വീണയുടെ ഡയറിയും നിര്‍ണായകമായി.

കള്ളപ്പണമിടപാടിലെ അന്വേഷണം മുഹമ്മദ് റിയാസിലേക്ക് എത്തിക്കാന്‍ തലപുകച്ച ഇഡിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് വീണ ടി. തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വീണയുടെ ഡയറിയിലാണ് സാമ്പത്തികയിടപാടുകളുടെ വിവരങ്ങളുള്ളത്. നിഖില്‍, വാരിഷ്, ഷൈജല്‍, ഫൈജാസ് എന്നിവരുമായി നടത്തിയ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളായിരുന്നു ഇവ. ചോദ്യം ചെയ്യലില്‍ നാല് പേരും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നല്‍കി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖില്‍, കെസികെ ഡെന്റല്‍സ് ഉടമ പി.പി. ഷൈജല്‍, പന്തീരങ്കാവിലെ കാപ്പിറ്റല്‍ മാര്‍ബിള്‍്‌സ് ആന്‍ഡ് ഗ്രാനൈറ്റ് എംഡി വാരിഷ് കളത്തിങ്ങല്‍, പ്രവാസി ഫൈജാസ് എന്നിവര്‍ക്ക് പണം നല്‍കിയെന്നാണ് വീണയുടെ മൊഴി. ഇതെന്തിന് എന്ന് ചോദ്യത്തിനായിരുന്നു റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന വീണയുടെ മൊഴി. കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ മുഹമ്മദ് റിയാസിനെ അറിയൂ എന്നു വീണ മറുപടി നല്‍കി. ഇതോടെ മുഹമ്മദ് റിയാസിനെ കേസില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി മാറി.

മുഹമ്മദ് റിയാസിനെയും ബിസിനസുകാരായ സുഹൃത്തുക്കളെയും ഇഡിയുടെ റഡാറിലെത്തിച്ചത് വീണയുടെ ഡയറികുറിപ്പും മൊഴികളുമാണ്. ഇവരുടെ സാമ്പത്തികയിടപാടുകളടക്കം ഇഡി സമഗ്രമായി പരിശോധിക്കുകയാണ്. മുഹമ്മദ് റിയാസിന് ബെനാമി ഇടപാടുകളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് വീണ നല്‍കിയ മൊഴി. മുഹ്‌മ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് ചെലവുകളിലും ഇഡി പരിശോധന തുടങ്ങി. സിഎംആര്‍എല്‍ വ്യാജബില്ലുകള്‍ ചമച്ച് തട്ടിയെടുത്ത പണത്തിന്റെ വിഹിതമാണ് വീണയ്ക്കും എക്‌സാലോജിക്കിനും ലഭിച്ചത്. കുറ്റകൃത്യത്തിന്റെ ഭാഗമായി ലഭിച്ച പണത്തിന്റെ പങ്കുപറ്റിയിട്ടുണ്ടെങ്കില്‍ റിയാസിന്റെ സുഹൃത്തുക്കള്‍ക്കടക്കം ഇത് വലിയ കുരുക്കാകും.

റെയ്ഡിലെ വിവരങ്ങള്‍ ഏകോപിപ്പിച്ച ശേഷം റിയാസിനെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. വീണയുടെയും മുഹമ്മദ് റിയാസിന്റെയും വീട്ടില്‍ നടത്തിയ റെയ്ഡിന് തൊട്ടടുത്ത ദിവസം പ്രവാസിയായ സുഹൃത്ത് രാജ്യം വിട്ടതിലും ഇഡി ദുരൂഹത സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here