കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ ലഹരിമരുന്ന് നൽകി ഒന്നര ദിവസത്തോളം ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഭർത്താവ്. ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയശേഷമാണ് പീഡിപ്പിച്ചതെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. പീഡനദൃശ്യങ്ങൾ പകർത്തിയെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് യുവതി കടുത്ത മാനസികാഘാതത്തിലാണ്. അടുപ്പമുള്ളവർ പോലും സമീപിക്കുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥയിലാണ്. ആരെങ്കിലും അടുത്തെത്തിയാൽ ദേഷ്യപ്പെടുകയും വസ്ത്രങ്ങൾ കീറിയെറിയുകയും അടുത്തുവരരുതെന്ന് ആക്രോശിക്കുകയും ചെയ്യുന്ന അവസ്ഥയിലാണെന്ന് ഭർത്താവ് പറഞ്ഞു. ഇനിയൊരു കുടുംബത്തിനും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കാലടിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി സ്പായിൽ മാനേജർ തസ്തികയിലേക്ക് ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്. അഭിമുഖത്തിനായി മാനേജർ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ടാക്സി ഡ്രൈവറായ ഭർത്താവ് മൂന്നാറിലേക്ക് ഓട്ടം പോയ ദിവസമാണ് യുവതി അഭിമുഖത്തിനായി പോയത്. ജോലി ലഭിച്ചതായി അറിയിച്ചതിന് പിന്നാലെ അന്നുതന്നെ രാത്രി 11ന് ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പാ അധികൃതർ വാഹനവും അയച്ചുനൽകി.
പിറ്റേന്ന് വൈകിട്ട് ആറോടെ യുവതി ഭർത്താവിന്റെ ഫോൺ എടുത്തു. ഇടപ്പള്ളിയിലാണെന്നും സുഹൃത്തിന്റെ വീട്ടിൽ പോയതാണെന്നുമാണ് പറഞ്ഞത്. എന്നാൽ രാത്രി വീട്ടിലെത്തിയപ്പോൾ യുവതി മുഖംപൊത്തി കിടക്കുകയായിരുന്നു. മുഖത്ത് ചൂടേറ്റതിനെ തുടർന്ന് നീര് വന്നതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് പരിശോധിച്ചപ്പോഴാണ് ഇരുവശവും ഗുരുതരമായി വീർത്തിരിക്കുന്നതും ശരീരത്തിൽ നിരവധി മുറിവുകളുള്ളതും ശ്രദ്ധയിൽപ്പെട്ടത്. പലതവണ ചോദിച്ച ശേഷമാണ് യുവതി താൻ നേരിട്ട പീഡനത്തെക്കുറിച്ച് ഭർത്താവിനോട് വെളിപ്പെടുത്തിയത്.
സ്പായിലെത്തിയ യുവതിക്ക് ബീയറും ഐസ്ക്രീമും നൽകിയെന്നും ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തിയതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടെന്നും ഭർത്താവ് പറഞ്ഞു. പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ നേരിട്ട ദുരവസ്ഥ യുവതി മനസിലാക്കിയത്. ലോഡ്ജിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം ചേർന്ന് വീണ്ടും ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി.
വൈകുന്നേരത്തോടെ കൂടുതൽ പേർ മുറിയിലെത്തിയതോടെ യുവതി ഭയന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിട്ടയച്ചതെന്നും ഭർത്താവ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന അമ്മു എന്ന സ്ത്രീയാണ് കൂടുതൽ ഉപദ്രവിച്ചതെന്നും യുവതി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിനൊപ്പം തുടർച്ചയായി ലഹരിമരുന്ന് നൽകിയെന്നും അടുത്ത ദിവസം മറ്റൊരു സ്ത്രീയും പുരുഷനും മുറിയിലെത്തിയെന്നും ഭർത്താവ് ആരോപിച്ചു.
സംഭവത്തിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഒളിവിലുള്ള രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, മൂന്നാം പ്രതി സഞ്ജു എന്നിവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് നിലവിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. മാനസികവും ശാരീരികവുമായ ആരോഗ്യനില മെച്ചപ്പെട്ടശേഷമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
ശ്രീരാജ് നടത്തിയിരുന്ന നാല് സ്പാകളിൽ അതിക്രമം നടന്നതായി പറയുന്ന ഇടപ്പള്ളി കൂനംതൈ ഉണിച്ചിറയിലെ ഡിലൈറ്റ് ആയുർവേദിക് സ്പാ പൊലീസ് പൂട്ടിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കെണിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്ന സംഘമാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അനധികൃത സ്പാകളുടെ മറവിൽ ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നതും പൊലീസിന് വെല്ലുവിളിയാകുകയാണ്.






























