നാടിനെ നടുക്കിയ ഹരിപ്പാട് കരുവാറ്റയിലെ കൊലപാതക കേസിൽ നടപടികൾ കർശനമാക്കി പോലീസ്. വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 കാരിയായ പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന നിർദേശം ആണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. പ്രതികൾ 18 വയസിന് താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടികൾ മുൻപോട്ട് പോവുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താനുള്ള നിയമം ചൂണ്ടിക്കാണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും.
മധ്യവയസ്കന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 16 , 17 വയസുള്ളവരാണ്. കൊലപാതകം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് മൂവരും കൊല്ലത്ത് നിന്ന് യാത്ര ചെയ്ത് എത്തിയത്. പെൺകുട്ടിയാണ് കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. മേൽക്കൂരയിലെ ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത് എന്നാണ് വിവരം. എന്നാൽ ഓട് പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തകർന്നത് തിരിച്ചടിയായി. ഇതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കരുവാറ്റയിലെ വയോധികൻ ശിവൻകുട്ടിയുടെ കൊലപാതകം നടത്തിയത് സിനിമകളിൽ കാണുന്നതുപോലെ പ്രൊഫഷണൽ രീതിയിലാണെന്നും പൊലീസ് പറഞ്ഞു.
വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത് മുളകുപൊടി വിതറാനും മറന്നില്ല. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹത്തിന്റെ കൈയും കാലും തുണികൾകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കുറ്റകൃത്യം അത്രമേൽ ക്രൂരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ നടത്തണമെന്ന ആവശ്യം പൊലീസ് ഉന്നയിക്കുന്നത്.
Home News Breaking News കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13 കാരി ഒഴികെയുള്ള പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് പൊലീസ്



























