Home Blog Page 201

മിനിലോറിയില്‍ കടത്തിയ കമ്പി പിന്നിലേക്കു വീണു, ഇരുമ്പ് കമ്പി കുത്തിക്കയറി യുവാവിനെ ദാരുണാന്ത്യം

തൃശ്ശൂർ. ബൈക്ക് യാത്രികന്റെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിക്കയറി യുവാവിനെ ദാരുണാന്ത്യം. കുട്ടനല്ലൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്. തൃശ്ശൂർ കുട്ടനെല്ലൂരിൽ ആണ് സംഭവം

ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പുറകിൽ വരുകയായിരുന്നു ബൈക്ക് യാത്രികന്റെ ദേഹത്ത് കമ്പി കുത്തിക്കയറി. ശിരസിന് പരുക്കേറ്റ് യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുമ്പു പൈപ്പുകളും ഷീറ്റുകളും റോഡിലൂടെ അലക്ഷ്യമായി കടത്തുന്നത് പതിവായി പരാതി ആകാറുണ്ട്. എന്നാല്‍ ഇതിന് ഫലപ്രദമായ പരിഹാരം അധികൃതര്‍ ഇനിയും കണ്ടെത്തിയിട്ടില്ല. സുരക്ഷിതമായി നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ നിയമം ഉണ്ടാക്കാത്തതിന്‍റെ ഇരയാണ് യുവാവ്.

ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടി,ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു

തിരുവനന്തപുരം: മയക്കുമരുന്നിനും ഗുണ്ടകള്‍ക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആഭ്യന്തര വകുപ്പ്. ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 8.28 കിലോ എംഡിഎംഎയും 1000 കിലോ കഞ്ചാവും പിടികൂടിയതായി പൊലീസ് അറിയിച്ചു.

കേരളത്തിലേക്ക് എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ്. രാസലഹരിക്കേസുകളിലും കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിലും മുഖ്യകണ്ണികള്‍ കേരളത്തിന് പുറത്താണ്. ഓപ്പറേഷന്‍ തൂഫാനില്‍ പിടിയിലാകുന്നവരിലേറെയും ചെറുകിട വില്‍പ്പനക്കാരോ ഉപയോഗിക്കുന്നവരോ ആണ്.

കുറ്റവാളികളെ അമര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ഗ്രിപ്പില്‍ പിടികിട്ടാപ്പുള്ളികള്‍ അടക്കം 158 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 20 പേര്‍ക്കെതിരെ കാപ്പ ചുമത്തി. മരട് അനീഷ്, അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ ജയിലിലായി. ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി 10,519 പേരെ പൊലീസ് കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പത്തനംതിട്ടയിൽ വയോധികയുടെ മരണം കൊലപാതകം: മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ടയിൽ വയോധികയുടെ മരണം കൊലപാതകം. മകനും പെൺസുഹൃത്തും ചേർന്നാണ് വയോധികയെ കൊലപ്പെടുത്തിയത് എന്നാണ് തെളിഞ്ഞിരിക്കുന്നത്.
കോയിപ്പുറത്ത് പൊന്നമ്മ തോമസ് (75) ആണ് മരിച്ചത്. കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു . കൊലനടന്ന് 24 മണിക്കൂറിനുള്ളിൽ കോയിപ്പുറം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് പ്രതികൾ. ടിജോയും റിൻസിയും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ടിജോ പൊന്നമ്മയുടെ നെഞ്ചിൽ മർദ്ദിക്കുകയും ശ്വാസംമുട്ടിക്കുകയുമായിരുന്നു.
ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്റതികളുടെ കണക്കുകൂട്ടൽ എല്ലാം പൊളിഞ്ഞു. ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്റിയിലെത്തിയ കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് മൃതദേഹം കണ്ടപ്പോൾ തന്നെ അസ്വാഭാവികകൾ തോന്നി.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം കൂടി ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി പിആർ സന്തോഷിനായിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ ജി, എസ്‌ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

‘അണലി’ വെബ് സീരീസ്‌ റിലീസിന് കോടതിയുടെ വിലക്ക്

കൊച്ചി: കേരളത്തെ ഏറെ ഞെട്ടിച്ച സംഭവം ആയിരുന്നു കൂടത്തായി കൂട്ടക്കൊലപാതക കേസ്. ഈ കേസ് പ്രമേയമായ ‘അണലി’ എന്ന വെബ് സീരിസിന് കോടതിയുടെ പ്രദര്‍ശന വിലക്ക്. എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ് സീരിസ് വിലക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ജോളി ജോസഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നടപടി.
മിഥുന്‍ മാനുവല്‍ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. സീരീസില്‍ ജോളി ജോസഫായി നടി ലിയോണ ലിഷോയ് ആണ് അഭിനയിക്കുന്നത്.

നേരത്തെ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

ഓണക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിനുകൾ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലും പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
06573/06574 യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത്–യശ്വന്ത്പൂർ എക്സ്പ്രസ് സ്പെഷ്യൽ വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് നടത്തും. യശ്വന്ത്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 06573 ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 10.04നും ചെങ്ങന്നൂരിൽ 10.25നും മാവേലിക്കരയിൽ 10.37നും ശാസ്താംകോട്ടയിൽ 11.13നും എത്തും. ഓരോ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. തിരുവനന്തപുരത്തുനിന്ന് 22ന് പുറപ്പെടുന്ന 06574 ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32നും മാവേലിക്കരയിൽ 5.06നും ചെങ്ങന്നൂരിൽ 5.18നും ചങ്ങനാശേരിയിൽ 5.38നും എത്തും.
06575/06576 എസ്എംവി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. എസ്എംവി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 06575 ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 6.50നും ചെങ്ങന്നൂരിൽ 7.15നും മാവേലിക്കരയിൽ 7.29നും ശാസ്താംകോട്ടയിൽ 8.10നും എത്തും. 23ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 06576 ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58നും മാവേലിക്കരയിൽ 2.33നും ചെങ്ങന്നൂരിൽ 2.43നും ചങ്ങനാശേരിയിൽ 3.03നും എത്തും. 28, 29 തീയതികളിലും സർവീസ് ഉണ്ടായിരിക്കും.

പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ സംഘർഷം; 400ഓളം വാഹനങ്ങൾ പിടിച്ചെടുത്തു

ഭുവനേശ്വർ: പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് 400ഓളം ഓട്ടോറിക്ഷകളും ടാക്സികളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. ഓൺലൈൻ ആപ്പ് ഡ്രൈവർമാർ നടത്തിയ പ്രതിഷേധമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘർഷത്തിലും കലാശിച്ചത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം.



റോഡിൽ ഗതാഗതം തടസപ്പെടുത്തുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസിന്‍റെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ നേരിട്ട് ഇടപെട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം കുറ്റക്കാരായ വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത് എന്ന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ദീപ്തി രഞ്ജൻ പത്ര അറിയിച്ചു.

നിയമലംഘനം നടത്തിയ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവർമാർക്കും ഉടമകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം നടുങ്ങിയ ആ കൊടുംക്രൂരതയ്ക്ക് കുറ്റപത്രം നല്‍കി

തിരുവനന്തപുരം. നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചുവെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ. 83 ദിവസങ്ങൾക്ക്
ശേഷം നെടുമങ്ങാട് SC /ST കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു..

കുഞ്ഞിന്റെ അമ്മ അഖില, അമ്മയുടെ സുഹൃത്ത് അഷ്കർ എന്നിവർക്കെതിരെയാണ് കുറ്റപത്രം. കൊലപാതകം, ക്രൂരമർദ്ദനം, തെളിവ് നശിപ്പിക്കൽ, ജെജെ ആക്ട് എന്നിവയ്ക്ക് പുറമേ എസ്സി/എസ്ടി ആക്ട് എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ 96 മുറിവുകൾ ഉണ്ടായിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നിരന്തര മർദ്ദനം കാരണം കുഞ്ഞിന്റെ ഏഴു വാരിയെല്ലുകൾ തകർന്നിരുന്നു. തലക്കേറ്റ കനത്ത ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. കുഞ്ഞിനെ
അഷ്ക്കർ മർദ്ദിക്കുന്നത് അറിയാമായിരുന്നിട്ടും അഖില തടഞ്ഞിരുന്നില്ല, ചികിത്സ നൽകിയിരുന്നില്ല. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപെടുത്താൻ തീരുമാനിച്ചത്. കുഞ്ഞ് നടക്കുന്നത് ഒഴിവാക്കാൻ കാൽപാദങ്ങളിൽ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് പൊളിക്കുകയും ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

മെയ് 26 നാണ് കുഞ്ഞ് മരണപ്പെടുന്നത്. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിൽ ആയെന്നും സ്റ്റെപ്പിൽ നിന്നും വീണതാണെന്നും വരുത്തി തീർക്കാനാണ് പ്രതികൾ ആദ്യം ശ്രമിച്ചത്. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കുഞ്ഞിനെ മർദ്ദിക്കാൻ ഉപയോഗിച്ച കമ്പ് ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ നശിപ്പിക്കാൻ പ്രതിയായ രണ്ടാനച്ഛനും കുഞ്ഞിന്റെ അമ്മയും ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് തെളിവ് നശിപ്പിക്കൽ വകുപ്പ് കൂട്ടിച്ചേർത്തത്.

കോവൂരിൽ ഞായറാഴ്ച കരടിയിറങ്ങും

ശാസ്‌താംകോട്ട:ഓണത്തിൻ്റെ വരവറിയിച്ച് കോവൂർ തോപ്പിൽമുക്ക് ഗ്രന്ഥശാലയ്ക്ക് സമീപം ഞായറാഴ്ച കരടികൾ ഇറങ്ങും.ഓണത്തിൻ്റെ ഭാഗമായി കോവൂർ ദി കേരള
ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടികളി മത്സരമാണ് നാടിന് ആവേശം പകർന്ന് 23ന് നടക്കുന്നത്.വൈകിട്ട് 6.30 മുതൽ ആരംഭിക്കുന്ന കരടികളി മത്സരം രാത്രി 10 ഓടെ സമാപിക്കും.കരടിയും വേട്ടക്കാരനുമാണ് പ്രധാന ആകർഷണം.കേരളത്തിലെ പ്രമുഖമായ ടീമുകൾ പങ്കെടുക്കും.

മികച്ച ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 7000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും,മികച്ച കരടി വേഷത്തിനും മികച്ച വേട്ടക്കാരനും 1000 രൂപ വീതവും ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.22 ന് വൈകിട്ട് 5ന് നാടൻപാട്ടുകൾ,തുടർന്ന് തിരുവാതിര കളി മത്സരം.ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്യും.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ മുഖ്യാതിഥിയാകും.23 ന് രാവിലെ 11 ന്
കുരിശടി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾ താമസിക്കുന്ന മൈനാഗപ്പള്ളി ബഥന്യാ ഭവനിൽ ഓണസദ്യയും ഓണാഘോഷവും,തുടർന്ന് മാജിക് ഷോ,വൈകിട്ട് 4 ന് കയറുപിരി മത്സരം,ഓലമടയൽ മത്സരം.മുന്‍ എംഎൽഎ കോവൂർ
കുഞ്ഞുമോൻ കരടികളി മത്സരം ഉദ്ഘാടനം ചെയ്യും. ഓണാട്ടുകരയുടെ തനത് കലാരൂപമായ കരടികളിയെ അന്യം നിന്നു പോകാതെ ചേർത്തു നിർത്തുന്നതിനായാണ് കരടികളി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ എം.കെ പ്രദീപ്,ബി.രാധാകൃഷ്ണൻ,എസ്.അനിൽകുമാർ എന്നിവർ അറിയിച്ചു.

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വയനാട്. കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. സുൽത്താൻബത്തേരി ചീരാൽ കൊഴുവന സ്വദേശി അമൽ വിഷ്ണുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ഏറെനേരം തിരച്ചിൽ നടത്തി. തുർക്കി ജീവരക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. 33 വയസ്സായിരുന്നു. വെട്ടുകല്ലേൽ ശശിധരൻ ഉഷ എന്നിവരുടെ മകനാണ്. നീതുവാണ് സഹോദരി.

പുലിക്കളിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍

തൃശൂര്‍: പുലിക്കളിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെയെന്നും ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ വിവാദ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നുമായിരുന്നു ശ്രീരാമന്റെ പരാമര്‍ശം.

ശ്രീരാമന്റെ കുറിപ്പ്

പുലിക്കളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.അതില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.’ തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവെല്‍ ആണ്.

കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോം ആണ്. കായികത (ആയോധന കല) കലര്‍ന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.കാര്‍ണിവെല്ലിന് അതൊന്നും ആവശ്യമില്ല.പ്രത്യക്ഷം സ്പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.’

ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതിനാല്‍ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും.

ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ.പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അതിലുള്ള ഖേദം ഞാന്‍ രേഖപ്പെടുത്തുന്നു.