Home Blog Page 194

ഒഡീഷ തീരത്ത് ഇരുമ്പ് അയിരുമായി ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വ‍ർ: ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് തിരിച്ച കപ്പലാണ് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പനാമ പതാക വഹിച്ച എംവി ഓഷ്യൻ വിന്നർ എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. 1700 ടൺ ഇരുമ്പ് അയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരാണ്. മൂന്നുപേർ മ്യാന്മാറിൽ നിന്ന് ഉള്ളവരും ഒരാൾ ബം​ഗ്ലാദേശിയുമാണ്. എത്ര ജീവനക്കാര രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് മുതി‍ർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്നുപേരെ രക്ഷിച്ചു എന്ന് റിപ്പോർട്ടുണ്ട്.

കോസ്റ്റ് ​ഗാർഡിൻ്റെ വരദ്, അൻമോൾ കപ്പലുകൾ രക്ഷാപ്രവ‍ർത്തനത്തിനായി വിന്യസിച്ചു. മറ്റൊരു കപ്പലായ വിജിത്തും സംഭവസ്ഥലത്തേക്ക് എത്തും.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ പ​ര​ക്കെ മ​ഴ; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ – ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​ര​ത്തി​ന് മു​ക​ളി​ലു​മാ​യി ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ട​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ പ​ര​ക്കെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ളം, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്ച കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് അ​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

9 വർഷം മുമ്പ് നടന്ന കൊലക്കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് ഒമ്പത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയില്‍. ഓപ്പറേഷൻ ഗ്രിപ്പിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

2017 ജനുവരി 24. കണ്ണൂര്‍ കെഎസ്ആര്‍ടിസിബസ് സ്റ്റാന്‍റിലെ കംഫര്‍ട് സ്റ്റേഷനില്‍ നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനി കൊല്ലപ്പെടുന്നു. പൊതിച്ച തേങ്ങ തുണിയില്‍ പൊതിഞ്ഞ് അക്രമിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. അബ്ദുള്ളയും മറ്റൊരാളും ചേര്‍ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബ്ദുള്ളയെ തേടി പോലീസ് അലഞ്ഞു. കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. മംഗളൂരുവിലും കാസർകോടും പല പേരുകളില്‍ ഇയാള്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്‍ കൂടി സമാഹരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ മലപ്പുറം മുന്നിയൂരില്‍ വെച്ച് അന്വേഷണ സംഘം പിടികൂടിയത്. കമ്മീഷണര്‍ വിജയ ഭാരത റെഡ്ഡിയുടെ കീഴിലുളള പ്രത്യേക സ്ക്വാഡാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.

നെഹ്‌റു ട്രോഫിയില്‍ പുത്തന്‍ താരോദയമാകുകയാണ് കൊല്ലത്തെ അരോമ

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ജലരാജാവായി അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പില്‍ മുത്തമിട്ടത്. നെഹ്‌റു ട്രോഫിയില്‍ പുത്തന്‍ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാഗമാണ് (4.23.44). മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.

ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്‌സില്‍ മേല്‍പ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്‌സില്‍ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കന്‍ഡും എടുത്താണ് പൂര്‍ത്തിയായത്. അഞ്ചാം ഹീറ്റ്‌സില്‍ നിരണവും ആറാം ഹീറ്റ്‌സില്‍ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കന്‍ഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോള്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഉച്ചയോടെ നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയര്‍ത്തിയത്. കൊല്ലത്തെ ബോട്ട് ക്ളബാണ് അരോമ എന്നത് കൊല്ലത്തും ആലപ്പുഴക്കാര്‍തന്നെയാണ് തുഴക്കാരിലേറെയുമെന്നത് ആലപ്പുഴയിലും ആവേശം പരത്തിയിട്ടുണ്ട്.

ഈശ്വരാ,നാളെ ഗുരുവായൂരില്‍ 437 വിവാഹങ്ങള്‍

ഗുരുവായൂര്‍: ആറ് മണ്ഡപങ്ങള്‍. വിവാഹ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കൂടുതല്‍ കോയ്മമാര്‍. സുരക്ഷിതമായി ക്ഷേത്ര ദര്‍ശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താന്‍ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പൊലീസും. ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ നാലുമണി മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ സജ്ജീകരണങ്ങളായി.

അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഇന്നും യോഗം ചേര്‍ന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദര്‍ശനം നടത്തി. വിവാഹസംഘങ്ങള്‍ക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കണ്‍ വാങ്ങി കസേരയില്‍ വിശ്രമിക്കാം. ആദ്യമാദ്യം എത്തുന്നവര്‍ക്ക് ടോക്കണ്‍ നമ്പര്‍ നല്‍കും തുടര്‍ന്ന് ഊഴമെത്തുമ്പോള്‍ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാന്‍ കഴിയുന്ന നിലയില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നര മണിയോടെ പൊലീസിനെ വിന്യസിക്കും. ഇന്നര്‍റിങ്ങ് ,ഔട്ടര്‍ റിങ്ങ് റോഡുകളില്‍ ഉള്‍പ്പെടെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

പാര്‍ക്കിങ്ങിനായി ദേവസ്വം ബഹുനില പാര്‍ക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാര്‍ക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം .

കിഴക്കേ നടയിലെത്തുന്ന ഭക്തര്‍ക്ക് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങള്‍ ദര്‍ശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണം.

ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാര്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ല, എം വി ഗോവിന്ദന്‍

കണ്ണൂര്‍: മുന്‍ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎന്‍ ഷംസീറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ ഐഎംഎ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം എംഎല്‍എയും സ്പീക്കറുമായിരുന്ന ഒരു സഖാവിനെ ‘ലീഗുകാരന്‍’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന രീതിയെ പാര്‍ട്ടി അതിശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ല. ഒരു വ്യക്തിയുടെ പേര് മുസ്ലിം നാമധാരിയായത് കൊണ്ടുമാത്രം അദ്ദേഹത്തെ ലീഗുകാരനായി ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമെല്ലാം ഉള്‍പ്പെടുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മുസ്ലിം ലീഗ് പൂര്‍ണ്ണമായും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെങ്കിലും അവര്‍ക്ക് വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന സമീപനങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ നിലവില്‍ ബിജെപിയും കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ ഡീലാണ് നടക്കുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളില്‍ പ്രതിപക്ഷ നേതാവ് വിഡി.സതീശനും കോണ്‍ഗ്രസും മിണ്ടാതിരിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണ്. ഇടതുപക്ഷത്തെ വേട്ടയാടാന്‍ വേണ്ടി ഇവര്‍ ഒരുമിച്ച് ചേര്‍ന്നാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സംഘപരിവാര്‍ താല്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നതെന്നും, പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡോക്ടര്‍ റാമിന് ജാമ്യം ലഭിച്ച കേസില്‍ കോടതി തന്നെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് ജാമ്യം ലഭിച്ചതും ഇത്തരം ഒത്തുകളിക്ക് ഉദാഹരണമാണ്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കേരളീയ സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതു സംബന്ധിച്ച് ചില പത്രങ്ങള്‍ മുഖപ്രസംഗം പോലും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴീക്കോട് അയനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

കണ്ണൂര്‍. അഴീക്കോട് അയനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇന്‍സ്റ്റഗ്രാമില്‍ കുളത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് പെണ്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്.

എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് അനിരുദ്ധ്. സുഹൃത്തിനെ കരയ്ക്ക് നിര്‍ത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് ഫയര്‍ഫോഴ്‌സ് കുളത്തില്‍ നിന്നു അനിരുദ്ധിനെ പുറത്തെടുത്തു ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പരമ്പരാഗത കുളമാണ് അയനിവയലില്‍ കുളം. ജ്യാമിതീയ കൃത്യതയുള്ള പടവുകളും തെളിഞ്ഞ വെള്ളവും ഈ കുളത്തിന്റെ പ്രത്യേകതയാണ്.

പിണറായിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്; സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല’, ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ ഏകപക്ഷീയ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുന്നണിയിലെ തര്‍ക്കവിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതിന് പകരം പരസ്യമായി പ്രഖ്യാപിക്കുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മില്‍ കഴിഞ്ഞ കുറേക്കാലമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഈ ചര്‍ച്ചകളില്‍ പങ്കാളികളാണ്. അത്തരമൊരു തര്‍ക്കവിഷയത്തില്‍ എല്‍ഡിഎഫ് ചെയര്‍മാന്‍ കൂടിയായ പിണറായി വിജയന്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്നും ആ അവകാശം പാര്‍ട്ടിക്ക് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയാല്‍ പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കാമെന്നും, ആ കത്തില്‍ ഉണ്ടാകുക സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നതില്‍ സംശയമില്ലെന്നുമായിരുന്നു പിണറായി വിജയന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐ ഉന്നയിച്ച അവകാശവാദത്തെ തള്ളിക്കളഞ്ഞ പിണറായി, സിപിഐയെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാനാവില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും പാര്‍ട്ടി വ്യക്തമാക്കി.

വേങ്ങ കാട്ടിൽപറമ്പിൽ ആരിഫാ ബീവി നിര്യാതയായി

ശാസ്താംകോട്ട:വേങ്ങ കാട്ടിൽപറമ്പിൽ (പുലയൻ്റെയ്യത്ത്) പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആരിഫാ ബീവി (84) നിര്യാതയായി.ഖബറടക്കം നടത്തി.മക്കൾ :ഷാജഹാൻ (റിട്ട.പിഡബ്ലൂഡി),ഷീബ,ഷൈല,സലിം. മരുമക്കൾ:പരേതനായ അഹമ്മദ്കുഞ്ഞ് (മുൻ ഗ്രാമ പഞ്ചായത്ത് അംഗം വള്ളികുന്നം ),റംല,മഹമ്മൂദ്, ഫെമിത (ടീച്ചർ,ജീലാനി എൽപിഎസ് കുണ്ടുമൺ).

പെരുവേലിക്കര കാട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ള നിര്യാതനായി

ശാസ്താംകോട്ട:പെരുവേലിക്കര കാട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (95) നിര്യാതനായി.ഭാര്യ:സതിയമ്മ.മക്കൾ: ഗീതമ്മ ,വേണുഗോപാലപിള്ള,ശിവാനന്ദൻ പിള്ള,തുളസീധരൻ പിള്ള.മരുമക്കൾ:പരേതനായ ശശിധരൻ നായർ,ഗീത,തങ്കമണിയമ്മ,ജലജ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.