Home Blog Page 163

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചേന്തിയില്‍ സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്‍ദ്ദേശിച്ചത്.


മുന്‍ നിര നേതാക്കളോ പാര്‍ട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. ഈ രീതിയില്‍ പ്രതിക്ഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസുകളും ചേന്തി അനിലിന്റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമായെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം, വെളിപ്പെടുത്തലുമായി മരിച്ച ഷൗക്കത്തലിയുടെ സുഹൃത്ത്

മലപ്പുറം. ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം.വെളിപ്പെടുത്തലുമായി മരിച്ച ഷൗക്കത്തലിയുടെ സുഹൃത്ത് മുബഷിർ.MVD ഉദ്യോഗസ്ഥർ ഷൗക്കത്തലിയോട് പെരുമാറിയത് വൈരാഗ്യ ബുദ്ധിയോടെ

ഈ കാര്യം ഷൗക്കത്തലി മരിക്കുന്നതിന് മുന്നേ തന്നോട് പറഞിരുന്നതായി സുഹൃത്ത്.ഷൗക്കത്തലിയുടെ അപേക്ഷ വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് കൈമാറി.ഷൗക്കത്തലിയുടെ ഫോട്ടോയും അപേക്ഷാ വിവരങ്ങളുമടക്കം ഏജന്റുമാരുടെ ഗ്രൂപ്പിൽ പങ്കുവെച്ചു. ഷൗക്കത്തലിയുടെ അപേക്ഷ സ്വീകരിക്കരുതന്ന് MVD ഉദ്യോഗസ്ഥർ ഏജന്റുമാർക്കും നിർദ്ദേശവും നൽകി

ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൗക്കത്തലിയുടെ അപേക്ഷാ വിവരങ്ങൾ ഏജന്റുമാരുടെ ഗ്രൂപ്പിൽ എത്തിയത്.ഈ കാര്യങ്ങൾ ഷൗക്കത്തലിക്ക് അറിയാമായിരുന്നു.ഏജന്റുമാർ വഴി ഫിറ്റ്നസ് എടുക്കാൻ താൻ അവശ്യപ്പെട്ടപ്പോഴാണ് ഷൗക്കത്തലി ഈ കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും സുഹൃത്ത് മുബഷിർ

ഷൗക്കത്തലിക്ക് ആദ്യം ഫിറ്റ്നസ് ലഭിച്ച അതേ രൂപത്തിലുള്ള വാഹനത്തിനാണ് പിന്നീട് ഫിറ്റ്നസ് നിഷേധിച്ചത്. ജീവിക്കാൻ വഴിയിലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തത്. അവന്റെ ലാപ്ടോപ്പ് അടക്കം വിറ്റ് EMI അടച്ചിരുന്നു

പത്ത് മാസം ഓട്ടോ ഓടിക്കാൻ കഴിയാതെ വന്നതോടെയാണ് കടും കൈ ചെയ്യേണ്ടി വന്നതെന്നും സുഹൃത്ത്

കാക്കനാട്ട് പോലീസ് കസ്റ്റഡിയിലിരുന്ന ട്രെയിലർ ലോറി മോഷണം പോയി

കൊച്ചി.കാക്കനാട്ട് പോലീസ് കസ്റ്റഡിയിലിരുന്ന ട്രെയിലർ ലോറി മോഷണം പോയി. രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ ലോറിയാണ് കാണാതായത്. സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കാൻ കഴിയാത്തതിനാൽ മാവേലിപുരം ഓണം പാർക്കിന് സമീപം സീപോർട്ട്–എയർപോർട്ട് റോഡരികിലാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. 27ന് രാത്രി ഒൻപത് മണിക്കും 28ന് ഉച്ചയ്ക്ക് 12.30നും ഇടയിലാണ് ലോറി ആരോ കടത്തിക്കൊണ്ടുപോയതെന്ന് എഫ്‌ഐആറിൽ പറയുന്നു.

സംഭവത്തിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മാവേലിപുരത്ത് ബുള്ളറ്റും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ദിൻരാജ്, കോട്ടയം സ്വദേശി മാത്യു ജോമോൻ എന്നിവർ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ട്രെയിലർ ലോറി കസ്റ്റഡിയിലെടുത്തത്.

നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ഇതൊക്കെപറ്റും, ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പാലക്കാട്‌. ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി മുജീബ് റഹ്മാനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്


ഇന്നലെ വൈകിട്ട് ആറരയോടെ ആണ് സംഭവം. ലക്കിടി മംഗലം ഭാഗത്തേക്ക് പിക്കപ്പ് വാഹനത്തിൽ വന്ന യുവാവ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. വാടക കോട്ടേഴ്സ് അന്വേഷിച്ചു വന്നതാണെന്ന് വയോധികയോട് പറഞ്ഞ യുവാവ് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വയോധിക വെള്ളം എടുത്ത് നൽകി തിരികെ വീട്ടിലേക്ക് കയറി വാതിൽ അടച്ചതോടെ പിന്നാലെ വാതിൽ തള്ളി തുറന്നു യുവാവ് അകത്ത് പ്രവേശിച്ച് വയോധികക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

ബഹളം വെച്ച് അടുക്കള വാതിലിലൂടെ കുതറി ഓടിയ വയോധികയെ യുവാവ് പിന്തുടരാൻ ശ്രമിചെങ്കിലും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. ഇതിനിടയിൽ മർദ്ദനത്തിൽ വയോധികയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. ഓടിയെത്തിയ അയൽവാസികൾ യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു.
തുടർന്ന് ഇന്ന് എറണാകുളം പെരുമ്പാവൂരിൽ നിന്നു ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു,320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ വിവരമില്ല

കാഠ്മണ്ഡു . നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു. ദുരന്തത്തില്‍ 579 പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തില്‍ അഞ്ചുപേര്‍ ബുധനാഴ്ച മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 552 ആയി. 1500 ഓളം പേരെയെങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ദുരന്തത്തില്‍പ്പെട്ട 3742 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ദുരന്തബാധിത പ്രദേശമായ റസുവയില്‍ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതില്‍ 85 പേര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരെ പ്രത്യേക വിമാനത്തില്‍ തമിഴ്നാട്ടിലേക്ക് അയക്കും.

അതേസമയം നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 ഇന്ത്യന്‍ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. 21 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടന്‍ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണ്. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനം പോയി. മരുന്നും ഭക്ഷണവും അടക്കം 10 ടണ്‍ സാമഗ്രികളാണ് വിമാനത്തിലുള്ളത്. പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ച നേപ്പാള്‍ സര്‍ക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദി അറിയിച്ചു.

സോണിയ ഗാന്ധിയുടെ ആത്മകഥ, പ്രസിദ്ധീകരണത്തില്‍നിന്നും പിന്മാറിയതിന് വിശദീകരണവുമായി പെന്‍ഗ്വിന്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ്. എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.

ഒരു പ്രസാധകര്‍ എന്നനിലയില്‍ പുസ്തകത്തിനകത്തെ വസ്തുതകള്‍ പരിശോധിക്കുകയും അനുയോജ്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാന്‍ തങ്ങള്‍ പൂര്‍ണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് അറിയിച്ചു.

നവംബര്‍ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റില്‍ 1,00,000 കോപ്പികള്‍ ഉണ്ടാകുമെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. ഇറ്റലിയിലെ ചെറുഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1965 ല്‍ കേംബ്രിജില്‍ വിദ്യാര്‍ഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും കടന്നുവരുന്ന പുസ്തകത്തില്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനുശേഷമുള്ള അനുഭവങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുംമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്.

പെന്‍ഗ്വിന്‍ പിന്മാറിയതോടെ നിരവധി ഇന്ത്യന്‍ പ്രസാധകര്‍ രംഗത്തെത്തി. ഹാര്‍പ്പര്‍ കോളിന്‍സ് പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാര്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയാ ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു.


ഉദയാ ജംഗ്ഷൻ: രണ്ടു ദിനങ്ങൾ നീണ്ടുനിന്ന ഉദയാ ലൈബ്രറിയുടെ 2026 വർഷത്തെ വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു. തിരുവോണനാളിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ പതാകയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. യുവത കോ – ഓർഡിനേറ്റർ രജി കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കൊച്ചു വേലുമാസ്റ്റർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

അത്തപ്പൂക്കള മത്സരം, ഉറിയടി, വടംവലി, ബാലവേദി കൂട്ടുകാരുടെ കലാ, കായിക, സാംസ്കാരിക മത്സരങ്ങൾ, പ്രവചന മത്സരം തുടങ്ങി വിവിധങ്ങളായപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായിനടന്നു. ചതയദിനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രജനി സുനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.കെ.വിജയധരൻ, മുൻ പ്രസിഡന്റ് അഡ്വ.റ്റി. മോഹനൻ, മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ, യുവത പ്രസിഡന്റ് അജു.ജി.നാഥ്,പി.എസ്.സാനു തുടങ്ങിയവർ പ്രസംഗിച്ചു.

ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ വിജയികൾക്കുള്ള കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. വനിതാവേദി പ്രസിഡന്റ് എസ്.ആർ. ശ്രീകല നന്ദി പറഞ്ഞു.ആർ.പി. സുഷമ ടീച്ചർ,എസ്.മായാദേവി, ആർ. മോഹനൻ പിള്ള, ആർ.ശ്രീകുമാർ, മണക്കാട്ടു രവീന്ദ്രൻ,വനിതാവേദി സെക്രട്ടറി പി.എസ്.അജിത,ലൈബ്രറിയൻ ജെ.ജയകുമാരി, കോയിക്കൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.

കുന്നത്തൂരിനെ മഞ്ഞക്കടലാക്കി ഗുരുദേവ ജയന്തി ആഘോഷം

ശാസ്‌താംകോട്ട:ശ്രീനാരായണ ഗുരുദേവന്റെ 172 മത് ജയന്തി കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ എല്ലാ ശാഖകളിലും ആഘോഷിച്ചു.രാവിലെ 8 മണിക്ക് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ്‌ ആർ.ശ്രീകുമാർ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കമായി.യൂണിയൻ,ശാഖ നേതാക്കന്മാർ പങ്കെടുത്തു.തുടർന്ന് രാവിലെ 9 മണിക്ക് യൂണിയൻ പ്രാർത്ഥനാ ഹാളിൽ വെച്ച് കലാ- കായിക,സാംസ്‌കാരിക, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ഗുരുകീർത്തി പുരസ്‌കാരം നൽകി ആദരിച്ചു.

പ്ലസ്‌ ടു, എസ് എസ് എൽ സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ വാങ്ങിയ കുട്ടികൾക്ക് ഗുരുകീർത്തി പുരസ്‌കാര സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിച്ചു.യോഗം യൂണിയൻ പ്രസിഡന്റ്‌ ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റാം മനോജ്‌ സ്വാഗതം ആശംസിച്ചു.

യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അഡ്വ ഡി സുധാകരൻ, വി ബേബികുമാർ, കൗൺസിൽ അംഗങ്ങളായ അഡ്വ സുഭാഷ് ചന്ദ്ര ബാബു, ആർ പ്രേം ഷാജി, നെടിയവിള സജീവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി അംഗം എസ്.രഞ്ജിത് നന്ദി പറഞ്ഞു.ഗുരു ജയന്തിയോട് അനുബന്ധിച്ച് യൂണിയൻ അതിർത്തിയിലുള്ള പ്രധാന ജംഗ്ഷനുകളും ഗുരുമന്ദിരങ്ങളും പീത പതാകകളാലും തോരണങ്ങളാലും കളർ ബൾബുകളാലും അലങ്കരിച്ചു.എല്ലാ ശാഖകളിലും ഗുരുപൂജ, ഗുരു ഭാഗവത പാരായണം, ആത്മീയ പ്രഭാഷണം, അന്നദാനം,സമ്മേളങ്ങൾ, മെറിറ്റ് അവാർഡ് വിതരണം,വർണാഭമായ ഘോഷയാത്ര എന്നിവയോടെ ആഘോഷ പരിപാടികൾ നടന്നു.കുന്നത്തൂർ യൂണിയനിലെ SNDP യോഗം 176-ാം നമ്പർ ഇടയ്ക്കാട് ശാഖയിൽ ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 34-ാം വാർഷികവും ചതയദിനാഘോഷവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു.ശാഖാ മന്ദിരത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്നത്തൂർ യൂണിയൻ സെക്രട്ടറി
റാം മനോജ് ഉദ്ഘാടനം ചെയ്തു.

ഇടയ്ക്കാട് ശാഖാ മന്ദിരത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്നത്തൂർ യൂണിയൻ സെക്രട്ടറി
റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു.

ശാഖാ പ്രസിഡന്റ് പ്രസന്നൻ ഡി അധ്യക്ഷത വഹിച്ചു.കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നിർവ്വഹിച്ചു.ശാഖാ സെക്രട്ടറി ഇടയ്ക്കാട് അജിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഖിൽ മോഹൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ അഖിൽ സിദ്ധാർത്ഥ (കുന്നത്തൂർ യൂണിയൻ കൗൺസിലർ),അഭിലാഷ് ഡി.കെ., ബാലചന്ദ്രൻ, ആനന്ദൻ, സുധാകരൻ, സുരേഷ്, ശ്രീജിത്ത്, ഗീതാ രവീന്ദ്രൻ, ദീപ അംബുജാക്ഷൻ, ലീലാ യശോധരൻ, പ്രസന്നരാജൻ, ജയപ്രസന്ന, ലത തുടങ്ങിയവർ സംസാരിച്ചു.കുന്നത്തൂർ കിഴക്ക് 174 -ാം നമ്പർ ശാഖയിൽ സമ്മേളനം, ഘോഷയാത്ര എന്നിവ നടന്നു.

കെഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷം

ശാസ്താംകോട്ട:നവോത്ഥാന നായകരെ ഇന്നും സമുദായങ്ങളുടെ നേതാക്കളായി താഴ്ത്തിക്കെട്ടുന്നത് അവസാനിപ്പിക്കണമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡൻ്റ് പി.രാമഭദ്രൻ ആവശ്യപ്പെട്ടു.കെഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റി പതാരത്ത് സംഘടിപ്പിച്ച 133 -ാമത് മഹാത്മ അയ്യൻകാളി ജയന്തി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് പ്രമിളലാൽ അധ്യമത വഹിച്ചു.യോഗത്തിൽ രാജൻ വെമ്പിളി,കല്ലട നാരായണപിള്ള, ശൂരനാട്അജി, എസ്.ഡോളി, ഷാജി ചെമ്പകശ്ശേരി, ലെനശിവകുമാർ, ഗീതാബാബു, മഞ്ജുസുരേഷ് ,ബിന്ദു ഏബ്രഹാം, കെ.കൃഷ്ണൻ,
പ്രേംഭാസിൻ,കെ.ദേവരാജൻ, എന്നിവർ പ്രസംഗിച്ചു.രാവിലെ മുതൽ കലാകായിക മത്സരങ്ങളും ഓണസദ്യയും നടന്നു.

കെപി എം എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു

ശാസ്‌താംകോട്ട:കെ.പി.എം എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളിയുടെ 163-ാംമത് ജന്മദിനത്തോടനുബന്ധിച്ച് മുഴുവൻ ശാഖാ കേന്ദ്രങ്ങളിലും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.രാവിലെ മഹാത്മാവിൻ്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന, മധുരം വിതരണം, സന്ദേശ റാലി , ജന്മദിന സന്ദേശം തുടങ്ങിയവ നടത്തി. വിവിധ ശാഖാ കേന്ദ്രങ്ങളിൽ നടന്ന ജന്മദിന സന്ദേശം സംസ്ഥാന കമ്മിറ്റി അംഗം ജയിനമ്മ ,യൂണിയൻ പ്രസിഡൻ്റ് സി.സത്യവതി സെക്രട്ടറി ശ്രീനിലയം സുരേഷ്, ട്രഷറർ രശ്‌മി, യൂണിയൻ ഭാരവാഹികളായ ബൈജു,ലതിക,കുന്നത്തൂർ രാധാകൃഷ്ണൻ, ശ്രീകുമാർ,ബിന്ദു പ്രസന്നൻ,സുമ, അരുൺ എന്നിവർ നേതത്വം നൽകി.