കാഠ്മണ്ഡു . നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു. ദുരന്തത്തില്‍ 579 പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തില്‍ അഞ്ചുപേര്‍ ബുധനാഴ്ച മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 552 ആയി. 1500 ഓളം പേരെയെങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ദുരന്തത്തില്‍പ്പെട്ട 3742 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ദുരന്തബാധിത പ്രദേശമായ റസുവയില്‍ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതില്‍ 85 പേര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരെ പ്രത്യേക വിമാനത്തില്‍ തമിഴ്നാട്ടിലേക്ക് അയക്കും.
അതേസമയം നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 ഇന്ത്യന്‍ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. 21 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേപ്പാളില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടന്‍ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണ്. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനം പോയി. മരുന്നും ഭക്ഷണവും അടക്കം 10 ടണ്‍ സാമഗ്രികളാണ് വിമാനത്തിലുള്ളത്. പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹായിച്ച നേപ്പാള്‍ സര്‍ക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദി അറിയിച്ചു.































