തിരുവനന്തപുരം.സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാനും കൃത്യമായ വിവരശേഖരണത്തിനുമായി ജില്ലാ തല നിരീക്ഷണ സംവിധാനം ഒരുക്കാൻ ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം.
ആശുപത്രികളിൽ പ്രതിസന്ധികളില്ലെന്ന് പറയുമ്പോഴും മരുന്നുകൾ ലഭിക്കുന്നില്ല പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് കൃത്യമായ വിവരം അറിയാൻ മന്ത്രി പ്രത്യേക സംവിധാനം ഒരുക്കുന്നത്.
ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി (District-level Medicine Availability Monitoring Team) ഉടൻ രൂപീകരിക്കണം.
സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യതയിൽ ചിലയിടങ്ങളിൽ ഉണ്ടാകുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മരുന്നുകളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുകയും സമയബന്ധിതമായി ആവശ്യമായ ഇടപെടലുകൾ നടത്താനുമാണ് സമിതി.
- അഡീഷണൽ ഡി.എം.ഒ (ഹെൽത്ത്) / ഡെപ്യൂട്ടി ഡി.എം.ഒ (ഹെൽത്ത്) – കൺവീനർ
- ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട് – അംഗം
- അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ / ഡ്രഗ്സ് ഇൻസ്പെക്ടർ– അംഗം
- ഫാർമസി സ്റ്റോർ സൂപ്രണ്ട് / ഫാർമസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ – അംഗം
- കെ.എം.എസ്.സി.എൽ. വെയർഹൗസ് മാനേജർ – അംഗം
സമിതിയുടെ ചുമതലകൾ
ജില്ലയുടെ പരിധിയിലെ സർക്കാർ ആശുപത്രികളിലെ അവശ്യ മരുന്നുകളുടെ സ്റ്റോക്ക് നില നേരിട്ട് പരിശോധിക്കുക.
ആശുപത്രി ഫാർമസികളിലും സ്റ്റോറുകളിലും മരുന്നുകളുടെ യഥാർത്ഥ ലഭ്യത പരിശോധിച്ച് ഉറപ്പാക്കുക.
നിലവിലുള്ള മരുന്നുക്ഷാമം, കുറഞ്ഞ സ്റ്റോക്ക്, വിതരണത്തിലെ കാലതാമസം എന്നിവ കണ്ടെത്തുക.
അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ആവശ്യമായി വരാനിടയുള്ള മരുന്നുകളുടെ ആവശ്യകത വിലയിരുത്തുക.
കെ.എം.എസ്.സി.എൽ. മുഖേനയുള്ള വിതരണത്തിലെ തടസ്സങ്ങൾ, ആശുപത്രി തലത്തിലുള്ള സംഭരണം/വിതരണ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കുക.
അടിയന്തരമായി ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രാദേശികമായി സ്വീകരിക്കേണ്ട ഇടക്കാല നടപടികൾ നിർദ്ദേശിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
ഒരേ ജില്ലയിൽ ഒരു ആശുപത്രിയിൽ അധിക സ്റ്റോക്കും മറ്റൊരു ആശുപത്രിയിൽ കുറവും ഉള്ള സാഹചര്യത്തിൽ, ചട്ടപ്രകാരം ലഭ്യമായ സ്റ്റോക്ക് പുനർവിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുക.
സമിതി ഓരോ ആഴ്ചയും പരിശോധനയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (DHS) / ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) എന്നിവർക്ക് സമർപ്പിക്കേണ്ടതാണ്



































