Home Blog Page 156

പൂക്കളം നശിപ്പിച്ചത് കൊച്ചിയില്‍ തന്നെ,കേസ് ക്ളിയറായി ,അന്വേഷണം തുടരുന്നു, പ്രതി വൈകാതെ പിടിയിലായേക്കും

കൊച്ചി. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും വിവിധ പ്രചാരണങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊച്ചി നഗരപരിധിയിലുള്ള പാലാരിവട്ടത്തുനിന്നുള്ളതാണെന്ന് ഒടുവില്‍ വ്യക്തമായി. കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള സംഭവമെന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്ഥലം എറണാകുളം പാലാരിവട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കി.

പാലാരിവട്ടത്തെ ‘മൈഥിലി’ എന്ന വാണിജ്യ സമുച്ചയത്തിന് മുന്നില്‍ ജീവനക്കാരും കടയുടമകളും ചേര്‍ന്ന് ഉത്രാടദിനത്തില്‍ തീര്‍ത്ത അത്തപ്പൂക്കളമാണ് കാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. ഓണാഘോഷത്തിന്റെ സന്തോഷത്തില്‍ പൂക്കളമിട്ട് കഴിഞ്ഞ ശേഷം വ്യാപാരികളും ജീവനക്കാരും ഉച്ചഭക്ഷണം കഴിക്കാന്‍ പോയ ഇടവേളയിലായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭംഗിയായി ഒരുക്കിയ പൂക്കളം നിരത്തില്‍ ചിതറിക്കിടക്കുന്നത് കണ്ടതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് കെട്ടിടത്തിലെയും സമീപ സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതോടെയാണ് വഴിയിലൂടെ നടന്നുപോയ പെണ്‍കുട്ടികളില്‍ ഒരാള്‍ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നത്.

ഈ പ്രവൃത്തിയുടെ പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കി. വിവാദ ദൃശ്യങ്ങള്‍ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളോടെ പങ്കുവെച്ച തൊടുപുഴയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പാലാരിവട്ടം പൊലീസ് പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുകയാണ്.

നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്? ചോദ്യവുമായി വിനയന്‍

നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകന്‍ വിനയന്‍. നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്? എന്നാണ് വിനയന്‍ ചോദിക്കുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

പാര്‍വ്വതി തിരുവോത്ത്. ഇന്നു മലയാളത്തിലുള്ള മികച്ച നടിമാരില്‍ ഒരാളാണ്. അവതരിപ്പിച്ച കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുകയും അതുവഴി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഒരഭിനേത്രി. തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന കാര്യത്തിലും പാര്‍വ്വതി വ്യത്യസ്ഥയാണ്. അവരുടെ എല്ലാ നിലപാടിലും യോജിച്ചു കൊണ്ടല്ല ഞാന്‍ പറയുന്നത്. പക്ഷെ നിര്‍ഭയമായി ചില കാര്യങ്ങള്‍ പറയുന്ന കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാര്‍വ്വതി മലയാള സിനിമയില്‍ പലപ്പോഴും തഴയപ്പെടുന്നത്?

സംശയം സ്വാഭാവികമാണ്. അവര്‍ പറയുന്ന ചില അഭിപ്രായത്തോട് വിയോജിപ്പാകാം വിമര്‍ശിക്കാം, പക്ഷേ അതിനപ്പുറത്തേക്ക് കാണാനും മാത്രം പാര്‍വ്വതി എന്താണ് തെറ്റ് ചെയ്തത്? കഴിഞ്ഞ ദിവസം ഏഷ്യാ നെറ്റില്‍ പാര്‍വ്വതിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടതിനു ശേഷമാണ് ഇങ്ങനൊരു കുറിപ്പ് എഴുതണമെന്നു തോന്നിയത്.. കാര്യമാത്രപ്രസക്തവും ഗൗരവബുദ്ധിയോടെ കാണേണ്ടതുമായ ഒരു ഇന്റെര്‍വ്യൂ ആയിട്ട് അതു കണ്ടപ്പോള്‍ എനിക്കു തോന്നി..

തങ്ങള്‍ക്കു ഗുണമുള്ളതാണെങ്കിലോ ആര്‍ക്കെങ്കിലും സ്തുതി പാടിക്കൊണ്ടുള്ള വാക്കുകളാണെങ്കിലോ അത് ഏറ്റെടുക്കാന്‍ ഇവിടെ ധാരാളം ആളുണ്ടാകും. അല്ലാത്തതൊക്കെ തമസ്‌കരിക്കാനോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനോ ആണല്ലോ മഹത്തുക്കള്‍ക്കു താല്പര്യം. ആ ഇന്റര്‍വ്യൂവില്‍ പാര്‍വ്വതി താര സംഘടനയായ അമ്മയോടു ചോദിച്ച ഒരു ചോദ്യമാണ് എന്നെ ഏറെ ആകര്‍ഷിച്ചത് ’25 വര്‍ഷം സംഘടന ഭരിച്ചവര്‍ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങള്‍ക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ? ആ ചോദ്യം പ്രസക്തമാണ്. സത്യത്തില്‍ 25 വര്‍ഷം തിരുവായ്ക് എതിര്‍വായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്?

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് വന്ന കൊണ്ടല്ലേ? കമ്മിറ്റി അംഗങ്ങളായ ജസ്റ്റീസ് ഹേമയ്കും മുതിര്‍ന്ന നടി ശാരദയ്കും ഐ എ എസ് ഓഫീസറായ കെബി വത്സലകുമാരിയ്കും മലയാള സിനിമയിലെ ആരോടും വ്യക്തിപരമായ വിരോധമെന്നും ഉണ്ടന്ന് എനിക്കു തോന്നുന്നില്ല.. അവര്‍ നിഷ്പക്ഷമായി തന്നെ ആയിരിക്കാം ആ റിപ്പോര്‍ട്ട് എഴുതിയത്. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്നത്തെ സര്‍ക്കാര്‍ പൂഴ്ത്തി വച്ച പേജുകളിലെ വിവരം പൂര്‍ണ്ണമായിട്ടറിയാവുന്ന ഒരു വ്യക്തി എന്ന നിലയില്‍ പറയട്ടെ.

സുപ്രീം കോടതിയില്‍ പോയി പരാതി പറഞ്ഞ ചിലരെ കൊണ്ടു തന്നെ. ആ കേസുകള്‍ അന്വേഷിക്കണ്ട ഞങ്ങള്‍ക്കു പരാതിയില്ല എന്ന ഹര്‍ജി കൊടുത്ത് വിധി വാങ്ങിയില്ലായിരുന്നു വെങ്കില്‍ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷന്‍ തന്നെ മാറിയേനെ. മലയാള സിനിമയെ മലീമസമാക്കിയ ആ പവര്‍ഗ്രൂപ്പിന്റെ ക്രൂരതാണ്ഡവം ചരിത്ര രേഖയാക്കിയ ആ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഔദ്യോഗികമായി തന്നെ വെളിയില്‍ വരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

പൊതു ഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ സിപിഐഎം

കോഴിക്കോട്.പൊതു ഇടങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ സിപിഐഎം. സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമെന്ന വിമർശനവുമായി ഡി വൈ എഫ് ഐയും എസ് എഫ് ഐയും. നബിദിനപരിപാടികളിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലുള്ള സർക്കുലറിനെതിരെ ആദ്യം രംഗത്തെത്തിയത് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജയും പി കെ ശ്രീമതിയും.

പിന്നാലെ സർക്കുലറിനെതിരെ പ്രസ്താവനയുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സർക്കുലർ സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമെന്ന തലക്കെട്ടോടെ പ്രസ്താവന. സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന നിലപാടെന്നും വിമർശനം. എ കെ ബാലൻ അടക്കം കൂടുതൽ നേതാക്കൾ വിമർശനവുമായി രംഗത്ത്. സിപിഐഎം വിമർശനത്തിൽ നിലപാട് വ്യക്തമാക്കാതെ കാന്തപുരം വിഭാഗം മൗനത്തിലാണ്.

പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ചു, മൂന്നുപേർ പിടിയിൽ

കോഴിക്കോട്. നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത്, ബെന്നി ലോയിഡ്, നന്ദകുമാർ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപമായിരുന്നു സംഭവം.

രാത്രി എട്ടുമണി. മാനാഞ്ചിറ സ്ക്വയറിൽ എന്തോ പ്രശ്നം നടക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പട്രോളിങ് നടത്തുന്ന ടൗൺ പൊലീസ് എത്തിയത്. മാനാഞ്ചിറയിൽ കണ്ടത് സംശയാസ്പദമായ നിലയിൽ ആറുപേരുടെ സംഘത്തെ. പൊലീസ് വാഹനം കണ്ട സംഘത്തിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തപ്പോൾ അക്രമാസക്തരായി, പൊലീസിനുനേരെ തിരിഞ്ഞു. കൂട്ടത്തിലൊരാൾ കൈയിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പൊലീസുകാരന്‍റെ വലതുകൈയിൽ കുത്തി പരുക്കേൽപ്പിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിനാണ് പരിക്കേറ്റത്. തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ ആദർശിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു. കണ്ടാലറിയാവുന്ന ആറു പേരെ പ്രതികളാക്കി കേസെടുത്ത ടൗൺ പൊലീസ് രാത്രി നഗരം മുഴുവൻ അരിച്ചുപെറുക്കി. ഇതോടെയാണ് സംഘത്തിലെ മൂന്ന് പേർ പിടിയിലായത്. രാമനാട്ടുകര സ്വദേശികളായ രജാദ്, ബെന്നി ലോയിഡ്, നന്ദകുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളാണ്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റു മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നുണ്ട്.

വന്യമൃഗ ശല്യം കാരണം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഭൂമി ഏറ്റടുക്കൽ പദ്ധതി പാളി

തൃശൂര്‍.വന്യമൃഗ ശല്യം കാരണം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഭൂമി ഏറ്റടുക്കൽ പദ്ധതി എങ്ങുമെത്തിയില്ല. വനത്തിനകത്തുള്ള റവന്യൂ ഭൂമിയിലെ
വീടും സ്ഥലവും 15 ലക്ഷം രൂപ നൽകി ഏറ്റെടുക്കുന്ന കഴിഞ്ഞ സർക്കാരിൻ്റെ പദ്ധതിയാണ് എങ്ങുമെത്താതെ നിലച്ചത്.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കുറച്ചു പേരുടെ ഭൂമി സർക്കാർ പണം കൊടുത്ത് ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം കുടുംബങ്ങൾക്കും ഈ സൗകര്യം കിട്ടിയിട്ടില്ല.
ഹിയറിംഗ് കഴിഞ്ഞ് സർക്കാർ ഭൂമി ഏറ്റടുക്കുന്നതും കാത്തിരിക്കുകയാണ് സംസ്ഥാനത്ത് നൂറുകണക്കിന് കുടുംബങ്ങൾ.
പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതിയിൽ തുടങ്ങിയ കാലത്ത് 2021 ൽ കുറച്ച് പേർക്ക് പണം കിട്ടി. ഇവർ വീടും സ്ഥലവും സർക്കാരിന് കൈമാറി ഒഴിഞ്ഞും പോയി.പക്ഷെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഈ സൗകര്യം കിട്ടിയില്ല. ഹിയറിംഗ് അടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇവർ കാത്തിരിക്കുകയാണ്. നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത പണം തന്ന് ഞങ്ങളുടെ ഭൂമിയും വീടും ഏറ്റെടുക്കൂ എന്ന ആവശ്യവുമായി.

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാവേലിക്കര പാറക്കുളങ്ങുര സ്വദേശി യദു കൃഷ്ണനാണ് മരിച്ചത്. 22 വയസ്സാണ്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിയാണ് യദുകൃഷ്ണന്‍.

സുഹൃത്തിനെ കാണാനാണ് യദു ഛത്തീസ് ഗഡിലെത്തിയത്. വാടകയ്ക്ക് എടുത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നദിക്ക് കുറുകേയുള്ള പാലത്തില്‍ വെള്ളം കയറിയിരുന്നു. അതു വകവെയ്ക്കാതെ ബൈക്ക് ഓടിച്ച ഇരുവരും കുത്തൊഴുക്കില്‍പ്പെട്ട് നദിയിലേക്ക് വീഴുകയായിരുന്നു.

അപകടം കണ്ട നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യദുവിന്റെ സുഹൃത്തിനെ രക്ഷപ്പെടുത്തി. എന്നാല്‍ യദുവിലെ കണ്ടെത്താനായില്ല. ഇന്നലെ മുഴുവനും തിരച്ചില്‍ നടത്തി. ഇന്നു വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടവിവരം അറിഞ്ഞ് യദുവിന്റെ അച്ഛന്‍ അടക്കമുള്ള ബന്ധുക്കള്‍ റായ്പൂരിലേക്ക് പോയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ക്രിസ് ഗെയില്‍

കോട്ടയം: വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ഗെയിലിനൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഗെയില്‍ പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഹ ഉടമയായ ക്രിസ് ഗെയില്‍ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കേരളത്തില്‍ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളെന്നും വിന്‍ഡീസ് ഇതിഹാസം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലൂടെ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഗെയില്‍ പറഞ്ഞു.

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിത (42) യാണ് മരിച്ചത്.

ഇന്നു രാവിലെ വീടിനോട് ചേര്‍ന്ന പറമ്പില്‍ പശുവിന് പുല്ലരിയാന്‍ പോയപ്പോഴായിരുന്നു അപകടം. കരുവാരക്കുണ്ട് കല്‍ക്കുണ്ട് അട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

പെൽവിക് ഫ്ലോർ ആരോഗ്യം ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇടുപ്പിന്റെ (pelvis) അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന മൂത്രസഞ്ചി, ഗർഭപാത്രം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളെ താങ്ങിനിർത്തുന്ന പേശികളുടെ കൂട്ടമാണ് പെൽവിക് ഫ്ലോർ.പെൽവിക് ഫ്ലോർ ആരോ​ഗ്യം തകരാറിലായാൽ അത് സ്ത്രീയുടെ പ്രത്യുൽപാദന ശേഷിയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.

Also Read: ഓണം വാരാഘോഷ സമാപനം വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും, ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്

വിട്ടുമാറാത്ത പെൽവിക് വേദന, എൻഡോമെട്രിയോസിസ്, വേദനാജനകമായ ലൈംഗികബന്ധം, വാഗിനിസ്മസ് എന്നിവ ലൈംഗിക പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നും ഫെർട്ടിലിറ്റി പരിശോധനകളും നടപടിക്രമങ്ങളും കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

മിക്ക സ്ത്രീകളിലും വന്ധ്യതയുടെ പ്രധാന കാരണം പെൽവിക്-ഫ്ലോർ ഡിസ്ഫങ്ഷൻ ആകണമെന്നില്ല; എന്നിരുന്നാലും, നിർഭാഗ്യവശാൽ, ഇത് പ്രത്യുൽപാദന ആരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം. വജിനിസ്മസ് (vaginismus), തീവ്രമായ ഡിസ്പാര്യൂനിയ (dyspareunia – ലൈംഗിക ബന്ധത്തിനിടയിലുള്ള വേദന) എന്നിവ ലൈംഗിക ബന്ധം വേദനാജനകമാക്കുകയും സ്വാഭാവിക ഗർഭധാരണത്തെ ബാധിക്കുകയും ചെയ്തേക്കാം.

പെൽവിക്-ഫ്ലോർ പേശികളിലെ സങ്കോചവും വേദനയും കാരണം യോനീ പരിശോധനകൾ, അൾട്രാസൗണ്ട്, വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സാ നടപടികൾ എന്നിവ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നതോ പ്രയാസകരമോ ആയിത്തീരാം. പ്രത്യുൽപാദന ശേഷിയുള്ള പ്രായത്തിലുള്ള പത്തിൽ ഒരു സ്ത്രീക്കെങ്കിലും എൻഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പെൽവിക് വേദനയും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

പെൽവിക് ഫ്ലോർ ആരോഗ്യം ഒരു സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വിട്ടുമാറാത്ത പെൽവിക് വേദന, എൻഡോമെട്രിയോസിസ്, വേദനാജനകമായ ലൈംഗികബന്ധം, വാഗിനിസ്മസ് ‌തുടങ്ങിയ പ്രശ്നങ്ങൾ‌ മിക്ക സ്ത്രീകളും തുറന്നു പറയുന്നില്ലെന്ന് ഗുഡ്ഗാവിലെ മദർഹുഡ് ഫെർട്ടിലിറ്റി & ഐവിഎഫിലെ സീനിയർ ഐവിഎഫ് കൺസൾട്ടന്റായ ഡോ. ജ്യോതി ഗുപ്ത പറഞ്ഞു.

പെൽവിക് ഫ്ലോർ തകരാറുകളുടെ ലക്ഷണങ്ങൾ

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോവുക.

ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക.

അടിവയറ്റിലോ പെൽവിക് ഭാഗത്തോ ഭാരക്കൂടുതലോ വേദനയോ അനുഭവപ്പെടുക.

ലൈം​ഗികമായി ബന്ധപ്പെടുന്ന സമയത്ത് വേദന അനുഭവപ്പെടുക.

ഓണം വാരാഘോഷ സമാപനം വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും, ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിന്ന ഓണം വാരാഘോഷം കൊടിയിറങ്ങുന്ന വേദിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന് സർക്കാർ. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോടോകോൾ അനുസരിക്കാതെ പറ്റില്ലെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

Also Read: ‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ്’, ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെങ്കിലും ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ഒഴിവാക്കിയിരുന്നു. എന്നാൽ പാർലമെന്‍റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ ആലപിക്കാതിരിക്കാനാകില്ലെന്നാണ് ഓണം ഘോഷയാത്രയിൽ സർക്കാർ വ്യക്തമാക്കുന്നത്.

ഘോഷയാത്ര 5 മണിക്ക്

അതേസമയം 5 മണിക്കാണ് ഓണം വാരാഘോഷത്തിന്‍റെ ഔദ്യോഗിക പരിപാടികൾ തുടങ്ങുന്നത്. തലസ്ഥാന നഗരിയിൽ നടക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യുക. ഘോഷയാത്രയിൽ പ്രശസ്ത സിനിമ താരം ആസിഫ് അലിയടക്കമുള്ളവർ പങ്കെടുക്കും.