26.7 C
Kollam
Thursday 15th October, 2026 | 04:49:56 AM
Home News Kerala പൂക്കളം നശിപ്പിച്ചത് കൊച്ചിയില്‍ തന്നെ,കേസ് ക്ളിയറായി ,അന്വേഷണം തുടരുന്നു, പ്രതി വൈകാതെ പിടിയിലായേക്കും

പൂക്കളം നശിപ്പിച്ചത് കൊച്ചിയില്‍ തന്നെ,കേസ് ക്ളിയറായി ,അന്വേഷണം തുടരുന്നു, പ്രതി വൈകാതെ പിടിയിലായേക്കും

കൊച്ചി. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും വിവിധ പ്രചാരണങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊച്ചി നഗരപരിധിയിലുള്ള പാലാരിവട്ടത്തുനിന്നുള്ളതാണെന്ന് ഒടുവില്‍ വ്യക്തമായി. കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള സംഭവമെന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്ഥലം എറണാകുളം പാലാരിവട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കി.

പാലാരിവട്ടത്തെ ‘മൈഥിലി’ എന്ന വാണിജ്യ സമുച്ചയത്തിന് മുന്നില്‍ ജീവനക്കാരും കടയുടമകളും ചേര്‍ന്ന് ഉത്രാടദിനത്തില്‍ തീര്‍ത്ത അത്തപ്പൂക്കളമാണ് കാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. ഓണാഘോഷത്തിന്റെ സന്തോഷത്തില്‍ പൂക്കളമിട്ട് കഴിഞ്ഞ ശേഷം വ്യാപാരികളും ജീവനക്കാരും ഉച്ചഭക്ഷണം കഴിക്കാന്‍ പോയ ഇടവേളയിലായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭംഗിയായി ഒരുക്കിയ പൂക്കളം നിരത്തില്‍ ചിതറിക്കിടക്കുന്നത് കണ്ടതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് കെട്ടിടത്തിലെയും സമീപ സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതോടെയാണ് വഴിയിലൂടെ നടന്നുപോയ പെണ്‍കുട്ടികളില്‍ ഒരാള്‍ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നത്.

ഈ പ്രവൃത്തിയുടെ പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കി. വിവാദ ദൃശ്യങ്ങള്‍ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളോടെ പങ്കുവെച്ച തൊടുപുഴയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പാലാരിവട്ടം പൊലീസ് പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുകയാണ്.