കോഴിക്കോട്. നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത്, ബെന്നി ലോയിഡ്, നന്ദകുമാർ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപമായിരുന്നു സംഭവം.
രാത്രി എട്ടുമണി. മാനാഞ്ചിറ സ്ക്വയറിൽ എന്തോ പ്രശ്നം നടക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പട്രോളിങ് നടത്തുന്ന ടൗൺ പൊലീസ് എത്തിയത്. മാനാഞ്ചിറയിൽ കണ്ടത് സംശയാസ്പദമായ നിലയിൽ ആറുപേരുടെ സംഘത്തെ. പൊലീസ് വാഹനം കണ്ട സംഘത്തിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തപ്പോൾ അക്രമാസക്തരായി, പൊലീസിനുനേരെ തിരിഞ്ഞു. കൂട്ടത്തിലൊരാൾ കൈയിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പൊലീസുകാരന്‍റെ വലതുകൈയിൽ കുത്തി പരുക്കേൽപ്പിച്ചു. മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിനാണ് പരിക്കേറ്റത്. തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ആദർശിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു. കണ്ടാലറിയാവുന്ന ആറു പേരെ പ്രതികളാക്കി കേസെടുത്ത ടൗൺ പൊലീസ് രാത്രി നഗരം മുഴുവൻ അരിച്ചുപെറുക്കി. ഇതോടെയാണ് സംഘത്തിലെ മൂന്ന് പേർ പിടിയിലായത്. രാമനാട്ടുകര സ്വദേശികളായ രജാദ്, ബെന്നി ലോയിഡ്, നന്ദകുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളാണ്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റു മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നുണ്ട്.
































