25.8 C
Kollam
Friday 28th August, 2026 | 08:46:16 AM
Home News Breaking News തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിച്ച ഗുണ്ടയും സഹോദരനും അറസ്റ്റിൽ

തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിച്ച ഗുണ്ടയും സഹോദരനും അറസ്റ്റിൽ

കൊച്ചി. തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിച്ച ഗുണ്ടയും സഹോദരനും അറസ്റ്റിൽ. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട മണ്ണാർകാട് സ്വദേശി ജിന്റോ, സഹോദരൻ പ്രിൻസ് എന്നിവരാണ് പിടിയിലായത്. പൊലീസുകാരെ ആക്രമിച്ചതിന് പുറമേ പൊലീസ് ജീപ്പും ഇരുവരും അക്രമിച്ചു.

ശനിയാഴ്ച ഉച്ചയോടെ നോർത്ത് മേൽപാലത്തിന് താഴെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനാണ് നോർത്ത് പൊലീസ് സ്ഥലതെത്തിയത്. പ്രശ്നം പരിഹരിച്ച ശേഷം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ പ്രദേശത്ത് പൊലീസ് പരിശോധന തുടർന്നു. സംശയകരമായി സ്ഥലത്ത് കണ്ട ജിന്റോയോടും പ്രിൻസിനോടും പൊലീസ് കാര്യങ്ങൾ തിരക്കി. കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജിന്റോ പൊലീസ് നടപടിയെ ചോദ്യം ചെയ്തു. തട്ടിക്കയറി.

ഇതോടെ ജിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയായിരുന്നു ജിന്റോയും സഹോദരനും ചേർന്ന് പൊലീസുകാരെ ആക്രമിച്ചത്.

കൂടുതൽ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജിന്റോ റൗഡി ലിസ്റ്റിലുള്ളത് പൊലീസ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ ആറ് കേസുകളാണ് ജിന്റോയ്ക്കെതിരെയുള്ളത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊലീസ് ജീപ്പ് ആക്രമിച്ചു തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്.