കോഴിക്കോട്: അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുമ്പോൾ അർജുന്‍ ആയങ്കിക്ക് സാമ്പത്തിക സഹായം നല്‍കിയതിനും പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിനുമാണ് നടപടി. ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് അജയ് പോലീസ് പിടിയിലാകുന്നത്.
അർജുൻ ആയങ്കിയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഫ്രീസ് ചെയ്തതിനെ തുടർന്ന്, കേസ് നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ അജയുടെ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴി ക്രൗഡ് ഫണ്ടിങ് നടത്തി പണം ശേഖരിക്കാനായി സ്വന്തം പേരിലുള്ള ക്യുആർ കോഡ് സ്‌കാനർ ഇയാൾ പ്രചരിപ്പിച്ചു. ഇത്തരത്തിൽ സമാഹരിച്ച പണം ഉപയോഗിച്ചാണ് അർജുൻ ആയങ്കിയുടെ അഭിഭാഷകർക്കുള്ള ഫീസും മറ്റ് ഒളിവുജീവിത ചെലവുകളും വഹിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

































