പത്തനംതിട്ട. കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള വഴിവിട്ട ബന്ധം തെളിഞ്ഞതിനെ തുടര്ന്ന് പൊലീസ് അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ നിഷാന്ത് പി ചന്ദ്രനെ സര്വീസില് നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വര്ണ്ണക്കവര്ച്ച കേസ് ഉള്പ്പെടെയുള്ള ക്രിമിനല് കേസുകളിലെ ഗുണ്ടാസംഘങ്ങളുമായി നിഷാന്തിന് ബന്ധമുണ്ടെന്ന പരാതിയില് ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കടുത്ത നടപടി.
ആരോപണങ്ങള് ഉയര്ന്നതിനെ തുടര്ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി നിഷാന്ത് സസ്പെന്ഷനിലായിരുന്നു. തുടര്ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തില് നിഷാന്ത് വിവിധി കേസുകളിലെ പ്രതികളായ ഗുണ്ടാസംഘങ്ങളുമായി നിരവധി തവണ ഫോണില് ബന്ധപ്പെട്ടതായും, ഇവര്ക്കൊപ്പം എടുത്ത ചിത്രങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചതായും കണ്ടെത്തി. കൂടാതെ തിരുവല്ല പൊലീസ് സ്റ്റേഷനില് ഇയാള്ക്കെതിരെ മുന്പും നിരവധി കേസുകളുണ്ട്. തൃശ്ശൂർ പീച്ചി സ്വർണ്ണക്കവർച്ചാ കേസിൽ ഉൾപ്പെട്ട ഗുണ്ടകളുമായി നിഷാന്തിന് അടുത്ത ബന്ധമുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പീച്ചി കവർച്ചാ കേസിലെ ഒന്നാം പ്രതിയായ തിരുവല്ല സ്വദേശി റോഷൻ, പത്താം പ്രതി കിരൺ എന്നിവരുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തുകയും, കുറ്റകൃത്യത്തിന് ശേഷം ഇവർക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കി നൽകുകയും ചെയ്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ഇതിനു മുൻപും ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ ഇയാൾ നടപടി നേരിട്ടിട്ടുണ്ട്. 2025 നവംബറിൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫോണിലൂടെ ഒരു സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തില് കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ സര്വീസില് നിന്ന് പിരിച്ചുവിടാതിരിക്കാന് കാരണമുണ്ടെങ്കില് 15 ദിവസത്തിനകം വിശദീകരണം നല്കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവി നേരത്തെ നിഷാന്തിന് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്തിമ നടപടി.
പോലീസ് സേനയിലെ ഗുണ്ടാ-മാഫിയ ബന്ധങ്ങൾ വേരോടെ പിഴുതെറിയുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന കർശനമായ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമായാണ് ഇപ്പോൾ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളികളെ സഹായിക്കുകയും സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മാതൃകാപരമായ നടപടികൾ തുടരുമെന്ന് ഉയർന്ന പോലീസ് മേധാവികൾ വ്യക്തമാക്കി.

































