ജെഇഇ, നീറ്റ് പരീക്ഷാ രീതിയില്‍ മാറ്റത്തിനു നിര്‍ദേശം
സ്‌കൂള്‍ സിലബസും നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകളുടെ സിലബസും തമ്മില്‍ പൊരുത്തമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടു നല്‍കി. സ്‌കൂള്‍ പഠനത്തിനൊപ്പം പ്രവേശന പരീക്ഷയ്ക്ക് അതികഠിനമായ പരിശീലനം വേണ്ടിവരുന്നു. പ്രവേശന പരീക്ഷകളുടെ രീതിയില്‍ മാറ്റം വേണമെന്ന് സമിതി നിര്‍ദേശിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.
നേപ്പാള്‍ പ്രളയം: മരണസംഖ്യ 389 ആയി
നേപ്പാള്‍ പ്രളയത്തില്‍ മരണസംഖ്യ 389 ആയി. മരിച്ച ഇന്ത്യക്കാരുടെ വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്സ്വാള്‍. കാണാതായ 1,500 പേരില്‍ 34 മലയാളികള്‍ ഉള്‍പെടെ 288 പേര്‍ ഇന്ത്യക്കാരാണ്. ആയിരക്കണക്കിന് ജനങ്ങളെക്കുറിച്ച് വിവരമില്ലെന്ന് ദുരന്ത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി ബലേന്ദ്ര ഷാ. പല ഗ്രാമങ്ങളും ചളിക്കണ്ടമായി മാറി. ഗതാഗത, വാര്‍ത്താ വിനിമയ സംവിധാനം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതായി. നേപ്പാളിലെ കവിഞ്ഞൊഴുകുന്ന നാരായണി നദിയുടെ തുടര്‍ച്ചയായ ബിഹാറിലെ ഗണ്ഡക് നദിയില്‍നിന്ന് ഏതാനും മൃതദേഹങ്ങള്‍ കണ്ടെത്തി.
ദുരിത മേഖലയില്‍നിന്ന് 53 മലയാളികള്‍ ബന്ധപ്പെട്ടു
നേപ്പാളിലെ ദുരിത മേഖലയില്‍നിന്ന് 53 മലയാളികള്‍ നോര്‍ക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോര്‍ക്ക സിഇഒ അറിയിച്ചു. മലയാളികള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്. എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേപ്പാളിലേക്കു പോയവരുടെ കണക്ക് ട്രാവല്‍ ഏജൻസികളുടെ സഹകരണത്തോടെ ശേഖരിക്കുന്നുണ്ട്. വിസ ആവശ്യമില്ലാത്ത നേപ്പാളിലേക്ക് സ്വന്തമായി പോയ സംഘങ്ങളുമുണ്ട്. കുടുങ്ങിക്കിടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടുന്നുണ്ട്.
ഈ ഓണം കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സ് ഒരുങ്ങി
ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ തൃശൂരിലെ പുളിമൂട്ടില്‍ സില്‍ക്‌സ് ഏറ്റവും പുതിയ ഓണം കളക്ഷന്‍സുമായി എത്തിയിരിക്കുന്നു. മനോഹരമായ സാരികള്‍, എത്നിക് & ട്രെന്‍ഡി ലേഡീസ് വെയര്‍, ബ്രാന്‍ഡഡ് മെന്‍സ് വെയര്‍ കളക്ഷന്‍സ്, കിഡ്‌സ് സ്‌പെഷ്യല്‍ കളക്ഷന്‍സ് തുടങ്ങി ഓണത്തിന് കുടുംബത്തിന് മുഴുവന്‍ അണിയാനുള്ള ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ ഒരുങ്ങി കഴിഞ്ഞു. കൂടാതെ എന്‍ഗേജ്‌മെന്റ്, കല്യാണം, ഹല്‍ദി തുടങ്ങിയ മംഗല്യ മുഹൂര്‍ത്തങ്ങള്‍ക്കായുള്ള സാരികള്‍, ലെഹങ്കകള്‍ എന്നിവയുടെ ഏറ്റവും വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ ഓണം സീസണ്‍ കഴിയുന്നതു വരെ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. (Pulimoottil Silks, Palace Road, Thrissur)
ശ്രീനാരായണ ഗുരു ജയന്തിയും അയ്യങ്കാളി ജയന്തിയും ഇന്ന്
ഇന്നു ശ്രീനാരായണ ഗുരു ജയന്തി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി. ചെമ്പഴന്തി, ശിവഗിരി അടക്കം സംസ്ഥാനത്തുടനീളം ജയന്തി സമ്മേളനങ്ങളും ഘോഷയാത്രയും നടക്കും. അയ്യങ്കാളി ജയന്തിയും ഇന്നാണ്.
24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം: കെജിഎംഒഎ എതിര്‍പ്പ്
സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിലൂടെ പദ്ധതി നടപ്പാക്കാനാവില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ എണ്ണൂറോളം ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. ഇതിനു പുറമേ, സ്പെഷലൈസ് ചെയ്ത ഡോക്ടര്‍മാരേയും നിയമിക്കണം. അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന അഭ്യൂഹം: പൊലീസ് അന്വേഷണം
സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജോണ്‍ മേനോന്‍ എന്ന പേരില്‍ ജീവനോടെയുണ്ടെന്ന അഭ്യൂഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസ് ഇന്റര്‍പോളിനു കത്തു നല്‍കും. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കാനിരിക്കേയാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നത്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വൈകി: ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി
ഓട്ടോറിക്ഷയ്ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് മരിച്ചത്. ഏജന്റിനെ ഒഴിവാക്കി പത്തു മാസമായി കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസ് കയറിയിറങ്ങി. ഫിറ്റ്നസ് തരാതെ പലതവണ തിരിച്ചയച്ച മോട്ടോര്‍ വാഹന വകുപ്പാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സര്‍ക്കാര്‍ നിയോഗിച്ചു. രൂപമാറ്റങ്ങള്‍ മൂലമാണ് ഫിറ്റ്നസ് നല്‍കാതിരുന്നതെന്നാണു ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട്.
കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്
കൂത്താട്ടുകുളം കാക്കൂരില്‍ വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. മുന്നിലെ ഇരുചക്രവാഹന യാത്രക്കാരന്‍ വലതുവശത്തെ പെട്രോള്‍ പമ്പിലേക്ക് കയറാന്‍ പെട്ടെന്ന് ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍
ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷന്‍ – ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉള്‍ക്കൊള്ളുന്ന വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്‍.
എംബിബിഎസ് ഫീസ് സ്റ്റേയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങാവൂവെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ വൈകുന്നത് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതിയ മെത്രാപ്പോലീത്താമാര്‍
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കു നാലു മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. ഫാ. എല്‍ദോസ് എ.എ., ഫാ. സാംജി റ്റി. ജോര്‍ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള്‍ റമ്പാന്‍ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാര്‍. അസോസിയേഷന്‍ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് പേരുകള്‍ പ്രഖ്യാപിച്ചത്.
ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍
സിറോ മലബാര്‍ സഭയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി വികാരി ജനറലായ ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. സിനഡിന്റെ തീരുമാനത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കള്ളക്കടൽ മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നു കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒരുമീറ്ററിലേറെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകും.
നീറ്റ് ചോദ്യപേപ്പര്‍ പ്രതിഷേധം: കേരളത്തില്‍ 36 കേസുകള്‍
നീറ്റ് ചോദ്യപേപ്പര്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേരളത്തില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരത്തു പത്ത് കേസുകളുണ്ട്. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കിയ കേസുമുണ്ട്.
അമൃതവേണി ഉല്‍പ്പന്നങ്ങള്‍
Amrutveni DandroQit: കഠിനമായ താരനെ ഫലപ്രദമായി പ്രതിരോധിക്കാനും സ്‌കാല്‍പ്പിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ്. തലയിലെ താരന്‍, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നിവയെ നിയന്ത്രിക്കുവാനും, ശിരോചര്‍മ്മത്തിലെ കുരുക്കള്‍, നിരന്തരമായ dryness എന്നിവയെ ശമിപ്പിക്കുവാനും ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 18001022339
Amrutveni LiceQit: സ്‌കാല്‍പ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവര്‍ത്തിച്ച് പേനുകളെയും അവയുടെ മുട്ടകളെയും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ നീക്കം ചെയ്യുന്നു. പ്രകൃതിയില്‍ നിന്നുള്ള Natural ingredients ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്കും safe ആണ്.
കോഴിക്കോട് മാടക്കര പള്ളിയില്‍ പൊലീസ് അതിക്രമം: അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം
കോഴിക്കോട് മാടക്കര മുസ്ലിം പള്ളിയില്‍ പൊലീസ് കയറിയ സംഭവത്തില്‍ ചോമ്പാല എസ്എച്ച്ഒ ഷമീല്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു.
എം.സി റോഡില്‍ കെഎസ്ആര്‍ടിസി ബസ്സും പെട്രോള്‍ ലോറിയും കൂട്ടിയിടിച്ചു
തിരുവനന്തപുരം എം.സി റോഡില്‍ വട്ടപ്പാറ കണക്കോടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും പെട്രോള്‍ ലോറിയും കൂട്ടിയിടിച്ച് 26 പേര്‍ക്കു പരിക്ക്. തമ്പാനൂരില്‍നിന്നു കിളിമാനൂരിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് രാത്രി പതിനൊന്നോടെ കൂട്ടിയിടിച്ചത്.
സണ്ണി എം കപിക്കാടിനെതിരെ കേസ്
ശബരിമല അയ്യപ്പന്റെ ‘നൈഷ്ഠിക ബ്രഹ്‌മചര്യ’ത്തെ പരിഹസിച്ചു പ്രസംഗിച്ച സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിതിരെ കേസ്. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്ന് പന്തളം കൊട്ടാരവും ശബരിമല കര്‍മ്മസമിതിയും ആവശ്യപ്പെട്ടു.
ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന
ഓണക്കാലത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യം വിറ്റ് ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും. കഴിഞ്ഞ വര്‍ഷം ഇതേ എട്ട് ദിവസങ്ങളില്‍ 694.96 കോടി രൂപയുടെ മദ്യമാണു വിറ്റത്. ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യം വിറ്റു.
സപ്ലൈക്കോ ഓണക്കാല വിറ്റുവരവ് 433.81 കോടി രൂപ
സപ്ലൈക്കോയുടെ ഓണക്കാലത്തെ 35 ദിവസത്തെ വിറ്റുവരവ് 433.81 കോടി രൂപ. കഴിഞ്ഞ വര്‍ഷം 385 കോടി രൂപയായിരുന്നു. 48 കോടിയുടെ വര്‍ധന.
ഓപ്പറേഷന്‍ തൂഫാന്‍: 30 പേര്‍ കൂടി അറസ്റ്റില്‍
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 27 കേസുകളിലായി 30 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9733 ആയി ഉയര്‍ന്നു.
കൈരളി അഗ്രികള്‍ച്ചര്‍ എം.എസ്.സി.എസ്
കാര്‍ഷിക സമൂഹങ്ങള്‍ക്കുള്ളില്‍ സാമൂഹിക-സാമ്പത്തിക വികസനം പരിപോഷിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി ഉത്തരവാദിത്തമുള്ള രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ഷിക ഭൂപ്രകൃതിയില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് കൈരളി അഗ്രികള്‍ച്ചര്‍ എംഎസ്സിഎസിന്റെ ദൗത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 53 ശാഖകളുടെ ശൃംഖല. സുസ്ഥിര കാര്‍ഷിക സംരംഭങ്ങളില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍. ബിസിനസ് പങ്കാളികളാകാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 8078900222
താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ ഫാക്ടറി പൂട്ടാന്‍ ധാരണ
താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി പൂട്ടാന്‍ ധാരണ. കമ്പനിയുടെ ഉടമകളില്‍നിന്ന് ഉറപ്പ് ലഭിച്ചതായും കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി അറിയിച്ചു. മാര്‍ച്ച് 31 നകം പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ധാരണ. കേസുകള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.
എഴുത്തുകാരന്‍ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് കണ്ണൂരില്‍ അന്തരിച്ചു. 80 വയസായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരൂരില്‍ ആര്‍പിഎഫ് എഎസ്ഐക്ക് മര്‍ദ്ദനമേറ്റു
ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ തിരൂര്‍ ആര്‍പിഎഫ് എഎസ്ഐക്ക് മര്‍ദ്ദനമേറ്റു. ആക്രമിച്ച ആസാം സ്വദേശിയായ പങ്കജ് ദൊളായിയെ അറസ്റ്റു ചെയ്തു.
ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു
ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ച തേവര്‍ (62) ആണ് മരിച്ചത്. ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു
ഷാര്‍ജയില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടി മരിച്ചു. മുബാറക് അലിയുടെയും മുര്‍ഷിദയുടെയും ഏക മകള്‍ സഫ മുബാറക് ആണ് മരിച്ചത്.
പത്തനംതിട്ടയില്‍ തിരുവോണത്തിരക്കിനിടെ കാറിടിച്ച് ഒരാള്‍ മരിച്ചു
പത്തനംതിട്ടയില്‍ തിരുവോണത്തിരക്കിനിടെ കാറിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ചിരുന്ന പുത്തന്‍ പീടിക സ്വദേശി ജിനു (46) അറസ്റ്റിലായി. അപകടത്തില്‍, വിരമിച്ച അഗ്‌നിശമന സേനാംഗമായ, പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിശ്വജിത്തിനും കാറിടിച്ചു ഒമ്പതു പേര്‍ക്കും പരിക്കേറ്റിരുന്നു.
കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം
കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുരുവായൂര്‍ സ്വദേശി അദീപിനെ പിടികൂടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് സ്വര്‍ണം തട്ടിയ പ്രതി പിടിയില്‍
സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് സ്വര്‍ണം തട്ടിയ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സമീര്‍ ആണ് കോഴിക്കോട് ഒടുമ്പ്രയിലെ വി ഗോള്‍ഡില്‍നിന്നു സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായത്.
സുഭാഷ് ചന്ദ്രയുടെ കടബാധ്യത ഇളവു ചെയ്ത നടപടിയില്‍ വിമര്‍ശനം
ബിജെപി മുന്‍എംപിയും മാധ്യമ പ്രമുഖനും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്ര വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ തിരിച്ചടയ്ക്കാനുള്ള 22,000 കോടി രൂപയുടെ കടബാധ്യത നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ആറര കോടി രൂപ മാത്രമാക്കി ഇളവു നല്‍കി. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീര്‍പ്പാക്കിയിത്. അതേസമയം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ വിവാദ ഉത്തരവിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കാന്‍ ട്രൈബ്യൂണല്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍ നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം എന്നാണ് ട്രൈബ്യൂണലിനെ വിശേഷിപ്പിച്ചത്.
ജാതി സംവരണം: കേന്ദ്രമന്ത്രി ജെ പി നദ്ദ സമരക്കാരുമായി ചര്‍ച്ച നടത്തി
ജാതി സംവരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചവരുടെ നേതാക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചര്‍ച്ച നടത്തി. സമരക്കാരുടെ പ്രതിനിധികളായ ഹര്‍ഷ ദുബെ, റാന്‍ ബഹാദൂര്‍ സിംഗ് ചൗഹാന്‍, മൃത്യുഞ്ജയ് പഥക് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സാമ്പത്തിക സംവരണം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.
കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റും ഇന്‍സ്ട്രക്ടര്‍ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. ഗംഗ നദിയോട് ചേര്‍ന്ന നാത്തുപൂര്‍വ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിന്‍ വിമാനം തകര്‍ന്നുവീണത്.
ഉത്തര്‍ പ്രദേശില്‍ ഹരിയാന്‍വി ഗായകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ഉത്തര്‍ പ്രദേശില്‍ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷാംലി ജില്ലയിലാണ് സംഭവം. ജിമ്മിന് പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അങ്കിത് ബാലിയന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍
ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധനവും അവതരിപ്പിച്ചതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വര്‍ദ്ധിപ്പിച്ച് ‘നീല സമ്പദ്വ്യവസ്ഥ’ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഐഎഎസ് ചമഞ്ഞ് പണം തട്ടിയ സഹോദരങ്ങളും സഹോദരിയും അറസ്റ്റില്‍
ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് 9.8 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരിയേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലെ ചന്ദേരി പോലീസാണ് തൃപ്തി സിംഗ് രാജ്പുത്, സഹോദരന്‍ സുധാംശു രാജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം
ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം. ഒമാനിലെ ഖസബ് തീരത്തെ കപ്പലില്‍ അജ്ഞാത പ്രൊജക്റ്റൈല്‍ പതിച്ചതുമലം കപ്പലിനു തീപിടിച്ചു. തീ അണച്ചെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നുമാണു റിപ്പോര്‍ട്ട്.
‘മക്ക കരാറില്‍’ ചേരാന്‍ ബംഗ്ലാദേശ് ആലോചിക്കുന്നു
സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ ‘മക്ക കരാറില്‍’ ചേരാന്‍ ബംഗ്ലാദേശ് ആലോചിക്കുന്നു. ജിദ്ദയില്‍ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീറും സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി.
അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് ഇറാന്‍
അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാമെന്ന് ഇറാന്‍. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ജാസിം അല്‍താനിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.
സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മുതല്‍ വാക്സിന്‍ ഉല്‍പ്പാദനം
അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ തദ്ദേശീയമായി വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ബയോമെഡിക്കല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈര്‍ ഇന്‍ഡസ്ട്രി ആന്‍ഡ് ബിസിനസ് സിറ്റിയില്‍ 42,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഫാക്ടറിയുടെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി.
പ്രശസ്ത ഹോളിവുഡ് നടന്‍ ടിം കറി അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടന്‍ ടിം കറി അന്തരിച്ചു. 80 വയസായിരുന്നു. ‘ദി റോക്കി ഹൊറര്‍ പിക്ചര്‍ ഷോ’യിലെ ഡോ. ഫ്രാങ്ക്-എന്‍-ഫര്‍ട്ടര്‍ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം.
ആലപ്പി റിപ്പിള്‍സിന് തകര്‍പ്പന്‍ ജയം
മഴയെ തുടര്‍ന്ന് ഏഴ് ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിതിരെ 74 റണ്‍സിന്റെ വിജയവുമായി ആലപ്പി റിപ്പിള്‍സ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടാനായത്. ആലപ്പുഴയുടെ സിബിന്‍ ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില പൊരുതി നേടി ശ്രീലങ്ക. രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കി. ഫോളോഓണ്‍ വഴങ്ങി വീണ്ടും ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സാണ് ശ്രീലങ്ക നേടിയത്. 264 പന്തില്‍ 133 റണ്‍സുമായി പുറത്താവാതെ നിന്ന സോണല്‍ ദിനുഷയാണ് ആതിഥേയര്‍ക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു.
വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം
വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. പ്ലേ ഓഫ് പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കു കീഴടക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്.
യുറഗ്വായ്‌ക്കെതിരേ കൊല്‍ക്കത്തയില്‍ ഇന്ത്യ കളിക്കും
ലോകകപ്പ് ഫുട്ബോളിലെ സൂപ്പര്‍ ടീമായ കബോ വെര്‍ദെ ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. എന്നാല്‍ ബ്രസീലിനു പിറകേ, മുന്‍ ലോകചാമ്പ്യന്മാരായ യുറഗ്വായ്‌ക്കെതിരേ കൊല്‍ക്കത്തയില്‍ ഇന്ത്യ കളിക്കും. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ആഫ്രിക്കന്‍ ടീമായ കബോ വെര്‍ദെയുമായി ഇന്ത്യ കളിച്ചേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല.
കൗമാരക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റ പുതിയ കരാറില്‍ ഒപ്പുവെച്ചു
കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി മെറ്റാ കമ്പനി യുഎസ് സംസ്ഥാനങ്ങളുമായി 16.7 ബില്യണ്‍ ഡോളറിന്റെ സുപ്രധാനമായ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി കൗമാരക്കാരുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 മണി വരെ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. കൂടാതെ രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ പുഷ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കും. സ്‌ക്രീന്‍ സമയം പ്രതിദിനം രണ്ട് മണിക്കൂര്‍ എന്ന ഡിഫോള്‍ട്ട് പരിധി നിശ്ചയിക്കും. അദ്ധ്യയന പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കും. സ്വയം ക്രമീകരിക്കുന്ന ‘പേഴ്സണലൈസ്ഡ് ഫീഡ്’ നാല് മാസത്തിനുള്ളില്‍ കൗമാരക്കാര്‍ക്ക് ഒഴിവാക്കും. കൂടാതെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന ലൈക്ക് കൗണ്ടുകള്‍ ഡിഫോള്‍ട്ടായി മറച്ചുപിടിക്കും. 14 ദിവസത്തിനകം പ്രായം തെളിയിക്കാത്ത അക്കൗണ്ടുകള്‍ കൗമാരക്കാരുടേതായി കണക്കാക്കും.
‘തേന്മാവിന്‍ കൊമ്പത്ത്’ 4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസിന്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങളിലൊന്നായ ‘തേന്മാവിന്‍ കൊമ്പത്ത്’ 4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് സെപ്റ്റംബറോടെ എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1994 ല്‍ പുറത്തിറങ്ങിയ ‘തേന്മാവിന്‍ കൊമ്പത്ത്’ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ ഒറിജിനല്‍ 35എംഎം പ്രിന്റില്‍ നിന്ന് നേരിട്ട് 4കെ സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കി ഡോള്‍ബി അറ്റ്മോസില്‍ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
നിവിന്‍ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടി ക്ലബ്ബിലെത്തി
നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടി ക്ലബ്ബിലെത്തി. പൃഥ്വിരാജ് ചിത്രം ഖലീഫയായിരുന്നു ഒപ്പമിറങ്ങിയത്. ഖലീഫയെ പിന്നിലാക്കി ഓണം വിന്നറായ നിവിന്‍ പോളി ചിത്രം കുതിച്ച് കയറുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോഴാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് 100 കോടി പിന്നിടുന്നത്. ആഗോളതലത്തില്‍ ഇതുവരെ ചിത്രം നേടിയത് 110.73 കോടി രൂപയാണ്. നിവിന്‍ പോളിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണിത്. പോയ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായയായിരുന്നു ആദ്യം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ നിവിന്‍ പോളി ചിത്രം. അതേസമയം ചിത്രത്തിലെ നായികയായ മമിത ബൈജുവിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഹോണ്ട റിബല്‍ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ റിബല്‍ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.22 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ- ക്ലച്ച് വകഭേദത്തിന് വില കൂടും. 2.62 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്ത്. ഇത് ഏകദേശം 30 ബിഎച്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പിഡ് ഗിയര്‍ ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും ഗിയര്‍ മാറ്റാനും സഹായിക്കുന്ന ഇ-ക്ലച്ച് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ട്യൂബുലര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അലോയ് വീല്‍ ആണ് മറ്റൊരു പ്രത്യേകത. സര്‍ക്കുലര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണ് മറ്റൊരു ഫീച്ചര്‍. ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കും.
‘ഓര്‍മകളുടെ തിരശ്ശീല’ പുസ്തകം പുറത്തിറങ്ങി
മലയാള സിനിമയെ അതിന്റെ സാങ്കേതിക വളര്‍ച്ചയിലൂടെയോ സിനിമാചരിത്രത്തിന്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതില്‍ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം. മലയാള സിനിമയുടെ തിരശ്ശീലയില്‍ ഏഴ് പതിറ്റാണ്ടുകളിലൂടെ മാറിമാറി വന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരികവുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്തകം. ‘ഓര്‍മകളുടെ തിരശ്ശീല’. ഡോ. റജുലാല്‍ റഫീഖ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 203 രൂപ.
പേരയിലയുടെ ആരോഗ്യഗുണങ്ങള്‍
ദഹനം മെച്ചപ്പെടുത്തുന്നത് മുതല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ നിരവധി ഗുണങ്ങളുള്ള ഒന്നാണ് പേരയുടെ ഇല. ദിവസവും രാവിലെ വെറും വയറ്റില്‍ പേരയില ചവയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാനും പേരയില സഹായിച്ചേക്കാം. ദിവസവും പേരയില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഒരാള്‍, പേരയിലയെ മരുന്നായി കണ്ട് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുന്നോട്ട് പോകുക. വായ ഫ്രഷായി സൂക്ഷിക്കാന്‍ ദിവസവും പേരയില ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതിനൊപ്പം രാവിലെ പല്ല് തേക്കുന്നതും, നാവ് വൃത്തിയാക്കുന്നതും, കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറെ കാണുന്നതും അത്യാവശ്യമാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ഒന്നാണ് പേരയില. ശരീരത്തില്‍ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിനെതിരെ പോരാടാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. വായുടെ ആരോഗ്യം നിലനിര്‍ത്താന്‍ പേരയില ചവയ്ക്കുന്നത് നല്ലതാണ്. അതേസമയം നിങ്ങളുടെ മോണയില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കില്‍, വായില്‍ നിന്ന് സ്ഥിരമായി ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ പല്ലുവേദനയുണ്ടെങ്കില്‍, തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഈ കാര്യങ്ങള്‍ അവഗണിക്കരുത്.




























